വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണറെ അപമാനിച്ചെന്നും രാജ്ഭവന്‍; പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല; ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞത് വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യം; വിമര്‍ശനവുമായി വാര്‍ത്താക്കുറിപ്പ്

വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച് രാജ്ഭവന്‍

Update: 2025-06-19 10:29 GMT

തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് വിമര്‍ശനവുമായി രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണ്ണറെ അപമാനിച്ചെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണ്.

മന്ത്രി വി. ശിവന്‍കുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഇങ്ങനെ പറഞ്ഞത്. ഇത് വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു ഇന്ന് രാജ്ഭവനില്‍ നടന്നത്. പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്. പരിപാടിയുടെ ഷെഡ്യൂളില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താന്‍ ചെല്ലുമ്പോള്‍ ചിത്രത്തില്‍ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറയുന്നു.

അതേസമയം, ഭാരതാംബചിത്ര വിവാദത്തില്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ദേശീയത, രാജ്യസ്നേഹം എന്നിവയില്‍ നിന്ന് പിന്നോട്ടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി തൊഴുന്ന ഗവര്‍ണറുടെ ചിത്രവും രാജ്ഭവന്‍ പുറത്തുവിട്ടു. പരിപാടിയില്‍ മന്ത്രി വി.ശിവന്‍കുട്ടി പ്രസംഗിക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെടുത്തുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങില്‍ ആശംസ അര്‍പ്പിച്ച ശേഷം രാജ്ഭവനില്‍നിന്ന് ഇറങ്ങിപ്പോയത്. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് രാജ്ഭവനിലെ ചടങ്ങ് മന്ത്രി പി.പ്രസാദ് ഒഴിവാക്കിയതിനു പിന്നാലെയാണ് പുതിയ വിവാദം.

Tags:    

Similar News