സി എസ് ഐ സഭയുടേയും സി എം എസ് കോളേജിലും അതിഥി റോള്‍; പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലെ റോള്‍ കണ്ട് ഞെട്ടി കേരള നേതാക്കള്‍; ശശി തരൂരിന്റെ 'കോട്ടയം പര്യടനം' ഗൗരവത്തില്‍ എടുത്ത് ഹൈക്കമാണ്ട്; കേരള രാഷ്ട്രീയ കാഴ്ചപാട് അവതരിപ്പിക്കാന്‍ തരൂര്‍ എത്തുന്നത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രത്തിലാകുമ്പോള്‍

സി എസ് ഐ സഭയുടേയും സി എം എസ് കോളേജിലും അതിഥി റോള്‍

Update: 2025-07-25 07:02 GMT

തിരുവനന്തപുരം: ശശി തരൂരിന്റെ 'കോട്ടയം പര്യടനം' ഗൗരവത്തില്‍ എടുത്ത് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ തരൂരിനെ സമ്മതിക്കരുതെന്ന സന്ദേശം കെപിസിസിയ്ക്ക് ഹൈക്കമാണ്ട് നല്‍കിയിരുന്നു. എന്നിട്ടും സിഎസ്ഐ സഭയുടെ പരിപാടിക്കൊപ്പം മറ്റ് ക്രൈസ്തവ സഭകളുടെയും വേദികളില്‍ തരൂര്‍ എത്തുന്നു. ഇത് ഗുരുതര വീഴ്ചയായി കോണ്‍ഗ്രസ് ഹൈക്കമാണ്ട വിലയിരുത്തുന്നുണ്ട്. കോട്ടയത്ത് സി എസ് ഐ സഭയുടെ യോഗത്തില്‍ തരൂര്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജൂലൈ 25നും 26നും കോട്ടയത്ത് ഉടനീളം ക്രൈസ്തവ സഭകളുടെ പരിപാടിയില്‍ തരൂര്‍ പങ്കെടുക്കുന്നു. കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള സഹായം കിട്ടാതെ ഇത് സാധ്യമാകില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാണ്ട്. ആരാണ് തരൂരിന് പിന്നിലുള്ളതെന്ന അന്വേഷണം ഹൈക്കമാണ്ട് തുടങ്ങി കഴിഞ്ഞു.

സിഎസ്ഐ സഭയുടെ പരിപാടിക്കൊപ്പം വെള്ളിയാഴ്ച, സിഎംഎസ് കോളേജിലും സംഭാഷണത്തിന് തരൂര്‍ എത്തുന്നു. പ്രമുഖ ക്രൈസ്ത വിദ്യാഭ്യാസ ഗ്രൂപ്പാണ് സിഎംഎസ് സഭയുടെ കീഴിലുള്ളത്. കേരളത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും അതില്‍ യുവതയുടെ പങ്കും എന്ന വിഷയത്തിലാണ് തരൂരിന്റെ പ്രഭാഷണം. കേരളത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാട് അവതരിപ്പിക്കാന്‍ ക്രൈസ്തവ സഭയുടെ വേദി തരൂരിന് കിട്ടുന്നു. ഇതിനൊപ്പം ബദനി ഫീസ്റ്റ് സെലിബ്രേഷനിലും എത്തുന്നു. കോട്ടയം ഗിരിദീപം ഓഡിറ്റോറിയത്തിലാണ് ഈ പരിപാടി. ഇതിനൊപ്പം ശനിയാഴ്ച പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലും തരൂര്‍ പങ്കെടുക്കുന്നു. ഏറെ പ്രാധാന്യമുള്ള ഈ പരിപാടി പാലയിലെ സെന്റ് തോമസ് പള്ളിയിലാണ്. അതായത് പാലാ രൂപതയുടെ അടക്കം പിന്തുണ തരൂരിനുണ്ടെന്ന രാഷ്ട്രീയ സന്ദേശം കേരളത്തിന് നല്‍കാന്‍ ഈ പരിപാടികളിലൂടെ തരൂരിന് കഴിയുന്നു.

