ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുപ്പിച്ച ശ്രീലേഖക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? വിവാദം കുത്തിപ്പൊക്കി സന്ദീപ് വാര്യര്‍; വിമര്‍ശനവുമായി മണക്കാട് സുരേഷും

Update: 2025-11-10 08:27 GMT

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ആറ്റുകാല്‍ ക്ഷേത്രത്തിലെ ചടങ്ങായ കുത്തിയോട്ടവുമായി ബന്ധപ്പെട്ട വിവാദം ഓര്‍മ്മിച്ചാണ് സന്ദീപ് വാര്യര്‍ ശ്രീലേഖയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തെ ഹിന്ദു സംഘടന പ്രവര്‍ത്തകരോടാണ് തന്റെ ചോദ്യം എന്ന പേരിലാണ് സന്ദീപ് വാര്യര്‍ പഴയ വിവാദം ഓര്‍മിപ്പിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആര്‍ ശ്രീലേഖക്ക് വേണ്ടിയാണോ നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്ന ചോദ്യമാണ് കെപിസിസി ജനറല്‍ സെക്രട്ടറി ഉയര്‍ത്തുന്നത്.

അതേസമയം ശ്രീലേഖ കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു.

മണക്കാട് സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മുന്‍ ഡി ജി പി ശ്രീലേഖ ഐ പി എസ് 'കാവി'വിശ്വാസികള്‍ക്ക് പറ്റിയ 'കപട'വിശ്വാസി. ശ്രീലേഖ ഐ പി എസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാര്‍ഥിയാക്കിയെന്ന് , ഗംഭീരം അനന്തപുരിയിലെ ബിജെപിക്കാര്‍ക്ക് അര്‍ഹതപ്പെട്ടത് തന്നെ കിട്ടി!

അഖില ലോക പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ' എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാന്‍ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലില്‍ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ് ...... വിശ്വാസ സമൂഹത്തെയോ ? അതോ കേരളത്തെ തന്നെയോ ?

' ഇത് ആറ്റുകാലമ്പലമോ ആണ്‍പിള്ളേരുടെ ജയില്‍ മുറിയോ ?' എന്ന ശ്രീലേഖ ഐ പി എസിന്റെ ചോദ്യം അമ്മയുടെ ഭക്തരായ ഞങ്ങളാരും ഇതുവരെ മറന്നിട്ടില്ല. കന്നഡ ഭൂമി കണ്ടവര്‍ക്ക് വിറ്റ 'മലയാളി ' പ്രസിഡന്റ് ഇങ്ങനെയൊരു വാര്‍ത്ത തന്നെ കേട്ടിട്ടുവേണ്ടേ മറക്കാന്‍. ചാനലില്‍ ഒന്ന് തപ്പിയാല്‍ മതി ഐപിഎസ് 'സിംഹിണി'യുടെ ആ ബെറ്റ് കിട്ടും.

ജയിലിന്റെ ചാര്‍ജ്ജുണ്ടായിരുന്ന ശ്രീലേഖ ഐ പി എസ് അന്ന് പറഞ്ഞത് കുട്ടികള്‍ കുത്തിയോട്ടത്തില്‍ പങ്കെടുത്താല്‍ അവരെയും രക്ഷാകര്‍ത്തകളെയും അന്നത്തെ ഐ പി സി പീനല്‍ കോഡ് സെക്ഷന്‍ 89, 319, 320, 349, 350, 351 പ്രകാരം അകത്തിടുമെന്ന് . അതേ മേഡം ഇന്ന് അനന്തപുരിയില്‍ ബിജെപിയെ നയിക്കുന്നു. ആദിപരാശക്തിയുടെ ആത്മീയ സന്നിധിയായ സ്ത്രീകളുടെ ശബരിമലയില്‍ നടത്തുന്ന കുത്തിയോട്ട വൃതത്തെ 'കുട്ടികള്‍ക്ക് നേരെയുള്ള പച്ചയായ ശാരീരിക മാനസിക പീഡനമെന്ന് ' പരിഹസിച്ച ആളാണ് അനന്തപുരിയെ നയിക്കാന്‍ ഒരുങ്ങുന്ന 'വനിതാരത്‌നം '.

കൊടകരയിലെ കുഴലിലൂടെ പണമൊഴുകിയപ്പോള്‍ അയ്യപ്പസ്വാമിക്ക് മുന്നിലെ നാമജപവും ത്രിശൂരിലെ പ്രജകള്‍ക്കൊരു രാജാവിനെ കൊടുക്കാമെന്ന് സമ്മതിച്ചപ്പോള്‍ വടക്കുംനാഥന്റെ കലങ്ങിയ പൂരവും മറക്കാന്‍ ബിജെപിക്ക് എളുപ്പമായിരിക്കും, പക്ഷെ കറകളഞ്ഞ വിശ്വാസികള്‍ അത് മറക്കില്ല. കാക്കിയില്‍ നിന്ന് കാവിയിലേയ്ക്ക് മാറിയ ശ്രീലേഖയിലെ കപടതകള്‍ ഒന്നൊന്നായി തുറന്ന് കാട്ടപ്പെടാനിരിക്കുന്നതേയുള്ളൂ.....

2018 ല്‍ ആയിരുന്നു ആര്‍ ശ്രീലേഖ കുത്തിയോട്ടത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കുത്തിയോട്ടം വഴി കുട്ടികള്‍ക്ക് ശാരീരികവും മാനസ്സികവുമായ കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നു എന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. ഇത്തരം ആചാരങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമായിട്ടും ആരും പരാതി നല്‍കുന്നില്ല. ആണ്‍കുട്ടികളെ ആചാരത്തിന്റെ ഭാഗമായി മാനസികമായും ശാരീരികമായും പീഡനത്തിരയാക്കുന്ന പ്രവണതയാണ് കണ്ടുവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ, ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി, മുന്‍ ഡിജിപി ശ്രീലേഖ മത്സരത്തിന്, ആദ്യഘട്ട പട്ടികയില്‍ 67 പേര്‍

ഞായറാഴ്ച പ്രഖ്യാപിച്ച തിരുവനന്തപുരത്തെ ആദ്യഘട്ട പട്ടികയിലാണ് സ്ഥാനാര്‍ഥിയായി ആര്‍ ശ്രീലേഖ ഇടം പിടിച്ചത്. ശാസ്തമംഗലം വാര്‍ഡിലാണ് ശ്രീലേഖ മത്സരിക്കുന്നത്.

Tags:    

Similar News