തിരുവനന്തപുരത്ത് കളി മാറ്റി ബിജെപി! സുരേന്ദ്രന്‍ പിള്ളയെ പരിഗണിച്ചില്ല; കരമന ജയന്‍ സ്ഥാനാര്‍ത്ഥിയാകും; ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബി.എസ് അനൂപ് ബിജെപിയില്‍; കോവളത്ത് ഐഎസ്‌ജെഡി വിട്ടെത്തിയ ടി.എന്‍.സുരേഷും; 'തൊണ്ടിമുതലില്‍' തട്ടി എല്‍ഡിഎഫ് പാളയത്തില്‍ സ്ഥാനാര്‍ത്ഥി ദാരിദ്ര്യം

തിരുവനന്തപുരത്ത് കരമന ജയന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

Update: 2026-03-20 10:30 GMT

തിരുവനന്തപുരം: കരമന ജയന്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. അടിത്തട്ടിലെ പ്രവര്‍ത്തന പരിചയവും മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള ആത്മബന്ധവും അളന്നുമുറിച്ചാണ് ബിജെപി നേതൃത്വം ജില്ലാ സിറ്റി പ്രസിഡന്റായ ജയനെ കളത്തിലിറക്കുന്നത്. എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രന്‍ പിള്ളയെ ബിജെപി പരിഗണിച്ചില്ല.

ചിറയിന്‍കീഴില്‍ 'കൈ' വിട്ട് അനൂപ്; കോവളത്ത് സുരേഷ് തിരിച്ചെത്തുന്നു!

യുഡിഎഫ് പാളയത്തില്‍ വന്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് കഴിഞ്ഞ തവണത്തെ ചിറയിന്‍കീഴ് സ്ഥാനാര്‍ത്ഥി ബി.എസ് അനൂപ് കാവിയണിഞ്ഞത്. മാരാര്‍ജി ഭവനില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അനൂപിനെ ഷാളണിയിച്ച് സ്വീകരിച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഞെട്ടി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു അനൂപ്

കോവളത്താകട്ടെ, 2016-ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി നിന്ന് 32,000-ല്‍ പരം വോട്ടുകള്‍ തൂത്തുവാരിയ ടി.എന്‍ സുരേഷ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാറുമ്പോള്‍ മത്സരം പ്രവചനാതീതമാകും. ഐഎസ്‌ജെഡി വിട്ടെത്തിയ സുരേഷിന്റെ കരുത്ത് ഇടത്-വലത് മുന്നണികളുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.

ആന്റണി രാജുവിന് 'തൊണ്ടിമുതല്‍' പാരയായി; എല്‍ഡിഎഫില്‍ പുകച്ചില്‍!

തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ അവസ്ഥ ദയനീയമാണ്. സിറ്റിംഗ് എംഎല്‍എ ആന്റണി രാജു തൊണ്ടിമുതല്‍ കേസില്‍ കുടുങ്ങി അയോഗ്യനായതോടെ അവിടെ ആര് നില്‍ക്കുമെന്ന കാര്യത്തില്‍ ഇപ്പൊഴും തര്‍ക്കം തുടരുന്നു.ആന്റണി രാജുവിനും പാര്‍ട്ടിക്കും ഇനിയും ഒരു പകരക്കാരനെ കണ്ടെത്താനായിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് ഇടതുമുന്നണിയുടെ പ്രചാരണത്തെ പാടെ തകര്‍ത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് പ്രാദേശിക നേതൃത്വത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


Tags:    

Similar News