യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; തെറ്റ് ചെയ്തത് കൊണ്ടല്ല, തനിക്ക് വേണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ടെന്ന അവസ്ഥ വരരുത് എന്നതു കൊണ്ടാണ് രാജിയെന്ന് രാഹുല്‍; യുവനടി ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിവൃത്തികെട്ട് പടിയിറക്കം; എംഎല്‍എ സ്ഥാനത്ത് തുടരും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-08-21 08:07 GMT

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ്് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് ഗതികെട്ട് രാജിവെച്ചത്. രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്തിന് കൈമാറി. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ക്കാറും സിപിഎമ്മും പ്രതിരോധത്തിലായ ഘട്ടത്തിലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും തനിക്കെതിരെ ഔദ്യോഗികമായി പരാതി ഉയര്‍ന്നിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

തനിക്കൊപ്പം നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഉച്ചയ്ക്ക് 1.30 ഓടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കുന്നുവെന്ന് അറിയിച്ചത്. 'എനിക്ക് നല്ല സൗഹൃദങ്ങളുണ്ട്. നാളെയും ആ സൗഹൃദം തുടരുമെന്നാണ് കരുതുന്നത്. മലയാള സിനിമയിലെ ഒരു നടി എന്റെ പേര് പറഞ്ഞിട്ടില്ല. ഞാന്‍ ഈ രാജ്യത്തെ ഭരണസംവിധാനത്തിനും ഭരണഘടനയ്ക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല,' രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

'ഈ രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ട്. ആരും എനിക്കെതിരെ പരാതി നല്‍കിയിട്ടില്ല. പരാതി വന്നാല്‍ അതിന് ഞാന്‍ മറുപടി നല്‍കും. ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു എന്നൊരു പരാതി ഏതെങ്കിലും വ്യക്തി എനിക്കെതിരെ നല്‍കിയിട്ടില്ല. അങ്ങനെയൊരു പരാതി വന്നാല്‍ മറുപടി നല്‍കാം,' രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

'ഇന്നത്തെ കാലത്ത് ഒരു ഓഡിയോ സന്ദേശം ഉണ്ടാക്കാന്‍ പ്രയാസമില്ല. മാധ്യമങ്ങള്‍ പരാതി ഇല്ലാത്ത ഗര്‍ഭഛിദ്രത്തെക്കുറിച്ച് പറയുന്നു. ഈ നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരെ പരാതിയുണ്ടോ? സര്‍ക്കാരിലെ അന്തച്ഛിദ്രം മറക്കാനാണ് ശ്രമം. താന്‍ എവിടേയും പോയിട്ടില്ല, സ്വന്തം വീട്ടില്‍ തന്നെയുണ്ട്,' രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് രാഹുലിന്റെ രാജി ഹൈക്കമാന്‍ഡ് ചോദിച്ചു വാങ്ങിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് ആണ് ബുധനാഴ്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്.

ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായി. ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്‌നേഹ പ്രതികരിച്ചിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിച്ചിരുന്നു. പത്തനംതിട്ടയിലെ രാഹുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ പാലക്കാട് മാര്‍ച്ച് നടത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

താരപരിവേഷത്തിന്റെ പാരമ്യത്തില്‍ നിന്ന് ഒറ്റപ്പെടലിന്റെ അനാഥത്വത്തിലേക്കാണ് ഒറ്റ രാത്രി കൊണ്ട് യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ വീണു പോയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പാലക്കാട് എംഎല്‍എ സ്ഥാനത്തേക്കുമെല്ലാം കൈപിടിച്ചുയര്‍ത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂടി കൈവിട്ടതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇരുട്ടിലാണ്.

Tags:    

Similar News