'അമ്മയെ' തള്ളിപ്പറയില്ല! ഒരു ലക്ഷം പോസ്റ്ററുകള്‍ പാഴായിട്ടും പതറാതെ ജോസഫ് വാഴയ്ക്കന്‍; മറുകണ്ടം ചാടുമെന്ന് പറഞ്ഞവര്‍ക്ക് മുഖത്തടിച്ചപോലൊരു മറുപടി! ഏറ്റുമാനൂരില്‍ സംഭവിച്ചത് എന്ത്? മൂവര്‍ണ്ണക്കൊടി വിട്ടുള്ള കളിയില്ലെന്ന് 'ആണയിട്ട്' വാഴയ്ക്കന്‍! കോണ്‍ഗ്രസ് പാളയത്തില്‍ ആശ്വാസം
ഒരു ലക്ഷം പോസ്റ്ററുകള്‍ പാഴായിട്ടും പതറാതെ ജോസഫ് വാഴയ്ക്കന്‍;
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍, ഏറ്റുമാനൂര്‍ മണ്ഡലത്തില്‍, ജോസഫ് വാഴയ്ക്കന്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പാടേ തള്ളി കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് ഒരു ലക്ഷം പോസ്റ്ററുകളാണ് ജോസഫ് വാഴയ്ക്കന് വേണ്ടി തയ്യാറാക്കിയത്. പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രിന്റ് ചെയ്തതിന് ശേഷമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ലെന്ന വിവരം പുറത്തുവന്നത്. നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്‌ലെക്‌സ് ബോര്‍ഡുകളും തയ്യാറാക്കിയതെന്ന് നേരത്തെ ജോസഫ് വാഴയ്ക്കന്‍ പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കുവിരാമമിട്ടുകൊണ്ടാണ്, പാര്‍ട്ടിയോടുള്ള തന്റെ അചഞ്ചലമായ കൂറ് അദ്ദേഹം കുറിപ്പിലൂടെ പരസ്യമാക്കിയിരിക്കുകയാണ്.
2004 മുതല്‍ 2021 വരെ പാര്‍ട്ടിയുടെ മുഖ്യ വക്താവായിരുന്ന താന്‍, പ്രതിസന്ധിഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന ചരിത്രം അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടിയെ 'അമ്മ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രസ്ഥാനം നല്‍കിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഏറ്റുമാനൂരില്‍ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വന്നത്. അവസാന നിമിഷം ഉണ്ടായ ഈ മാറ്റം വ്യക്തിപരമായി പ്രയാസമുണ്ടാക്കിയെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും, അത് പാര്‍ട്ടിയുടെ ഐക്യത്തെ ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ വലുത് കേരളത്തെ ഇടത് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. യുഡിഎഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി നീങ്ങേണ്ട സമയമാണിതെന്ന് അദ്ദേഹം അണികളെ ഓര്‍മ്മിപ്പിക്കുന്നു.: ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നാട്ടകം സുരേഷിന് ആശംസകള്‍ നേര്‍ന്ന വാഴയ്ക്കന്‍, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിയെ പരാജയപ്പെടുത്തുക എന്നത് കേരളത്തിന്റെ ആവശ്യമാണെന്നും പ്രഖ്യാപിച്ചു.
സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പലയിടത്തും വിമതസ്വരങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, ജോസഫ് വാഴയ്ക്കന്റെ ഈ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. 'ജോസഫ് വാഴയ്ക്കന്‍ രാഷ്ട്രീയം തുടങ്ങിയത് കോണ്‍ഗ്രസിന്റെ പതാക പിടിച്ചാണ്, അവസാനവും കയ്യില്‍ ആ മൂവര്‍ണ്ണക്കൊടി തന്നെയാകും' എന്ന വാചകത്തോടെയാണ് കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
ജോസഫ് വാഴയ്ക്കന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം വന്നിരിക്കുകയാണ്. വാര്‍ത്തകളില്‍ എന്റെ പേരും നിറയുന്ന ഈ നിമിഷം ചിലത് പറയാനുണ്ട്. ജോസഫ് വാഴയ്ക്കന്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. കോട്ടയം ജില്ലയിലെ രാമപുരത്തെ കെ എസ് യൂ പ്രവര്‍ത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനം ഏതാണ്ട് അന്‍പത് വര്‍ഷത്തേക്ക് കടക്കുമ്പോള്‍ എന്റെ പേരിനൊപ്പം പറയുന്ന കോണ്‍ഗ്രസ് എന്നതാണ് എന്റെ ഐഡന്റിറ്റി.
