'ചെങ്കൊടി തൊട്ട് കളിക്കണ്ട; വര്‍ഗ്ഗ വഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകൊട്ടയില്‍'; അന്‍വറിനായി മുദ്രാവാക്യം വിളിച്ചവര്‍ ഇപ്പോള്‍ എതിരെ മുദ്രാവാക്യം വിളികളുമായി തെരുവില്‍; ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ നിലമ്പൂരില്‍ സിപിഎം പ്രകടനം

'ചെങ്കൊടി തൊട്ട് കളിക്കണ്ട; വര്‍ഗ്ഗ വഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകൊട്ടയില്‍'

Update: 2024-09-27 13:02 GMT

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരായി തിരഞ്ഞ പി വി അന്‍വറിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍. പി.വി. അന്‍വറിനെതിരെ നിലമ്പൂരില്‍ സിപിഎം പ്രതിഷേധം ഉടലെടത്തു. നിലമ്പൂര്‍ നഗരത്തില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്.

ചെങ്കൊടി തൊട്ടു കളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്. പ്രകോപന മുദ്രാവാക്യങ്ങള്‍ അടക്കം മുഴക്കി കൊണ്ടാണ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നത്. അന്‍വര്‍ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.വി.ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിറങ്ങിയത്. സിപിഎമ്മുമായി അന്‍വറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഏരിയാ തലത്തില്‍ പ്രതിഷേധ പ്രകടനത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തിരുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ നടത്തുന്ന ഹീനമായ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധപ്രകടനമെന്നാണ് സി.പി.എം. അറിയിച്ചത്. വലതുരാഷ്ട്രീയ ശക്തികളുടെ കോടാലി പി.വി. അന്‍വറിനെ ഒറ്റപ്പെടുത്തുക', എന്നാണ് പ്രകടന പോസ്റ്റര്‍ പങ്കുവെച്ച് സി.പി.എം. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലെ ആഹ്വാനം.

എടക്കരയിലും സിപിഎം പ്രതിഷേധം നടന്നു. വര്‍ഗ്ഗ വഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകൊട്ടയില്‍ എന്ന പോസ്റ്ററുകളുമായാണ് ഇവിടെ പ്രകടനം നടക്കുന്നത്. സാധാരണക്കാര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും ജനം പിന്തുണച്ചാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പാര്‍ട്ടി ഓഫിസുകളില്‍ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വോട്ട് ഇവിടുത്തെ സാധാരണക്കാരാണ്. കര്‍ഷക തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും പോലുള്ള സാധാരണക്കാരാണ്. ഈ പാര്‍ട്ടിക്ക് വേണ്ടി അവര്‍ ജീവന്‍ കൊടുക്കും. സാധാരണക്കാര്‍ക്കൊപ്പമാണെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, താന്‍ ആരോപണമുന്നയിച്ച സ്വര്‍ണക്കടത്തുകേസുകളില്‍ തൊണ്ടിമുതലായി പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കിയ അപ്രൈസര്‍ ഉണ്ണികൃഷ്ണന്റെ കൊണ്ടോട്ടിയിലെ വീട്ടിലേക്ക് അന്‍വര്‍ മാധ്യമങ്ങളുമായി എത്തി. കൊണ്ടോട്ടി പരിസരത്ത് പത്ത് കോടിയിലധികം രൂപയുടെ ആസ്തി ഇയാള്‍ക്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. രണ്ടുമൂന്നുവര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചതാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ഗോവിന്ദന്‍ മാഷ് പറഞ്ഞ 'അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ' ബാക്കി പത്രമാണിതെന്ന് ഉണ്ണികൃഷ്ണന്റെ വീട് ചൂണ്ടി അന്‍വര്‍ പരിഹസിച്ചു. സുജിത് ദാസ് വന്നതിന് ശേഷമാണ് ഇയാള്‍ക്ക് അജിത് കുമാറുമായി ബന്ധം. 'വളരേ ചെറിയ കടയില്‍, ഉമിയിട്ട് ചട്ടിയില്‍ ഊതി സ്വര്‍ണ്ണം ഉരുക്കുന്ന, പാവപ്പെട്ട തട്ടാന്റെ രണ്ടുമൂന്ന് കൊല്ലത്തെ ചെറിയ സമ്പാദ്യമാണ് ഇത്', വീട് ചൂണ്ടിക്കാട്ടി അന്‍വര്‍ പരിഹസിച്ചു.

Tags:    

Similar News