പാലക്കാട്ട് എന്തുവില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കണം; ഇടത് അനുഭാവികളുടെ അടക്കം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വരണം; സ്ഥാനാര്‍ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; എഐസിസിക്ക് ഡിസിസി അയച്ച കത്ത് പുറത്തുവന്നു; ഇനി പ്രസക്തിയില്ലെന്ന് വി ഡി സതീശന്
പാലക്കാട്ട് ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍, ഡിസിസി നിര്‍ദ്ദേശിച്ചത് മുതിര്‍ന്ന നേതാവ് കെ മുരളീധരനെ എന്ന് വെളിപ്പെടുത്തല്‍. ഇത് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നു. ഡിസിസി അദ്ധ്യക്ഷന്‍ എ.തങ്കപ്പന് ഹൈക്കമാന്‍ഡിന് നല്കിയ കത്താണ് പുറത്തായത്. ബിജെപി മുന്നേറ്റം തടയാന്‍ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി.സതീശന്, എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്ക് അയച്ച കത്താണ് പുറത്ത് വന്നത്.
പാലക്കാട് ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിലുണ്ട്. പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെ വേണം. ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാനാവൂ. മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്ഠ്യേന കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു തരത്തിലും പരീക്ഷണം നടത്താന്‍ സാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെയാണെന്ന കാര്യം വ്യക്തമാണ്. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന ഡോ.പി.സരിന് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്കെതിരെ രംഗത്ത് വരികയും പുറത്താക്കപ്പെടുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും കലാപത്തിന് ഇറങ്ങിയ പുറപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയെങ്കിലും സരിനുമായുളള കൂടിക്കാഴ്ചയെ തുടര്‍ന്ന് പിന്മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ താല്പര്യപ്രകാരം വന്ന സ്ഥാനാര്‍ഥിയാണെന്നും വി ഡി സതീശനാണ് അതിന് കുട പിടിച്ചതെന്നുമാണ് സരിന് ആരോപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും സരിന് ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് സമയത്തെ തമ്മിലടി കോണ്‍ഗ്രസിന് തലവേദനയായി മാറുകയും ചെയ്തു.
അതേസമയം ഈ കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. അതൊക്കെ കഴിഞ്ഞുപോയ അധ്യായമാണ്. പലരും സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കും. അതില്‍ നിന്നെല്ലാം കൂടിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നു. അതാണ് പരിഗണിച്ചതെന്നും വി.ഡി. സതീശന് പറഞ്ഞു.