മൂന്നുമാസം മുമ്പ് സരിന്റെ വോട്ട് ഒറ്റപ്പാലത്ത് നിന്ന് പാലക്കാട്ടേക്ക് മാറ്റി; ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന വൈസ് പ്രസിഡന്റിനും രണ്ടിടത്ത് വോട്ട്; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം; വോട്ടെടുപ്പ് അടുത്തപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് ആരോപണം

മൂന്നുമാസം മുമ്പ് സരിന്റെ വോട്ട് ഒറ്റപ്പാലത്ത് നിന്ന് പാലക്കാട്ടേക്ക് മാറ്റി

Update: 2024-11-14 13:41 GMT

പാലക്കാട്: പാലക്കാട് വോട്ടെടുപ്പിന് മുന്നോടിയായി ചൂടുകൂട്ടി കൊണ്ട് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും സിപിഎമ്മും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടെന്നും പിന്നില്‍ ബിജെപിയും സിപിഎമ്മുമാണെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന വൈസ് പ്രസിഡന്റിനും രണ്ടിടത്ത് വോട്ടുണ്ടെന്നാണ് ശ്രീകണ്ഠന്റെ ആരോപണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിനെതിരെയും വി.കെ. ശ്രീകണ്ഠന്‍ ആരോപണം ഉന്നയിച്ചു. മൂന്നു മാസം മുന്‍പാണ് ഒറ്റപ്പാലത്ത് നിന്ന് സരിന്‍ വോട്ട് മാറ്റിയതെന്നും ആറുമാസമാണ് ഇതിനുവേണ്ടതെന്നുമാണ് ശ്രീകണ്ഠന്‍ പറയുന്നത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.രഘുനാഥിനും ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസനും കോഴിക്കോടും പാലക്കാടും വോട്ടുണ്ടെന്നും ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. വ്യാജ വോട്ടില്‍ സിപിഎമ്മിലെയും ബിജെപിയിലെയും പ്രമുഖരുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണമെന്നും ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടുയ

അതേസമയം, ആരു തടഞ്ഞാലും വോട്ട് പാലക്കാട് ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസന്‍ പറഞ്ഞു. മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ജില്ലാ ഓഫിസ് കേന്ദ്രീകരിച്ചാണ്. ആ വിലാസത്തിലാണ് വോട്ട് ചേര്‍ത്തത്. അവസാന തിരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തത് പട്ടാമ്പിയിലാണ്. രണ്ടു സ്ഥലത്ത് വോട്ടുണ്ടെങ്കില്‍ റദ്ദാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും ഹരിദാസന്‍ പറഞ്ഞു.

പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ള ബിജെപി ജില്ലാ പ്രസിഡന്റ് അടക്കം പലരും മറ്റ് മണ്ഡലങ്ങളില്‍ ഉള്ളവരെന്നും അദ്ദേഹം പറഞ്ഞു.

പി .സരിന്‍ സ്ഥാനമോഹിയന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സരിന്‍ ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് വന്നതല്ല. സരിനെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനമോഹിയാണെങ്കില്‍ ഭരണഘടനാ സ്ഥാപനമായ സി ആന്‍ഡ് എ.ജിയില്‍ മികച്ച ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ വരേണ്ട കാര്യം സരിന് ഉണ്ടായിരുന്നില്ല. അവിടെ തന്നെ ഉന്നത സ്ഥാനത്ത് വിരമിക്കാന്‍ കഴിയുമായിരുന്നു.

സി.പി.എമ്മുമായി സഹകരിക്കുമ്പോള്‍ സരിന്‍ ആവശ്യപ്പെട്ടത് തന്റെ കഴിവിനേയും സാദ്ധ്യതകളേയും ഉപയോഗപ്പെടുത്തുമെന്ന ഉറപ്പ് മാത്രമാണെന്നും അല്ലാതെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന ധാരണയിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ അവിടെ അതല്ല സ്ഥിതി എന്ന് മനസ്സിലാക്കിയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. സരിന്‍ മിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. ഇക്കാര്യം കെ മുരളീധരനും ശശി തരൂരും പോലും പരസ്യമായി പറഞ്ഞുകഴിഞ്ഞതാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നു.

അതേ സമയം, വ്യാജ വോട്ടില്‍ നിന്ന് ജില്ലാ സെക്രട്ടറി ആദ്യം തടയേണ്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Tags:    

Similar News