പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസിനില്ല; 2021 ല്‍ പ്രതിപക്ഷ നേതാവായിരുന്ന തന്നെ മുഖ്യമന്ത്രിയായി ആരും ഉയര്‍ത്തിക്കാട്ടിയില്ലല്ലോ? ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച വേണ്ട; താന്‍ അനാവശ്യ ചര്‍ച്ച ഉണ്ടാക്കിയില്ല; നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസിനില്ല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുന്ന കീഴ്വഴക്കം കോണ്‍ഗ്രസിന് ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ രമേശ് ചെന്നിത്തല. 2021 ല്‍ പ്രതിപക്ഷ നേതാവായിരുന്ന തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരും ഉയര്‍ത്തിക്കാട്ടിയില്ലല്ലോ എന്നാണ് ചെന്നിത്തല ചോദിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച വേണ്ടെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച വേണ്ട. ആദ്യം തദ്ദേശ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിലാകണം ചര്‍ച്ച വേണ്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് തന്നെയാണ് നിലവിലെ മുഖ്യ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.
താന്‍ എന്നും കോണ്‍ഗ്രസിന് വേണ്ടി നിലപാട് സ്വീകരിച്ച വ്യക്തിയാണ്. തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റിയപ്പോള്‍ ഒരക്ഷരവും എതിര്‍ത്തു പറഞ്ഞില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി നില്‍ക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് താന്‍ എന്തായാലും ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ആരാണ് ചര്‍ച്ച ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അനാവശ്യ ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 70 ശതമാനം വിജയം നേടിയത്. അതേ വിജയം ഇത്തവണയും ഉണ്ടാകണം. വമ്പിച്ച വിജയം ഉണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ നിയമസഭയില്‍ വിജയിക്കാന്‍ സാധിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേരളത്തില്‍ ഒരു ഭരണമാറ്റത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സമയത്ത് ജനവികാരം ഫലപ്രദമായി ഉപയോഗിക്കാനാകണം സാദിഖലി തങ്ങള്‍ തന്നെക്കുറിച്ച് എഴുതിയത് മറ്റൊരു തരത്തിലും വ്യാഖാനിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ചെന്നിത്തല എന്‍എസ്എസ് വേദിയിലും സമസ്ത വേദിയിലും സജീവമായിരുന്നു. ചെന്നിത്തല-എന്‍എസ്എസ് മഞ്ഞുരുകലിന് കാരണമായത് പി ജെ കുര്യന്റെ ഇടപെടലായിരുന്നു. മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണം ലഭിച്ചത് ചെന്നിത്തലയും പി ജെ കുര്യനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം. മാസങ്ങള്‍ മുന്‍പ് പി ജെ കുര്യന്റെ വസതിയിലെത്തി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെന്നിത്തല മന്നം സമാധിയിലെ താരമായതും.
രമേശ് ചെന്നിത്തല കൂടുതല്‍ സജീവമായി രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. യുഡിഎഫിന് ഭരണം കിട്ടും എന്ന പ്രതീക്ഷയിലായിലാണ് ഇത്തരം ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍, അത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നാണ് ചെന്നിത്തല പിന്നീട് വ്യക്തമാക്കിയിരുന്നു.
തനിക്ക് എല്ലാ സമുദായങ്ങളുമായി നല്ല ബന്ധമാണെന്നും അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ചെന്നിത്തല പറഞ്ഞു. അത് ഇന്നും തുടരുന്നു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രധാനപ്പെട്ട ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണ്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് വമ്പിച്ച വിജയം ഉണ്ടാക്കാന്‍ കഴിയണം. താന്‍ കെപിസിസി പ്രസിഡന്റായ കാലത്താണ് 70 ശതമാനം പഞ്ചായത്തുകള്‍ നേടിയത്. അത്തരം വിജയം ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഭരണം പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരുമായി തട്ടിച്ചുനോക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ദുരന്തമാണ്. അതുകൊണ്ട് സര്‍ക്കാരിനെ മാറ്റാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. മറ്റുകാര്യങ്ങള്‍ ഇപ്പോ ചര്‍ച്ചാ വിഷയങ്ങളല്ല. അത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്. പാര്‍ലമെന്റിലുണ്ടായ വിജയം ആവര്‍ത്തിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
അതേസമയം എന്‍എസഎസ് വേദിയില്‍ താരമായ ചെന്നിത്തല പിന്നീട് സമസ്ത വേദിയിലും സജീവമായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. നേരത്തെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ രമേഷ് ചെന്നിത്തല ജാമിഅയിലെത്തിയത്. കഴിഞ്ഞവര്‍ഷത്തെ ജാമിയഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ വി ഡി സതീശന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ വിഡി സതീശന്‍ സമ്മേളന പരിപാടികളില്‍ ഇടം ലഭിച്ചിരുന്നില്ല.