പാക് ഭീകരരെ പറ്റി പറയുമ്പോള്‍ എം എ ബേബിക്കും വി ഡി സതീശനും അസ്വസ്ഥത; ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കള്‍ അത്തരം നടപടികള്‍ തിരുത്താന്‍ തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍

പാക് ഭീകരരെ പറ്റി പറയുമ്പോള്‍ എം എ ബേബിക്കും വി ഡി സതീശനും അസ്വസ്ഥത

Update: 2025-04-24 13:50 GMT

തിരുവനന്തപുരം: പഫല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെ പറ്റി പറയുമ്പോള്‍ എന്തിനാണ് എം എ ബേബിയും വി ഡി സതീശനും അസ്വസ്ഥരാവുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എന്തിനാണ് ഈ നേതാക്കള്‍ പാക് ഭീകരരെ പിന്തുണക്കാന്‍ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കള്‍ അത്തരം നടപടികള്‍ തിരുത്താന്‍ തയ്യാറാവണമെന്നും തിരുവനന്തപുരം സിറ്റി ജില്ലാ വികസിത കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

കേന്ദ്രപദ്ധതികളുടെ പ്രയോജനം ഭാവഭേദമില്ലാതെ എല്ലാ ജനങ്ങള്‍ക്കും നല്‍കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. എല്ലാവര്‍ക്കും വേണ്ടിയാണ് ബിജെപി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതേറ്റെടുത്ത് ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ നാട്ടില്‍ മാറ്റം കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ വികസിത കേരളം എന്നത് നമ്മുടെ ദൗത്യവും ലക്ഷ്യവുമായി കരുതണം. വികസനം, തൊഴില്‍ അവസരങ്ങള്‍, നിക്ഷേപങ്ങള്‍ ഒക്കെ ഈ നാട്ടിലേക്ക് എത്തിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്നത് ജനങ്ങള്‍ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖര്‍.

വാജ്‌പേയി സര്‍ക്കാര്‍ ശക്തമായ സമ്പദ്ഘടനയായി മാറ്റിയ ഇന്ത്യയെ പത്തുവര്‍ഷത്തെ യുപിഎ ഭരണം തകര്‍ത്തു. എല്ലാ മേഖലയിലും അഴിമതി നിറഞ്ഞ യുപിഎ ഭരണത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹം കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നമ്മുടെ നാടിനെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇതേ സമയം തന്നെയാണ് ഒന്‍പത് വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തെ നശിപ്പിച്ചത്. നമ്മുടെ സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട ദശാബ്ദമാണ് കടന്നുപോകുന്നതെന്നും രാജീവ് പറഞ്ഞു.

Tags:    

Similar News