പ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റും; നേതൃഗുണം മാത്രം പരിഗണിക്കുമെന്ന് പറയുമ്പോഴും ഗ്രൂപ്പു സമവാക്യങ്ങളും പരിശോധിക്കും; കെപിസിസി ടീമിലും അഴിച്ചുപണിയുണ്ടാകും; യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍; 'ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തലങ്ങളിലും മാറ്റം വരു'മെന്ന് സണ്ണി ജോസഫ്

പ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റും

Update: 2025-07-10 01:24 GMT

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പുനസംഘടനയിലേക്ക് കടക്കുന്നു. ഡിസിസി തലത്തിലും കെപിസിസി തലത്തിലും അഴിച്ചുപണികള്‍ നടത്താനാണ് തീരുമാനും. സമ്പൂര്‍ണ അഴിച്ചുപണിക്കു പകരം മാറ്റം അനിവാര്യമായ ഡിസിസികളില്‍ കഴിയുന്നതും വേഗം പരിഷ്‌കാരം നടപ്പാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്ന്ത. കെപിസിസിയില്‍ പുതിയ അധ്യക്ഷനും വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും കീഴിലെ ഭാരവാഹികളുടെ കാര്യത്തിലും ചില മാറ്റങ്ങളുണ്ടാകും.

'ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തലങ്ങളിലും മാറ്റം വരും' എന്ന് എഐസിസി നേതൃത്വവുമായുള്ള യോഗത്തിനു ശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി വൈകിപ്പിക്കരുതെന്നതാണ് യോഗത്തിലെ ധാരണ. ഈമാസം തന്നെ പുനസംഘടന നടത്താനാണ് തീരുമാനം. പാര്‍ട്ടി നേരത്തേ കൈക്കൊണ്ട തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാതെ, നിലവിലെ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കാനും പുതിയ ആളുകളെ തീരുമാനിക്കാനും പുതിയ ചില മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കും.

പ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാനാണ് സാധ്യത. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ഒഴികേ എല്ലാ ഡിസിസി അധ്യക്ഷന്‍മാരെയും നീക്കിയേക്കും. ഇതിനായി, പ്രതിപക്ഷ നേതാവ്, കെപിസിസി പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ചു തുടര്‍നടപടിയുമായി മുന്നോട്ടുപോകാനാണ് എഐസിസി കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫലത്തില്‍, കേന്ദ്ര നിരീക്ഷകരെ വിട്ടു താഴേത്തട്ടില്‍ പഠനം നടത്തി അധ്യക്ഷരെ നിശ്ചയിക്കുന്ന എഐസിസിയുടെ പുതിയ പുനഃസംഘടനാരീതി കേരളത്തിലുണ്ടാകില്ല.

സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എന്നിവരുമായി ചര്‍ച്ച ചെയ്തത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയും പങ്കെടുത്തു.

അതേസമയം സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമിന്റെ 2 മാസത്തെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയാണ് എഐസിസി യോഗത്തില്‍ പങ്കുവച്ചത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അധ്യക്ഷന്‍ സംഘടനാ ജനറല്‍ സെക്രട്ടറിക്ക് കൈമാറിയെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് എഐസിസിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ താഴേത്തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നാണ് ഹൈക്കമാന്റിന് നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃസംഘടന ഉടന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ പിസിസി, ഡിസിസി നേതൃത്വത്തില്‍ പുനഃസംഘടന നടത്താന്‍ നിര്‍ദേശമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാര്‍, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പുനഃസംഘടന വേഗത്തിലാക്കണമെന്നും ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പുനഃസംഘടന നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും, തിരഞ്ഞൈടുപ്പില്‍ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുകയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്താല്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്.

സുനില്‍ കനഗോലു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ ഐ സി സി നീങ്ങുന്നത്. ഈമാസം പുനഃസംഘടന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡല്‍ഹി എ ഐ സി സി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും, കെ പി സി സി അധ്യക്ഷനുമായും നേതൃത്വം ചര്‍ച്ചകള്‍ നടത്തും. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരായവരെമാത്രം നേതൃത്വത്തിലേക്ക് കൊണ്ടുവരികയെന്നതാണ് ഹൈക്കമാന്റ് നിര്‍ദേശം. പ്രവര്‍ത്തനരംഗത്ത് മികവുകാട്ടുന്നവരെ മാത്രം നേതൃത്വത്തിലേക്ക് കൊണ്ടുവരിക, ജനകീയരെ മാത്രം തദ്ദേശതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുക എന്നിയാണ് എ ഐ സി സി നിര്‍ദേശം.

