കെ.എസ്.ഇ.ബിയുടെ ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു; സാമ്പത്തിക ബാധ്യതയാണ് അവരുടെ പ്രധാന ന്യായം; ഇത് എല്ലാ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകും; വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച് റസാഖ് പാലേരി

Update: 2024-12-05 16:32 GMT

തിരുവനന്തപുരം: വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കെ.എസ്.ഇ.ബി യും സർക്കാരും ഉടൻ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി തുറന്നടിച്ചു. യൂണിറ്റിന് 30 പൈസയും വേനൽ കാലത്ത് 10 പൈസ അധികമായും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനുള്ള ശുപാർശയാണ് റെഗുലേറ്ററി കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുള്ളത്.

കമ്മീഷനിൽ നിന്ന് അനുകല റിപ്പോർട്ട് വന്നാൽ ഉടൻ തീരുമാനം ഉണ്ടാകും എന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. കെ.എസ്.ഇ.ബി യുടെ കെടുകാര്യസ്ഥതയുടെ ഭാരമാണ് ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ഇതിലൂടെ ശ്രമിക്കുന്നത്.

സാമ്പത്തിക ബാധ്യതയും ആഭ്യന്തര ഉത്പ്പാദനത്തിലെ കുറവുമാണ് വില വർധനക്കുള്ള ന്യായമായി പറയുന്നത്. കൂടിശ്ശികകൾ കൃത്യമായി പിരിച്ചെടുക്കാതെയും , ദീർഘകാല വൈദ്യുത കരാർ ഉണ്ടാക്കാതെയും, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനുള്ള സംവിധാനങ്ങൾ സമയ ബന്ധിതമായി പൂത്തിയാക്കാതെയും കൃത്യവിലോപം കാണിക്കുന്നതാണ് കെഎസ്ഇബിയുടെ പ്രതിസന്ധിയുടെ കാരണം. വകുപ്പ് മന്ത്രിയും സർക്കാരും പരാജയപ്പെടുന്നതിൻ്റെ ഭാരം ജനങ്ങൾ വഹിക്കേണ്ടതില്ല .

മുഴുവൻ അവശ്യ സാധനങ്ങളുടെയും വില നിയന്ത്രാണാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണ്. സാധനങ്ങൾ വാങ്ങാൻ കഴിയാതെ ജനങ്ങൾ മാർക്കറ്റുകളിൽ നിന്ന് തിരിച്ചു പോവുകയാണ്. മാർക്കറ്റ് വില പിടിച്ചു നിർത്താനോ കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിനോ ആവശ്യമായ ഒരു ഇടപെടലും സർക്കാർ നടത്തുന്നില്ല.

അതിനിടയിൽ വൈദ്യുത ചാർജ് കൂടി വർദ്ധിപ്പിച്ചാൽ ജനങ്ങൾ എങ്ങനെ ജീവിക്കും എന്നുകൂടി സർക്കാർ പറഞ്ഞു തരണം. വൈദ്യുത ചാർജ് വർദ്ധന എല്ലാ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകും.

പൊതു ജനങ്ങൾക്ക് ഭാരമാകാത്ത രീതിയിലായിരിക്കും വില വർദ്ധനവ് നടപ്പിലാക്കുക എന്ന തമാശ പറഞ്ഞു വൈദ്യുതി മന്ത്രി അപഹാസ്യനാവുകയാണ്. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ വൈദ്യുതി ചാർജ് വർദ്ധനവ് പോലെയുള്ള ജനദ്രോഹ നടപടികളിൽ നിന്ന് ഇടത് സർക്കാർ പിന്മാറുക തന്നെ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News