സ്വന്തം മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട്ടെത്തി രാഹുല്‍; 38 ദിവസങ്ങള്‍ക്ക് ശേഷം എംഎല്‍എ മണ്ഡലത്തില്‍; മാധ്യമങ്ങളെ അടക്കം കണ്ട് സജീവമാകും; രാഹുലിന് സംരക്ഷണമൊരുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും; ബിജെപി, സിപിഎം പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ

സ്വന്തം മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട്ടെത്തി രാഹുല്‍

Update: 2025-09-24 04:46 GMT

പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്കിടയില്‍ ആദ്യമായി പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എ മണ്ഡലത്തിലെത്തിയത്. ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്ന് രാഹുല്‍ അറിയിച്ചു. മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുല്‍ ഒരുങ്ങുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. അതേസമയം രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ആഗസ്റ്റ് 17 നാണ് രാഹുല്‍ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. കഴിഞ്ഞ മാസം 20 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയര്‍ന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎല്‍എ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല.

നിയമസഭയില്‍ ആദ്യ ദിവസം എത്തിയ രാഹുല്‍ മെല്ലെ മണ്ഡലത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം. അതേസമയം രാഹുല്‍ പാലക്കാട് എത്തുന്നത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ആ നിലപാട് തള്ളിക്കൊണ്ടാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ് ഇന്നലെ രംഗത്തുവന്നിരുന്നു. മുന്നണിയുടെ പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലമാണ് രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു വരും. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടും. രാഹുല്‍ വിഷയം വോട്ടര്‍മാരെ ബാധിക്കില്ല. ജനങ്ങള്‍ക്ക് ഇടയില്‍ ഈ വിഷയം ചര്‍ച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുല്‍ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ മണ്ഡലത്തില്‍ എത്തുമ്പോള്‍ സംരക്ഷണം ഒരുക്കണമോയെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നും മരക്കാര്‍ മാരായമംഗലം പറഞ്ഞു.

അതേസമയം 'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി;യില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിരവധി തവണ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. സതീശന്റെ കടുംപിടുത്തതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

'പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലെത്തി. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും എല്ലാവരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു. ആ തീരുമാനം പാലക്കാട് എംഎല്‍എയുടെ കാര്യത്തില്‍ നടപ്പാക്കി. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് പാര്‍ട്ടി എടുത്ത തീരുമാനമാണ്.' ഈ തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്നും, ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടി യുഡിഎഫ് ഘടകകക്ഷികളെയും സ്പീക്കറെയും അറിയിച്ചതായും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News