കേരളത്തിലെ കോണ്‍്ഗ്രസ് നേരിടുന്ന മുഖ്യവിഷയം ഗ്രൂപ്പിസമാണ്. രണ്ട് പ്രബലഗ്രൂപ്പുകളും, ഗ്രൂപ്പ് പരിഗണനയ്ക്കപ്പുറം നേതൃഗുണം മാത്രം പരിഗണിക്കുകയെന്നതാണ് നിര്‍ദേശമെങ്കിലും ജില്ലാ അധ്യക്ഷന്മാരെ പരിഗണിക്കുമ്പോള്‍ ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിക്കേണ്ടിവരും. പ്രവര്‍ത്തനരംഗത്ത് സജീവമല്ലാത്തവരെ ഗ്രൂപ്പിന്റെ പേരില്‍ നിര്‍ദേശിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

കെ പി സി സി ഭാരവാഹികളില്‍ ആരെയൊക്കെ നിലനിര്‍ത്തണം, ആരെയൊക്കെ ഒഴിവാക്കണമെന്ന് അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവും. ഡല്‍ഹിയില്‍ എ ഐ സി സി ആസ്ഥാനത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയും ഭാരവാഹി പട്ടികയെക്കുറിച്ചാണ്. കെ പി സി സി യില്‍ ഭാഗികമായുള്ള പുനഃസംഘടനയും ഡി സി സി തലത്തില്‍ ഭാരവാഹി പട്ടികയില്‍ സമ്പൂര്‍ണ മാറ്റവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയും ഇതോടൊപ്പം തയ്യാറാക്കും. ത്രിതല പഞ്ചായത്തുകളിലേക്കും, മുനിസപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ്.

കേരളത്തിലെ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്റിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണകരമാവുമെന്ന സുനില്‍ കനഗോലുവിന്റെ നിര്‍ദേശവും എ ഐ സി സി പരിഗണിക്കുന്നുണ്ട്. മധ്യകേരത്തില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയാണ് ഭരണം നഷ്ടപ്പെടാന്‍ കാരണമായതായി കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ക്രിസ്റ്റ്യന്‍ വിഭാഗത്തിന്റെ വിശ്വാസ്യത നേടിയെടുക്കാനുള്ള കര്‍മ പദ്ധതിയും കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നുണ്ട്.

ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍ നിന്നും ഒരു കെ പി സി സി അധ്യക്ഷനെ കണ്ടെത്തണമെന്ന സുനില്‍ കനഗോലുവിന്റെ നിര്‍ദേശം സ്വീകരിച്ചാണ് സണ്ണി ജോസഫിനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്. കെ പി സി സി ജന.സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരില്‍ ആരെയൊക്കെ മാറ്റണമെന്നതിലായിരിക്കും ചര്‍ച്ച. പ്രവര്‍ത്തന രംഗത്ത് സജീവമല്ലാത്തവരെ മാറ്റി പുതിയവരെ കൊണ്ടുവരാനാണ് പ്രധാനമായും നിര്‍ദേശം. അതേ സമയം സ്ഥാനങ്ങളില്‍ നിന്നും മാറ്റിയതിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

തിരരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി. ഗുജറാത്ത് സമ്മേളന തീരുമാനപ്രകാരം ജില്ലാ കമ്മിറ്റിമുതല്‍ കെ പി സി സി വരെ പുനഃസംഘടന നടത്താനുള്ള തീരുമാനത്തിലാണ് എ ഐ സി സിയും. ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിലമ്പൂര്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തിവച്ച പുനസംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

കേരളത്തിലെ പി സി സി അധ്യക്ഷനെ മാറ്റുകയെന്നതായിരുന്നു എ ഐ സി സിയുടെ ഏറ്റവും ദുര്‍ഘടമായിരുന്നത്. കെ പി സി സി അധ്യക്ഷനേയും യു ഡി എഫ് കണ്‍വീനറേയും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റ് മാരേയും മാറ്റിയതിന് പിന്നാലെ ഡി സി സി അധ്യക്ഷന്മാരേയും മാറ്റുകയെന്നതും കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലുള്ള പ്രധാനവെല്ലുവിളിയാണ്. അധ്യക്ഷസ്ഥാനം നിലനിര്‍ത്താന്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചവര്‍ക്കെല്ലാം നിരാശയുണ്ടാക്കുന്നതാണ് ഹൈക്കമാന്റിന്റെ തീരുമാനം. എല്ലാ ഡി സി സി അധ്യക്ഷന്മാരേയും ഒരുമിച്ച് മാറ്റാനാണ് നേതൃത്വം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പുതിയ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചിരുന്നു.

അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ട സാധ്യതാപട്ടികയും തയ്യാറാക്കിയിട്ടുണ്ടെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. എല്ലാവരേയും സംരക്ഷിക്കാനായി ജംബോ കമ്മിറ്റിയുണ്ടാക്കുന്നതില്‍ ചില നേതാക്കള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാവും.

കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ കെ പി സി സി അധ്യക്ഷസ്ഥാനത്ത് കൊണ്ടുവന്നതും, വര്‍ക്കിംഗ് പ്രസിഡന്റുമാരായി യുവനേതാക്കളെ കൊണ്ടുവന്നതും പാര്‍ട്ടിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവസ്ഥാനാര്‍ത്തികളെ കൊണ്ടുവരുന്നതിലൂടെ തലമുറമാറ്റമെന്ന സന്ദേശം നല്‍കാനും നീക്കമുണ്ട്.

ഈമാസത്തോടെ പുനഃസംഘടന നടപടികള്‍ പൂര്‍ത്തിയാക്കും. അടുത്തമാസത്തോടെ കേരളത്തില്‍ കെട്ടിലും മട്ടിലും പ്രവര്‍ത്തന ശൈലിയിലും പുതിയൊരു കോണ്‍ഗ്രസ് പാര്‍ട്ടിയെ അവതരിപ്പിക്കുകയാണ് എ ഐ സി സി നേതൃത്വം ലക്ഷ്യമിടുന്നത്.

Tags:    

Similar News