രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി തന്നെ; കെ മുരളീധരനെ നിര്‍ദ്ദേശിച്ചുള്ള പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതോടെ എല്ലാം പരസ്യമാക്കി കെ സുധാകരന്‍; കത്ത് പുറത്തുപോയത് കെപിസിസി ഓഫീസില്‍ നിന്നോ? അന്വേഷിക്കാന്‍ അദ്ധ്യക്ഷന്‍; തലവേദനയായി കത്ത് വിവാദം
രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി തന്നെ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി തന്നെയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കെ മുരളീധരനെ നാമനിര്‍ദ്ദേശം ചെയ്ത് കൊണ്ടുള്ള പാലക്കാട് ഡിസിസിയുടെ കത്ത് പുറത്ത് വന്നത് വിവാദമായതിന് പിന്നാലെയാണ് സുധാകരന്‍ ടെലിവിഷന്‍ ചാനലിനോട് ഇക്കാര്യം തുറന്നുപറഞ്ഞത്.
സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഡിസിസിയില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഷാഫിയുടെ നിര്‍ദ്ദേശം പാര്‍ട്ടി അംഗീകരിച്ചതോടെയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. വടകരയിലെ ഷാഫിയുടെ സ്ഥാര്‍ഥിത്വത്തിന് പകരമായിരുന്നില്ല ഈ തീരുമാനം. ഷാഫിയുടെ അഭിപ്രായം മാത്രം കണക്കിലെടുത്തല്ല തീരുമാനമെടുത്തത്. തീരുമാനം എടുത്ത ശേഷം വിവാദങ്ങളില്‍ കഴമ്പില്ലെന്നും സുധാകരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയാണെന്ന് ഇതാദ്യമായാണ് കെപിസിസി അദ്ധ്യക്ഷന്‍ തുറന്നുപറയുന്നത്. കെ.മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തായത് പാര്‍ട്ടി അന്വേഷിക്കും. കത്ത് ഡിസിസി അയച്ചതു തന്നെയാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു. കെപിസിസി ഓഫീസില്‍ നിന്നാണോ കത്ത് പോയതെന്നും പാര്‍ട്ടി അന്വേഷിക്കും
കെ മുരളീധരന്റെ പേര് നിര്‍ദേശിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തായത്. പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ കെ മുരളീധരനാണ് യോഗ്യനെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്നും കത്തില്‍ പറയുന്നു. ഡിസിസി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമാണ് ഇതെന്നും കത്തില്‍ പറയുന്നുണ്ട്.
ബിജെപി മുന്നേറ്റം തടയാന്‍ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി.സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്ക് അയച്ച കത്താണ് പുറത്ത് വന്നത്.
പാലക്കാട് ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിലുണ്ട്. പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെ വേണം. ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാനാവൂ. മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്ഠ്യേന കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ ഒരു തരത്തിലും പരീക്ഷണം നടത്താന്‍ സാധിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെയാണെന്ന കാര്യം വ്യക്തമായിരുന്നു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന ഡോ.പി.സരിന്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്കെതിരെ രംഗത്ത് വരികയും പുറത്താക്കപ്പെടുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും കലാപത്തിന് ഇറങ്ങിയ പുറപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയെങ്കിലും സരിനുമായുളള കൂടിക്കാഴ്ചയെ തുടര്‍ന്ന് പിന്മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ താല്‍പര്യപ്രകാരം വന്ന സ്ഥാനാര്‍ഥിയാണെന്നും വി ഡി സതീശനാണ് അതിന് കുട പിടിച്ചതെന്നുമാണ് സരിന്‍ ആരോപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും സരിന്‍ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് സമയത്തെ തമ്മിലടി കോണ്‍ഗ്രസിന് തലവേദനയായി മാറുകയും ചെയ്തു.
അതേസമയം ഈ കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അതൊക്കെ കഴിഞ്ഞുപോയ അധ്യായമാണ്. പലരും സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കും. അതില്‍ നിന്നെല്ലാം കൂടിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നു. അതാണ് പരിഗണിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.