'അടുത്ത തെരഞ്ഞെടുപ്പിലും പിണറായി നയിക്കും; അതില്‍ എന്താണ് സംശയം; തുടര്‍ഭരണം കിട്ടിയാല്‍ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല; സമയമാകുമ്പോള്‍ പാര്‍ട്ടി കൃത്യമായ തീരുമാനമെടുക്കും'; നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബി
'അടുത്ത തെരഞ്ഞെടുപ്പിലും പിണറായി നയിക്കും; അതില്‍ എന്താണ് സംശയം
മധുര: കേരളത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സി.പി.എമ്മിനെ പിണറായി വിജയന്‍ നയിക്കുമെന്ന് വ്യക്തമാക്കി പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി. നിലവില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയന്‍. സ്വഭാവികമായും അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. ഒരു തുടര്‍ഭരണം വീണ്ടും കിട്ടിയാല്‍ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. സമയമാകുമ്പോള്‍ പാര്‍ട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും ബേബി പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രി അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കുകയെന്നത് സ്വാഭാവിക കാര്യമാണ്. തുടര്‍ഭരണം കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ്. കോണ്‍ഗ്രസിനോട് നിലവില്‍ തുടരുന്ന സമീപനം സി.പി.എം തുടരുമെന്നും ബേബി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കനുസൃതമായ സഹകരണമാകും തുടരുകയെന്നും ബേബി വ്യക്തമാക്കി.
കോണ്‍ഗ്രസിനോട് നിലവില്‍ തുടരുന്ന സമീപനം സി പി എം തുടരുമെന്നാണ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും സംസ്ഥാനങ്ങള്‍ക്കനുസൃതമായ സഹകരണമാകും തുടരുകയെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോളും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എ എ പിയും തമ്മില്‍ മത്സരിച്ചതടക്കം ബേബി ചൂണ്ടികാട്ടി. കേരളത്തില്‍ എതിരിടുമ്പോഴും ദേശീയ സാഹചര്യത്തില്‍ സഹകരണമെന്ന സുര്‍ജിത്തിന്റെയും യെച്ചൂരിയുടെയും സമീപനമാകും താനും തുടരുകയെന്നാണ് ബേബി വിവരിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരം നടന്ന കാര്യവും പുതിയ ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചു. കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റെന്നും 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചതെന്നും ബേബി വ്യക്തമാക്കി. മത്സരിക്കാനുള്ള ജനാധിപത്യ അവകാശം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു.
ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയുമാണ് മധുരയില്‍ നടക്കുന്ന 24ാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. 84 പേരെ തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു. പി.ബിയില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. കേന്ദ്ര കമ്മിറ്റിയില്‍ 30 പേര്‍ പുതുമുഖങ്ങളാണ്. ഏഴ് പേര്‍ പ്രത്യേക ക്ഷണിതാക്കള്‍.
കേന്ദ്ര കമ്മിറ്റിയില്‍ പി.ബി അംഗം മുഹമ്മദ് സലീമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് നിര്‍ദ്ദേശിച്ചത്. അശോക് ധാവ്‌ളെ പിന്താങ്ങി. എം.എ. ബേബിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിണറായി വിജയനാണ് സമ്മേളന നഗരിയില്‍ പ്രഖ്യാപിച്ചത്.
2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലും 2018ല്‍ ഹൈദരബാദിലും 2022ല്‍ കണ്ണൂരിലും സീതാറാം യെച്ചൂരിയെ ആയിരുന്നു ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം യെച്ചൂരിയുടെ മരണത്തിന് പിന്നാലെ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായി ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ജനറല്‍ സെക്രട്ടറിയായ എം.എ. ബേബി സി.പി.എമ്മിന്റെ തലപ്പത്ത് എത്തുന്നത്.