സ്വന്തം ബ്രാഞ്ചില്‍ നിന്ന് ലോക്കല്‍ സമ്മേളന പ്രതിനിധിയാക്കില്ലെന്ന് ഭയം; മറ്റൊരു ബ്രാഞ്ചില്‍ നിന്ന് ലോക്കല്‍ സമ്മേളന പ്രതിനിധിയായി; കെട്ടി ഇറക്കിയ ആളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ സമ്മേളനം ബഹിഷ്‌കരിച്ച് പ്രതിനിധികള്‍
സി.പി.എം ലോക്കല്‍ സമ്മേളനം ബഹിഷ്‌കരിച്ച് പ്രതിനിധികള്‍
പത്തനംതിട്ട: സ്വന്തം ബ്രാഞ്ചില്‍ നിന്ന് ലോക്കല്‍ സമ്മേളന പ്രതിനിധിയാക്കില്ലെന്ന് ഭയത്താല്‍ മറ്റൊരു ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത് അവിടെ നിന്ന് ലോക്കല്‍ സമ്മേളന പ്രതിനിധിയായ നേതാവിനെതിരേ ബഹളം. ബ്രാഞ്ചില്‍ നിന്നുള്ള പ്രതിനിധികള്‍ മുഴുവന്‍ മല്ലപ്പുഴശേരി ലോക്കല്‍ സമ്മേളനം ബഹിഷ്‌കരിച്ചു. പുന്നയ്ക്കാട് നടന്ന സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ നിന്നാണ് കുഴിക്കാല ബ്രാഞ്ച് ഭാരവാഹികളും സമ്മേളന പ്രതിനിധികളും ഒന്നടങ്കം ഇറങ്ങിപ്പോയത്. കുഴിക്കാല ബ്രാഞ്ചില്‍പ്പെട്ട അംഗം അവിടെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.
ഈ ബ്രാഞ്ച് യോഗത്തില്‍ പങ്കെടുത്താല്‍ ലോക്കല്‍ സമ്മേളനത്തിലേക്ക് അയക്കില്ല എന്ന സംശയത്തെ തുടര്‍ന്ന് കുഴിക്കാല ഹൈസ്‌കൂള്‍ ഭാഗം ബ്രാഞ്ചില്‍ എത്തി അവിടെ നിന്നും പങ്കെടുക്കുകയായിരുന്നു. ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധിയായി എത്തിയ ഇയാളെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനെ കുഴിക്കാല ബ്രാഞ്ചുകാര്‍ ഒന്നടങ്കം എതിര്‍ത്തെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. ഇതോടെയാണ് ഇറങ്ങിപ്പോക്ക് ഉണ്ടായത്. പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ചുവിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ലോക്കല്‍ സമ്മേളനം.
പുന്നയ്ക്കാട് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഴിമതികള്‍ക്ക് എതിരെ ശക്തമായ വിമര്‍ശനവും പ്രതിനിധികള്‍ ഉന്നയിച്ചു. സി.പി.എമ്മിന് കാര്യമായ പരിഗണന ഇല്ലാത്ത ഭരണം എന്തിനെന്നാണ് അംഗങ്ങള്‍ ഉയര്‍ത്തിയ ചോദ്യം. സി.പി.എം അംഗങ്ങളെ പ്രസിഡന്റാക്കാന്‍ കഴിയാത്തത് പരാജയമാണെന്നും ഇവര്‍ ആരോപിച്ചു. മണ്ണു മാഫിയ ശക്തമായ പഞ്ചായത്തില്‍ സി.പി.എമ്മിന് പ്രയോജനം ഇല്ലെങ്കിലും വിമര്‍ശനം മുഴുവന്‍ പാര്‍ട്ടിക്ക് നേരെയാണെന്നുംപ്രതിനിധികള്‍ പറഞ്ഞു. സോമരാജന്‍ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.