രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് എന്‍ട്രി പൂര്‍ണമായും എ ഗ്രൂപ്പിന്റെ ആശിര്‍വാദത്തോടെ; രഹസ്യമായി എത്തിയ ശേഷം ആദ്യദിനം സന്ദര്‍ശിച്ചത് മരണവീടുകളില്‍; ചേര്‍ത്തുപിടിച്ച് ബെന്നി ബെഹനനാന്‍; കൈകൊടുത്ത് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും രംഗത്തുണ്ടെങ്കിലും പൊതുപരിപാടികളിലും സജീവമാകാന്‍ രാഹുല്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് എന്‍ട്രി പൂര്‍ണമായും എ ഗ്രൂപ്പിന്റെ ആശിര്‍വാദത്തോടെ

Update: 2025-09-24 09:59 GMT

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങളെത്തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിയ ശേഷം ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയത് മരണവീടുകളില്‍. 38 ദിവസത്തിനു ശേഷം ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം അറിയിച്ച് അതീവ രഹസ്യമായാണ് തിങ്കളാഴ്ച പുലര്‍ച്ചെ പാലക്കാട് എത്തിയത്.

സ്വകാര്യ കാറില്‍ എംഎല്‍എ ബോര്‍ഡ് വെച്ചെത്തിയ രാഹുല്‍ രാവിലെ അന്തരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തുടര്‍ന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗലോസിന്റെ മണ്ണാര്‍ക്കാട്ടെ വീട്ടിലേക്ക് പോയി. ഇന്ന് മറ്റിടങ്ങളിലും സന്ദര്‍ശനം നടത്തും. വരും ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ നീക്കം. കോണ്‍ഗ്രസിലെ ്എ ഗ്രൂപ്പുകാരുടെ പൂര്‍ണ പിന്തുണയോടയാണ് രാഹുല്‍ എത്തിയത്.

അന്തരിച്ച കെപിസിസി സെക്രട്ടറി പി ജെ പൗലോസിന്റെ വീട്ടിലും രാഹുല്‍ എത്തിയപ്പോള്‍ ഇവിടെ വെച്ച് മറ്റു നേതാക്കളെയും രാഹുല്‍ കണ്ടു. ബെന്നി ബെഹനാന്‍, വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ കണ്ടു. ബെന്നി ബെഹനാന്‍ രാഹുലിനെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കൈ കൊടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ് രാഹുലുമായി ദീര്‍ഘസംഭാഷണം നടത്തി.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. കെഎസ്യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയാണ് രാഹുലിന്റെ വാഹനമോടിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭും രാഹുലിനൊപ്പമുണ്ടായിരുന്നു.

അതേസമയം,. പാത്തും പതുങ്ങിയും അല്ല ജനപ്രതിനിധി പാലക്കാട് എത്തേണ്ടതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. വ്യക്തിപരമായ പരുപാടികള്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ല. എംഎല്‍എ ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ പിന്തുണയോടെയാണ് രാഹുലിന്റെ യാത്രയെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ കെ ഷാനിബും പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ പ്രതിഷേധമുണ്ടാകും. പ്രതിഷേധങ്ങള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ ഉണ്ടാകുമെന്നും ഷാനിബ് പറഞ്ഞു.

അതേസമയം മണ്ഡലത്തിലെത്തിയ രാഹുല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും രാഹുല്‍ പ്രതികരിച്ചില്ല. കാണേണ്ടപ്പോള്‍ കണ്ടോളാം എന്നായിരുന്നു മാധ്യമങ്ങളോടുള്ള രാഹുലിന്റെ മറുപടി. രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. രാഹുലിന്റെ ശബ്ദരേഖകളും ടെലഗ്രാം ചാറ്റുകളുമാണ് ശേഖരിച്ചത്. ഇത് രാഹുലിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. നിലവില്‍ കേസില്‍ പരാതി നല്‍കിയ 11 പേരുടെയും മൊഴി അന്വേഷകസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

സമൂഹമാധ്യമത്തിലൂടെയാണ് രാഹുല്‍ പരിചയപ്പെട്ടതെന്നും തുടക്കംമുതല്‍ അശ്ലീല മെസേജുകള്‍ അയച്ചെന്നും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും യുവനടി അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും കൈമാറി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കപ്പെട്ട ഇരയുമായി സംസാരിച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭച്ഛിദ്രത്തിനിരയായ മറ്റ് രണ്ടു യുവതികളുടെ കൂടെ മൊഴി ലഭിക്കാനാണ് അന്വേഷകസംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Tags:    

Similar News