ഒന്നുമല്ലാതിരുന്ന ഒരു കെ എസ് യൂ പ്രവര്‍ത്തകനില്‍ നിന്ന് കെ എസ് യൂവിന്റെ സംസ്ഥാന അധ്യക്ഷനും, യൂത്ത് കോണ്‍ഗ്രസ് നേതൃ പദവികളും, കെപിസിസിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി ഒട്ടേറെ പദവികള്‍ എനിക്ക് നല്‍കിയതും അതിലൂടെ എനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നതും എന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.
2004 മുതല്‍ 2021 വരെ പാര്‍ട്ടിയുടെ വക്താക്കളില്‍ ഒരാളായി എല്ലാ പ്രതിസന്ധികളിലും ദൃശ്യ പത്ര മാധ്യമങ്ങളിലും പൊതുവേദികളിലും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നൊരാളാണ് ഞാന്‍. മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ ഈ പാര്‍ട്ടി എനിക്ക് എന്റെ അമ്മയെ പോലെയാണ്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം തൊട്ട് കേരളത്തിന്റെ നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതും പാര്‍ട്ടിയാണ്. ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായി നില്‍ക്കുന്ന നേതാക്കളോടൊപ്പം ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ചോരയും നീരും പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഞാന്‍.
തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഏറ്റുമാനൂര്‍ സീറ്റ് ശ്രദ്ധിക്കണം എന്ന് നേതൃത്വമാണ് എന്നോട് ആവശ്യപെട്ടത്. ആ വാക്ക് അനുസരിച്ചു ഏറ്റുമാനൂരില്‍ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും കടന്ന് പ്രവര്‍ത്തനം മുന്നോട്ട് പോയിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ ഒറ്റപേര് മാത്രമേയുള്ളു എന്ന് നേതൃത്വം അവസാന നിമിഷവും അറിയിച്ചതിനെ തുടര്‍ന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വളരെയേറെ മുന്നോട്ട് പോയിരുന്നു. കാരണം ഇലക്ഷന് വളരെ കുറച്ചു ദിവസം മാത്രമേയുള്ളൂ എന്നത് കൊണ്ടാണ്. അവസാന നിമിഷം തീരുമാനം മാറ്റുമ്പോള്‍ സ്വഭാവികമായും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് നേതൃത്വത്തോട് പ്രകടിപ്പിച്ചു എന്നത് സത്യമാണ്.
എന്നാല്‍ അത് പാര്‍ട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള മുന്നോട്ട് പോക്കിന് തടസമോ ബുദ്ധിമുട്ടോ സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടല്ല. പിണറായി ഭരണത്തില്‍ നിന്നും കേരളത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള യാത്രയില്‍ നാം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണ്. എന്നെ ഞാന്‍ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇന്നലെകളില്‍ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാട്. യൂ ഡി എഫ് മുന്നണിക്കായി ജനവിധി തേടുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ഏറ്റുമാനൂരില്‍ ജനവിധി തേടുന്ന പ്രിയപ്പെട്ട അനിയന്‍ നാട്ടകം സുരേഷിന് ആശംസകള്‍ നേരുന്നു. ശബരിമല കൊള്ളയടക്കം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രിയെ ഇവിടെ പരാജയപ്പെടുത്തുക എന്നത് കേരളത്തിന്റെ ആവശ്യമാണ്. അതിനായുള്ള പോരാട്ടത്തിന് അഭിവാദ്യങ്ങള്‍.
ജോസഫ് വാഴയ്ക്കന്‍ രാഷ്ട്രീയം തുടങ്ങിയത് കോണ്‍ഗ്രസിന്റെ പതാക പിടിച്ചാണ്. അവസാനവും കൈയില്‍ ഒരു പതാക മാത്രമേ കാണു. അത് കോണ്‍ഗ്രസിന്റെ മൂവര്‍ണ്ണ കൊടി തന്നെയായിരിക്കും.
