സി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം; ബിനോയിക്കെതിരെ നീങ്ങുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍; അണികള്‍ കൊഴിയുന്നതു പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചരണം

സി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം

Update: 2025-10-24 05:17 GMT

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ മുന്നണിയില്‍ നിന്നും അവഗണന നേരിട്ടത് സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന ആരോപണവുമായി സി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോയതു പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം. ബിനോയ് വിശ്വത്തിനെതിരെയുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍. പി.എം ശ്രീ പദ്ധതി നടത്തിപ്പിലെ പ്രതിഷേധ സൂചകമായി മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാമെന്ന ബിനോയ് വിശ്വത്തിന്‍െ്റ അഭിപ്രായത്തിന് വേണ്ടത്ര പിന്തുണ നല്‍കാതെ സി.പി.ഐ മന്ത്രിമാര്‍.

പിഎം ശ്രീയും ദേശീയ വിദ്യാഭ്യാസനയവും നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടെ ഉറപ്പിച്ചു വ്യക്തമാക്കിയത് ബിനോയ് വിശ്വമായിരുന്നു. എന്നാല്‍, പാര്‍ട്ടിയെ തീര്‍ത്തും അവഗണിച്ച് സി.പി.എം സ്വന്തം തീരുമാനവുമായി മുന്നോട്ടു പോയപ്പോള്‍ സംസ്ഥാന നേതൃത്വമാണ് വെട്ടിലായത്. തൃശൂര്‍ പൂരം കലക്കല്‍, എഡിജിപി എം.ആര്‍.അജിത് കുമാര്‍ വിവാദം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി സിപിഎമ്മിന് അടിയറവ് പറഞ്ഞുവെന്ന അണികളുടെ വിമര്‍ശനത്തിനു മറുപടിയായി നേതൃത്വം പറഞ്ഞിരുന്നത് പിഎം ശ്രീയിലെടുത്ത കടുത്ത നിലപാടാണ്. ഇതില്‍ യാതൊരു വിട്ടുവീഴ്ചക്ക് ഇല്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. എന്നാല്‍ പിഎം ശ്രീയില്‍ കൂടി സര്‍ക്കാര്‍ ഒപ്പുവച്ചതോടെ എല്ലാ പ്രതിരോധവും തകര്‍ന്നടിഞ്ഞ് ഉത്തരംമുട്ടുന്ന നിലയിലാണ് ബിനോയ് വിശ്വവും സംസ്ഥാന നേതൃത്വവും. 'എന്ത് സിപിഐ' എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞപ്പോള്‍ ഇത്രത്തോളം അവഗണനയും അവഹേളനവും സിപിഐ പ്രതീക്ഷിച്ചിരുന്നില്ല.

പ്രതിഷേധം ശക്തമാക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടെങ്കിലും അതിന് പാര്‍ട്ടിയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. മുന്നണിയില്‍ പ്രതിഷേധം ഏതറ്റം വരെ കൊണ്ടു പോകാന്‍ കഴിയുമെന്ന ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന ഘട്ടത്തില്‍ മുന്നണിയില്‍ തന്നെ ഒരു പരിഗണനയുമില്ലാത്ത പാര്‍ട്ടിയായി വോട്ടര്‍മാരെ നേരിടേണ്ടി വരുന്നത് വലിയ തോതില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. ഈ കാര്യങ്ങളാണ് ബിനോയ് വിശ്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളായി പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍ അണികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. ഇടതു മുന്നണി കണ്‍വീനറും സിപിഎം ജനറല്‍ സെക്രട്ടറിയും നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി മുന്നോട്ടു പോയത് മണ്ടത്തരമായിരുന്നെന്നും അവര്‍ ആരോപിക്കുന്നു.

ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ്‌കുമാര്‍ എം.പി, അസിസ്റ്റന്‍്റ് സെക്രട്ടറി പി.പി സുനീര്‍, മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ കാനം പക്ഷത്തിന്‍െ്റ പിന്തുണ മാത്രമാണ് ബിനോയ് വിശ്വത്തിന് നിലവിലുള്ളത്. ബിനോയ് വിശ്വത്തിന് താല്‍പര്യമില്ലാതിരുന്നിട്ടും പ്രകാശ് ബാബുവിനെ സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റില്‍ എത്തിച്ചത് പാര്‍ട്ടി ജില്ലാഘടകങ്ങളുടെ കടുത്ത സമ്മര്‍ദ്ദവും ദേശീയ നേതൃത്വത്തിന്‍െ്റ ഇടപെടലും കൊണ്ടായിരുന്നു. പ്രകാശ് ബാബുവിനെയും പി. സന്തോഷ്‌കുമാറിനെയും ദേശീയ രാഷ്ട്രീയത്തിലേക്ക് ആനയിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ബിനോയ് വിശ്വം ശ്രമിച്ചത്. ഇപ്പോള്‍ അതിനും തിരിച്ചടിയുണ്ടാകുകയാണ്.

പി.എം ശ്രീ പദ്ധതിയില്‍ പ്രതിഷേധിക്കാന്‍ എഐഎസ്എഫ് തീരുമാനിച്ചു. സര്‍ക്കാര്‍ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തുറന്നടിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ തെരുവില്‍ സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചു. ഇടതുമുന്നണിയില്‍ ഒരു തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന സിപിഐയുടെ അവകാശവാദത്തെക്കൂടിയാണ് സിപിഎം ഇപ്പോള്‍ തിരുത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന സിപിഐയുടെ ആവശ്യം തുടക്കത്തില്‍ മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തില്ല.

മന്ത്രിമാരെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതെ മാറ്റിനിര്‍ത്തി കാനം രാജേന്ദ്രന്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുഖ്യമന്ത്രിയെപ്പോലും ഞെട്ടിച്ചതാണ്. മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ പോലീസ് കമ്മിഷണറേറ്റ് രൂപവത്കരിക്കാനുള്ള തീരുമാനത്തെയും കാനം തിരുത്തിച്ചതാണ്. എന്നാല്‍, പിന്നീട് കഥമാറി. സ്വകാര്യ മദ്യക്കമ്പനിക്ക് അനുമതിനല്‍കരുതെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍, മുന്നണിയില്‍ ഭൂരിപക്ഷകക്ഷികളുടെ പിന്തുണ കാണിച്ചാണ് സിപിഎം അതിനെ തള്ളിയത്. ഇപ്പോള്‍ പിഎംശ്രീയിലും സി.പി.ഐയെ അവഗണിക്കുകയാണ് സി.പി.എം.

Tags:    

Similar News