ആ പുകഴ്ത്തുപാട്ട് മുഖ്യമന്ത്രിക്ക് 'ക്ഷാ ബോധിച്ചു! അധിക്ഷേപത്തിനിടെ കുറച്ചു പുകഴ്ത്തലാകാം; സകലമാന കുറ്റങ്ങളും എന്റെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ? വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കില്ല; സംഘഗാനത്തില്‍ പിണറായിയുടെ പ്രതികരണം ഇങ്ങനെ
ആ പുകഴ്ത്തുപാട്ട് മുഖ്യമന്ത്രിക്ക് 'ക്ഷാ ബോധിച്ചു!
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുമ്പോഴാണ് പിണറായി വിജയനെ പുകഴ്ത്തി കൊണ്ടുള്ള വ്യക്തിപൂജാ വിവാദം പാട്ടുരൂപത്തില്‍ എത്തിയത്. മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള സംഘഗാനമാണ് എത്തിയത്. ഈ ഗാന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഏറെ ചര്‍ച്ചയായ കാരണഭൂതന്‍ വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാനവും ഏറെ ചര്‍ച്ചയായിരുന്നു. വ്യാഴാഴ്ച സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക. ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍ എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തായതോടെയാണ് ഇത് വലിയ ചര്‍ച്ചയായത്.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍; 'വാര്‍ത്ത വന്നതല്ലേ, വാര്‍ത്തയില്‍ വന്നാല്‍ പിന്നെ ശ്രദ്ധയില്‍ പെടൂല്ലേ? ഞാനാ പാട്ട് എന്താണെന്ന് കേട്ടിട്ടില്ല. വല്ലാതെ അധിക്ഷേപിച്ചു കൊണ്ടിരിക്കുമ്പം ലേശം പുകഴ്ത്തല്‍ വന്നാല്‍ അതില്‍ വല്ലാത്ത അസ്വാസ്ഥ്യം ഉണ്ടാകും എന്നത് ഉറപ്പാണ്. അതില്‍ എനിക്ക് സംശയമില്ല. ഇങ്ങനെ ഒരു കാര്യം വരുമ്പോള്‍ തന്നെ, സകലമാന കുറ്റങ്ങളും എന്റെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടര്‍ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ. അങ്ങനെയുള്ള ആളുകള്‍ക്ക് വല്ലാത്ത വിഷമം സ്വാഭാവികമായിട്ടുണ്ടാകും. അത് അങ്ങനെയേ കാണേണ്ടതായുള്ളൂ'- മുഖ്യമന്ത്രി പറഞ്ഞു.
കാരണഭൂതന്‍, കാവലാള്‍... തുടങ്ങിയവയൊക്കെ വ്യക്തിപൂജ വിഷയത്തിലുള്‍പ്പെടില്ലേ എന്ന ചോദ്യത്തിന്; ഈ തരത്തിലുള്ള വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിന്റെ ഭാഗമല്ലാതെ ഒരാള്‍ എങ്ങനെ വരുന്നു, ഒരുകൂട്ടര്‍ എങ്ങനെ വരുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇത്. അതല്ലാതെ ഞങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്നവരല്ല. വ്യക്തിപൂജയുടെഭാഗമായിട്ട് നിങ്ങള് പറയുന്ന രീതിയില്‍ ഏതെങ്കിലും കാര്യങ്ങള്‍ ആര്‍ക്കും നേടാനും സാധിക്കില്ല. അതാണ് ഞങ്ങളുടെ പൊതു സമീപനം - എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ ഈ വ്യക്തിപൂജാ ഗാനം ആലപിക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സെക്രട്ടറിയേറ്റിന്റെ കണ്‍റ്റോണ്‍മെന്റ് ഗേറ്റിന് സമീപം കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ചിരുന്നു. ഇത് വിവദമായി. ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ പൊളിച്ചു മാറ്റുകയും ചെയ്തു. ഈ സിപിഎം അനുകൂല സംഘടനയും വിഭാഗീയതയുടെ പടിയിലാണ്. പ്രസിഡന്റ് പി.ഹണിയുടെ നേതൃത്വത്തിലാണു സുവര്‍ണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഹണിക്ക് എതിരാണ്. ഇത് മനസ്സിലാക്കി കൂടിയാണ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി പാട്ട് തയ്യാറാക്കിയതെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയെക്കുറിച്ചു സെക്രട്ടേറിയറ്റിലെ ജീവനക്കാരന്‍ എഴുതിയ കവിതയ്ക്കു സംഗീതം നല്‍കി അവതരിപ്പിക്കുക മാത്രമാണുദ്ദേശിക്കുന്നതെന്നാണ് ഹണിയുടെ വിശദീകരണം. 100 ഗായകര്‍ ചേര്‍ന്ന് ആലപിക്കുമെന്നും അദ്ദേഹം പറയുന്നു. വിവാദമാകാന്‍ സാധ്യതയുള്ള പാട്ടിന്റെ വരികള്‍ അടക്കം മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
'പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍' ........... എന്നിങ്ങനെ പോകുന്നു വരികള്‍.