'ആലപ്പുഴയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല; ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് കരുതരുത്; സംഘടനാപരമായ ചര്‍ച്ച നടത്തുന്നതിനില്‍ നേതൃത്വം പരാജയപ്പെട്ടു'; ജില്ലാ സമ്മേളനത്തില്‍ മുന്നറിയിപ്പുമായി പിണറായി വിജയന്‍

ആലപ്പുഴയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല: പിണറായി വിജയന്‍

Update: 2025-01-10 12:00 GMT

ആലപ്പുഴ: ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ പാര്‍ട്ടിക്കിടയിലുള്ള വിഭാഗീയത അവസാനിച്ചിട്ടില്ല. വിഭാഗീയത നടത്തുന്നവര്‍ക്ക് ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് കരുതരുത്. ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'നഷ്ടപ്പെട്ടുപോയ വോട്ട് തിരിച്ചു പിടിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കണം. വോട്ട് ചോര്‍ച്ചയില്‍ സംഘടനാപരമായ പരിശോധന നടന്നില്ല. വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കാന്‍ ദേശാഭിമാനിയുടെ പ്രചാരണം ഊര്‍ജിതമാക്കണം', മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി ആലപ്പുഴ പാര്‍ട്ടിക്കിടയിലെ വിഭാഗീയത കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പാര്‍ട്ടി ഘടകങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കായംകുളത്ത് പാര്‍ട്ടിക്ക് ബിജെപിയുടെ പിന്നിലേക്ക് പോകേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു.

ഇതൊക്കെ കണക്കിലെടുത്താണ് മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. വിഭാഗീയത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അത് തീര്‍ന്നിട്ടിലെന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംഘടനാപരമായ ചര്‍ച്ച നടത്തുന്നതിനില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിപ്പാട് നടക്കുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മുതിര്‍ന്ന ജില്ലാസെക്രട്ടറിയേറ്റ് അംഗം ജി വേണുഗോപാല്‍ പതാക ഉയര്‍ത്തി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഴുവന്‍ സമയവും പങ്കെടുക്കും. 46 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 15 ഏരിയ കളില്‍ നിന്ന് 407 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജില്ലാകമ്മിറ്റി ഓഫിസ് ബ്രാഞ്ച് അംഗമായ മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ ഇത്തവണ ജില്ലാ സമ്മേളന പ്രതിനിധി അല്ല.

Tags:    

Similar News