കോണ്‍ഗ്രസിന്റെ കേരളത്തിലെ പരിപാടികളിലൊന്നും തരൂരിനെ പങ്കെടുപ്പിക്കുന്നില്ല. തരൂരിനെ കോണ്‍ഗ്രസുകാരനായി പരിഗണിക്കുന്നില്ലെന്ന് കെ മുരളീധരന്‍ പ്രതികരിക്കുകയും ചെയ്തു. ഇതിനിടെയാണ് പാലാ രൂപതയുടെ അടക്കം ചടങ്ങില്‍ തരൂര്‍ ക്ഷണിതാവുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ തരൂരിനുള്ള സാധ്യതയും പ്രാധാന്യവും ക്രൈസ്തവ സഭയും തിരിച്ചിറിയുന്നുവെന്ന വിലയിരുത്തല്‍ ഉയരുകയും ചെയ്യും. നേരത്തെ മുസ്ലീം സംഘടനകളുമായും തരൂര്‍ ഈ തരത്തില്‍ അടുത്തിരുന്നു. മുസ്ലീം ലീഗ് നേതൃത്വവുമായി തരൂരിന് അടുത്ത ആത്മബന്ധമുണ്ടെന്ന വാദങ്ങളും നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സംഭവിക്കുന്നതും. രാജ്യ താല്‍പ്പര്യ വാദവുമായി മോദി സര്‍ക്കാരുമായി അടുക്കുന്നതും. ഇതോടെ തരൂരിനെ കോണ്‍ഗ്രസ് വിരുദ്ധനായി കേരളത്തിലെ നേതാക്കള്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നിട്ടും പാലാ രൂപതയടക്കം തരൂരിനെ ഇപ്പോഴും അംഗീകരിക്കുന്നുവെന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഞെട്ടലായി.

കേന്ദ്ര സര്‍ക്കാര്‍ അനുകൂല പ്രസ്താവനകളിലൂടെ വിവാദത്തിലായ ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലടക്കം പങ്കെടുത്തിരുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ നടന്ന യോഗത്തിലാണ് മറ്റ് എം.പിമാര്‍ക്കൊപ്പം തരൂരും പങ്കെടുത്തത്. അവിടെ നടന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ പിറന്നാള്‍ ആഘോഷത്തിലും അദ്ദേഹമുണ്ടായിരുന്നു. അതേസമയം, സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കരുതെന്ന് യോഗത്തിന് മുമ്പ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ആവശ്യപ്പെട്ടിരുന്നു. തരൂരിനെ ഇരുത്തി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എങ്ങനെ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ചോദിച്ചിരുന്നു. രഹസ്യങ്ങള്‍ തരൂര്‍ അപ്പോള്‍ തന്നെ പ്രധാനമന്ത്രി മോദിക്ക് ചോര്‍ത്തും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷത്തോടെ ബി.ജെ.പിയിലേക്ക് പോകാനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈസ്തവ സഭകളിലെ ക്ഷണം തരൂരിന് കിട്ടുന്നതെന്നതാണ് ശ്രദ്ധേയം.

തരൂര്‍ കോണ്‍ഗ്രസിനെകൊണ്ട് നേടാവുന്നതെല്ലാം നേടിയെന്നും ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസ് തകരുവാന്‍ ആഗ്രഹിക്കുന്നുവെന്നും, തരൂരിനോടൊപ്പം ഉള്ളവര്‍ കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. തരൂരിനെതിരെ അന്തിമമായ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസ് രക്തമുള്ളവരല്ല. അതിനാല്‍ തന്നെ ശശി തരൂര്‍ കോണ്‍ഗ്രസുകാരനല്ലായെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. 'ദി ഹിന്ദു' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ മോദിയെ പ്രശംസിച്ചു. പിന്നാലെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ ഇത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രൈസ്തവ വോട്ട് ബാങ്ക് കോണ്‍ഗ്രസിന് അനുകൂലമായിരുന്നില്ല. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ യുഡിഎഫ് വിട്ടു പോക്കലിനെ അടക്കം ഇടതുപക്ഷം ഗുണകരമാക്കി മാറ്റിയിരുന്നു. ഈ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. ഇതിനിടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രൈസ്തവ വോട്ട് ബാങ്ക് ഏറെ പ്രധാന്യമുള്ളതാണ്. അതുകൊണ്ട് കൂടിയാണ് ക്രൈസ്തവ മേഖലകളിലൂടെയുള്ള തരൂരിന്റെ കോട്ടയം പര്യടനവും കോണ്‍ഗ്രസിന് ഞെട്ടിലാകുന്നത്.

Tags:    

Similar News