'മുന്‍പ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നു; ഇപ്പോഴിതാ പച്ചക്ക് അതിന്റെ ഭാവങ്ങള്‍ എല്ലാം കാട്ടുന്നു; അടുത്തതു പൃഥ്വിരാജ് പിന്നെ മോഹന്‍ലാല്‍': ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങളുടെ പേരില്‍ സംഘപരിവാറിന്റെ എതിര്‍പ്പ് നേരിട്ട എമ്പുരാന്‍ സിനിമയുടെ നിര്‍മ്മതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുമ്പോള്‍, പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍പ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ പച്ചക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയുടെ അടുത്ത ഉന്നം പൃഥ്വിരാജും പിന്നെ മോഹന്‍ലാലും ആയിരിക്കുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
'മുന്‍പ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നു, ഇപ്പോഴിതാ പച്ചക്ക് അതിന്റെ ഭാവങ്ങള്‍ എല്ലാം കാട്ടുന്നു. അടുത്തതു പ്രിത്വിരാജ് പിന്നെ മോഹന്‍ലാല്‍' -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. ഗോകുലം ഗോപാലന്റെ കോഴിക്കോട് അരയിടത്ത്പാലത്തെയും ചെന്നൈ കോടമ്പാക്കത്തെയും ധനകാര്യസ്ഥാപനങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്.
ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി പറഞ്ഞു. അനധികൃതമായി വിദേശത്ത് സ്വത്ത് സമ്പാദിച്ചുവെന്നും സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലയെന്നും ഇഡി വ്യക്തമാക്കി. ഗോകുലത്തിന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം മാളിലുമായിരുന്നു പരിശോധന.
ചിട്ടി ഇടപാടിന്റെ പേരില്‍ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.