പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞ 30 ദിവസം കഴിഞ്ഞു; എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ ഭയം; പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ അജിത് കുമാറിന്റെ സംഹാര താണ്ഡവം; എവിടെയാണ് സി.പി.ഐ.; രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍

ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പിവി അന്‍വര്‍

Update: 2024-10-06 15:15 GMT

മലപ്പുറം: തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് 30 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിനുശേഷം എഡിജിപിക്കെതിരേ നടപടി എന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ 32 ദിവസമായിട്ടും നടപടി ഒന്നും ഇല്ല എന്ന് പി.വി. അന്‍വര്‍ എംഎല്‍എ. മഞ്ചേരിയില്‍ ജസീല ജങ്ഷനില്‍ വെച്ച് ഡി.എം.കെയുടെ നയവിശദീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന് എത്തിയ ഡിഎംകെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പിവി അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ഡിഎംകെയുടെ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് പിവി അന്‍വര്‍ പറഞ്ഞു.

അജിത് കുമാറിനെയും ശശിയെയും തൊട്ടാല്‍ എന്താണ് സംഭവിക്കുക എന്ന് കൃത്യമായി അറിയുന്ന ആളാണ് മുഖ്യമന്ത്രി. ശശിക്ക് മുഖ്യമന്ത്രി ക്ളീന്‍ ചിറ്റ് കൊടുത്തത് എഡിജിപിക്ക് എതിരായി അന്വേഷണം നടത്തിയവര്‍ക്കുള്ള സന്ദേശമായിരുന്നു. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട പരാതിയില്‍ 30 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിനുശേഷം എ.ഡി.ജി.പിക്കെതിരേ നടപടി എന്ന നിലപാടുമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഭരണകക്ഷിയിലെ ഇടതുപക്ഷ ജാധിപത്യ മുന്നണിയിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

30 ദിവസത്തിനുള്ളില്‍ അന്വേഷണം വരും എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞ ന്യായം. അത് വരട്ടെ, പരിശോധിക്കട്ടെ, പഠിക്കട്ടെ എന്നിട്ട് തീരുമാനം. ഇന്ന് 32-ാം ദിവസമാണ്. ഒരു നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും മൂന്നര കോടി ജനങ്ങള്‍ക്കും അവസാനമായി നല്‍കിയ വളരെ വാശിപിടിച്ച തീരുമാനമായിരുന്നു 30 ദിവസം കഴിയട്ടെ എന്നത്. ഇപ്പോള്‍ 32 ദിവസമായി.

30-ാം ദിവസം തന്നെ ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. ആദ്യം നല്‍കിയത് പൂരം സംബന്ധിച്ച റിപ്പോര്‍ട്ടാണ്. എ.ഡി.ജി.പിക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ റിപ്പോര്‍ട്ട് കിട്ടിയാല്‍ സര്‍ക്കാര്‍ ചെയ്യുക ആ നിമിഷം അയാളെ സസ്‌പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തുകയായിരുന്നു. എവിടെയാണ് സി.പി.ഐ. 30 ദിവസത്തിനകം ഒരു മിനിറ്റ് അപ്പുറത്തേക്ക് പോകാന്‍ സി.പി.ഐ. സമ്മതിക്കില്ല. ആ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ അജിത് കുമാറിനെ മാറ്റി നിര്‍ത്തും എന്നായിരുന്നു പറഞ്ഞിരുന്നതെന്നും അന്‍വര്‍ പറഞ്ഞു.

''തൃശൂര്‍ പൂരം കലക്കുന്നതിന് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ വലിയ ഗൂഢാലോചനയാണ് നടന്നത്. ആ ഗുഢാലോചന വഴിയാണ് ബിജെപിയ്ക്ക് ലോക്‌സഭാ സീറ്റ് കിട്ടിയത്. 30 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരുമെന്നും നടപടി പ്രഖ്യാപിക്കുമെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് 32 ദിവസമായി. മുപ്പതാമത്തെ ദിവസം തന്നെ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കൊടുത്തു. എഡിജിപി അജിത് കുമാറിന് പൂരം കലക്കലില്‍ വീഴ്ച സംഭവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആ നിമിഷം സര്‍ക്കാര്‍ ആ വ്യക്തിയെ സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു'' അന്‍വര്‍ പറഞ്ഞു.

താന്‍ ചെന്നൈയില്‍ പോയതാണ് പുതിയ കോലാഹലമെന്നും ചെന്നൈയില്‍ പോയി എന്നത് ശരിയാണെന്നും പിവി അന്‍വര്‍ പറഞ്ഞു. രാജ്യത്ത് സോഷ്യലിസ്റ്റ് നിലപാടുള്ള പാര്‍ട്ടി ഡിഎംകെ. ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി. താന്‍ പോയത് ആര്‍എസ്എസ് നേതാക്കളെ കാണാനല്ല. ആര്‍ എസ് എസിനെ തമിഴ്‌നാട്ടില്‍ കയറി ഇരിക്കാന്‍ ഡിഎംകെ അനുവദിച്ചിട്ടില്ല.

