'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എംശ്രീ കുട്ടികള്‍ക്കായി'; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാറിനെ രൂക്ഷമായി പരിഹസിച്ച് സാറാ ജോസഫ്

'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എംശ്രീ കുട്ടികള്‍ക്കായി

Update: 2025-10-24 07:19 GMT

കൊച്ചി: പി.എംശ്രീയില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സാറ ജോസഫ്. 'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി എംശ്രീ കുട്ടികള്‍ക്കായി'- എന്നാണ് സാറ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്. പി.എംശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള ഇടത് സര്‍ക്കാറിന്റെ നടപടിയില്‍ എല്‍ഡിഎഫില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.

വിയോജിപ്പ് പരസ്യമാക്കിയും രാഷ്ട്രീയ സമ്മര്‍ദം കടുപ്പിച്ചും നിലപാടില്‍ ഉറച്ചുനിന്ന സി.പി.ഐയെ ഞെട്ടിച്ചാണ് പി.എം ശ്രീയില്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. സി.പി.ഐ ഉന്നയിച്ച രാഷ്ട്രീയ വിയോജിപ്പ് മുഖവിലക്കെടുക്കാതെയുള്ള സി.പി.എം നീക്കം മുന്നണിയില്‍ പൊട്ടിത്തെറിക്ക് കാരണമാക്കും.

പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് കരാറില്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവന്നത്. രൂക്ഷവിമര്‍ശനവുമായി സി.പി.ഐ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളും രംഗത്തുവന്നു.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. പി.എം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്റെ (എസ്.എസ്.കെ) ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. മൂന്നുതവണ മന്ത്രിസഭ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പദ്ധതിയില്‍ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജന്‍ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു.

പദ്ധതിയുടെ ഭാഗമാകുന്നതിലുള്ള വിയോജിപ്പ് സി.പി.എം നേതൃത്വത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ഒപ്പിടല്‍. പദ്ധതിയില്‍ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയില്‍ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടന്‍ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വര്‍ഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.

2022ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയുടെ നിഗൂഢ ചരട് മുന്‍നിര്‍ത്തിയാണ് കേരളം ഒപ്പിടുന്നതില്‍നിന്ന് പിന്തിരിഞ്ഞുനിന്നത്. ആര്‍.എസ്.എസ് താല്‍പര്യപ്രകാരം കാവിവത്കരണ അജണ്ടയില്‍ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി -2020) പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണാപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്. േബ്ലാക്കുകളില്‍ രണ്ട് സ്‌കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും.

Tags:    

Similar News