പി.എം ശ്രീ പദ്ധതി വിവാദം വിടാതെ പ്രതിപക്ഷം; കേന്ദ്രസര്‍ക്കാരിന് അയക്കാന്‍ തയ്യാറാക്കുന്ന കത്ത് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടും; വിമര്‍ശനം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കാന്‍ ഇടതു മുന്നണി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും 'ക്യാപ്റ്റനെ' ഉയര്‍ത്തിക്കാട്ടാനും സി.പി.എം
പി.എം ശ്രീ പദ്ധതി വിവാദം വിടാതെ പ്രതിപക്ഷം
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സി.പി.ഐയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേന്ദ്ര സര്‍ക്കാരിനു അയക്കാന്‍ തയ്യാറാക്കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്. പി.എം ശ്രീയില്‍ വിമര്‍ശനം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറായി സി.പി.എം മന്ത്രിമാര്‍. വികസന പ്രവര്‍ത്തനങ്ങളും പെന്‍ഷന്‍ വര്‍ധനയുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളും ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി യോഗങ്ങള്‍ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
വാഗ്ദാന പെരുമഴയിലൂടെയും ഉപസമിതിയെ നിയോഗിക്കുമെന്ന അറിയിപ്പിലൂടെയും തല്‍ക്കാലം വിവാദം അവസാനിപ്പിച്ചെങ്കിലും മുന്നണിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ഇനിയും പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലില്‍ തന്നെയാണ് എല്‍.ഡി.എഫ്. പി.എം ശ്രീ പദ്ധതിയിലൂടെ സി.പി.ഐയും യു.ഡി.എഫും ലക്ഷ്യമിടുന്നത് പിണറായി വിജയനെ ആയതിനാല്‍ മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടി പ്രതിരോധം തീര്‍ക്കാനൊരുങ്ങി സി.പി.എം.
പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ആശങ്കകള്‍ അറിയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കാനൊരുങ്ങുന്ന കത്ത് യാഥാര്‍ത്ഥ്യമാണെങ്കില്‍, അത് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടാനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. ക്ഷേമപെന്‍ഷന്‍ വര്‍ധനവ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളിലൂടെ പി.എം ശ്രീ പദ്ധതി വിവാദം അവസാനിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന തിരിച്ചറിവിലാണ് വിഷയം സജീവമായി നിലനിര്‍ത്താന്‍ യു.ഡി.എഫ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കത്ത് പരസ്യപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ത്താന്‍ ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട തീരുമാനം തിരുത്തണമെന്ന സി.പി.ഐ ആവശ്യം സൂചിപ്പിച്ചിരുന്നത്, പിണറായി വിജയന്‍ തിരുത്തണമെന്ന വ്യക്തമായ സന്ദേശമായിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണശരങ്ങളും പിണറായിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. സി.പി.ഐ മന്ത്രി ജി.ആര്‍ അനിലിന്റെ അഭിപ്രായങ്ങള്‍ ശരിയായില്ലെന്നും മോശം വാക്കുകളാണ് ഉപയോഗിച്ചതെന്നുമുള്ള മന്ത്രി വി. ശിവന്‍കുട്ടിയുടെ തുറന്നുപറച്ചില്‍ സി.പി.ഐക്കെതിരെയുള്ള പ്രത്യാക്രമണമാണ്. മുന്നണിമര്യാദ ലംഘിച്ചെന്ന സി.പി.ഐയുടെ അഭിപ്രായം അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ശിവന്‍കുട്ടി ഇപ്പോള്‍ ചെയ്യുന്നത്.
ഈ വിഷയത്തില്‍ സി.പി.ഐയുടെ ഭാഗത്തുനിന്നു മാത്രമല്ല, പ്രതിപക്ഷത്തു നിന്നും ഇനിയെന്ത് പ്രകോപനമുണ്ടായാലും ശക്തമായി പ്രതികരിക്കാനാണ് സി.പി.എം മന്ത്രിമാരുടെ തീരുമാനം. മന്ത്രിസഭയില്‍ പോലും വിശദമായി ചര്‍ച്ച ചെയ്യാതെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് കൈക്കൊണ്ടത്. അതുകൊണ്ടു തന്നെ തീരുമാനം തിരുത്തണമെന്ന സി.പി.ഐയുടെ ആവശ്യത്തിന്‍മേല്‍ പരസ്യമായി പ്രതികരിക്കാന്‍ പോലും നേരത്തെ സി.പി.എം മന്ത്രിമാരോ മറ്റു സി.പി.എം നേതാക്കളോ മുന്നോട്ടു വന്നിരുന്നില്ല. എന്നാല്‍, ഇനി പ്രതികരിക്കാന്‍ തന്നെയാണ് സി.പി.എം മന്ത്രിമാരുടെ തീരുമാനം. കേരളപ്പിറവി ദിനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. അതോടൊപ്പം പിണറായി വിജയനെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും സി.പി.എം നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സി.പി.ഐയുടെ അഭിപ്രായങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തൃശൂര്‍പൂരം കലക്കി സുരേഷ് ഗോപിക്ക് ലോക്‌സഭയിലേക്ക് ജയിക്കാന്‍ അവസരം ഒരുക്കിയ എ.ഡി.ജി.പി അജിത്കുമാറിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന സി.പി.ഐ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. സ്വകാര്യമേഖലയില്‍ ഡിസ്റ്റിലറി അനുവദിക്കാനുള്ള തീരുമാനം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ടെങ്കിലും സി.പി.എം ചെവിക്കൊണ്ടില്ല.
ഇടതു മുന്നണിയോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ പാലക്കാട് ബ്രൂവറി അനുവദിക്കാന്‍ തീരുമാനിച്ചു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിച്ചില്ല. സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട കൊല്ലം എം.എല്‍.എ മുകേഷില്‍ നിന്നും രാജി വാങ്ങണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി ഒരു കാരണവശാലും വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ പരസ്യമായി പറഞ്ഞത് സി.പി.ഐയെ അപമാനിക്കുന്നതു പോലെയായിരുന്നു.
പി.എം ശ്രീ കരാറില്‍ നിന്നും പിന്‍മാറണമെന്ന സി.പി.ഐയൂടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് കരാരില്‍ ഒപ്പിട്ട ധാരണാ പത്രത്തിലെ ആശങ്കകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചിരുന്നു. സിപിഐയുടെ കടുംപിടുത്തത്തിന് സിപിഎം വഴങ്ങി അവര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗം അംഗീകരിക്കുകയായിരുന്നു. അതോടെ മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കാനും തീരുമാനമായിരുന്നു. കഴിഞ്ഞകുറച്ച് നാളുകളായി പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ അസാധാരണ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു ശേഷം സാമൂഹ്യക്ഷേമ പെന്‍ഷന്‍ അടക്കമുള്ളവയുടെ വര്‍ധനവ് പ്രഖ്യാപിച്ചതിലൂടെ പി.എം ശ്രീ പദ്ധതി വിവാദം അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് ഇടതു സര്‍ക്കാര്‍.