ബിജെപിയെ നോട്ടക്ക് പിന്നില്‍ ആക്കിയ നേതാവിനെ ആണ് ഞാന്‍ തെരഞ്ഞുപോയത്. ഡിഎംകെയുമായുള്ള തന്റെ സഹകരണത്തെ തടയാന്‍ ശ്രമിക്കുകയാണ് ഫാസിസത്തിന്റെ മറ്റൊരു മുഖം എന്ന് അന്‍വര്‍ ആരോപിച്ചു.തമിഴ് നാട്ടില്‍ സഖ്യകക്ഷികള്‍ക്ക് നിര്‍ലോഭം സീറ്റ് കൊടുത്തവരാണ് ഡിഎംകെ. ബിജെപി സര്‍വശക്തിയും എടുത്തു കോയമ്പത്തൂര്‍ ഇറങ്ങിയപ്പോള്‍ സിപിഎമ്മിന് പാര്‍ട്ടിയുടെ ഉറച്ച കോട്ട കൊടുത്തവരാണ് ഡി എം കെ.അതേസമയത്ത് തൃശ്ശൂരില്‍ ബിജെപിക്ക് മുഖ്യമന്ത്രി പരവതാനി വിരിച്ചു കൊടുക്കുകയാണ് ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രിയോട് നേര്‍ക്കുനേര്‍ നിന്നു പറയും. എ ഡി ജി പി തൃശൂരില്‍ വന്ന് പൂരം കലക്കാന്‍ നേരിട്ട് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണെന്നും പിവി അന്‍വര്‍ ആരോപിച്ചു.

രാവിലെ മുതല്‍ കനത്ത മഴയാണ് കേരളത്തിലെ ഏഴു ജില്ലകളില്‍ അനുഭവപ്പെടുന്നതെന്ന് പിവി അന്‍വര്‍ പറഞ്ഞു. കനത്ത മഴയെയും അവഗണിച്ച് ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്കും പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു.ഭീഷണിയുടെ വേലിക്കെട്ടുകള്‍ തകര്‍ത്താണ് വന്‍ജനക്കൂട്ടം പൊതുയോഗത്തിന് എത്തിയത്. ഒരു സാമൂഹിക മുന്നേറ്റ സംവിധാനമായി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള രൂപീകരിക്കുന്നുവെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാനാണ് ഇന്ന് ഇവിടെ യോഗം ചേര്‍ന്നിരിക്കുന്നത്.ഭരണഘടനയില്‍ എംഎല്‍എമാര്‍ക്ക് എല്ലാവര്‍ക്കും ഒരേ കടമകളും ഉത്തരവാദിത്വങ്ങളുമാണുള്ളത്.

അതില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല.അങ്ങനെയുള്ള എംഎല്‍എ എന്ന നിലയ്ക്ക് ജനങ്ങളോട് മറുപടി പറയേണ്ട കാര്യങ്ങളില്‍ പ്രതികരിക്കുകയാണ് താന്‍ ചെയ്തിട്ടുള്ളത്. അത്തരത്തിലാണ് ഭരണത്തിലെ ചില മോശം കാര്യങ്ങള്‍ വിളിച്ചുപറയേണ്ടിവന്നത്. സര്‍ക്കാരിന് മുന്നില്‍ ചൂണ്ടികാണിച്ചുകൊടുത്ത വിഷയങ്ങള്‍ ഇപ്പോഴും സമൂഹത്തിന് മുന്നില്‍ ചോദ്യ ചിന്ഹങ്ങളായി അവശേഷിക്കുകയാണ്.കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കുമെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.തന്റെ പരാതികള്‍ അന്വേഷിക്കാന്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയോഗിച്ചു. അതില്‍ തൃശൂര്‍ പൂരം അലങ്കോലമാക്കലും അന്വേഷിച്ചു.

പൂരം കലക്കി ബിജെപിക്ക് ഒരു ലോക്‌സഭ സീറ്റ് വാങ്ങി കൊടുക്കുന്ന ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാണ് താന്‍ പരാതി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി പറഞ്ഞത്. 30 ദിവസം കഴിഞ്ഞ് 32 ദിവസമായിട്ടും ഇതുവരെ ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. 30 ദിവസം കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ അജിത് കുമാറിനെതിരെ എടുത്തില്ല. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ അജിത് കുമാറിന്റെ സംഹാര താണ്ഡവമാണെന്നും എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ ഭയമാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു.

Tags:    

Similar News