തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക കൂടിക്കാഴ്ച; ന്യൂനപക്ഷാവകാശ സംരക്ഷണം ചര്‍ച്ചയായെന്ന് രാജീവ് ചന്ദ്രശേഖര്‍; ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സാമാന്യവത്കരിക്കേണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക കൂടിക്കാഴ്ച

Update: 2025-11-04 15:57 GMT

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങളാണ് ചര്‍ച്ചയായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയില്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കാവുന്ന സഹായങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. എല്ലാവര്‍ക്കും വേണ്ടി, എല്ലാവര്‍ക്കും ഒപ്പംനിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും, എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:30-ഓടെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സേവനനിരതനായി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും ഇത്തരം സംഭവങ്ങള്‍ സമാന്യവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം മറുപടി നല്‍കി. സഭാനേതൃത്വത്തിന് മറ്റ് വിഷയങ്ങളില്‍ വലിയ ആശങ്കകളില്ലെന്നും, മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ ഉയര്‍ന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച രാഷ്ട്രീയപരമായി വലിയ പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാനമന്ത്രി മറ്റു സഭാ അധ്യക്ഷന്മാരുമായും മേലധ്യക്ഷന്മാരുമായും ചര്‍ച്ചകള്‍ക്ക് തയ്യാറാകുമോ എന്നത് വരും ദിവസങ്ങളില്‍ അറിയാം.

Tags:    

Similar News