പാര്‍ട്ടിയില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങളില്‍ മൗനത്തില്‍ തരൂര്‍; വാക്കുകളില്‍ പ്രകോപിതനാകാതെ കരുക്കള്‍ നീക്കുന്നത് തന്ത്രപൂര്‍വ്വം; മതസാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കി കേരളാ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നീക്കം; സിഎസ്ഐ പരിപാടിയില്‍ മുഖ്യാതിഥി തരൂര്‍; ജനപിന്തുണ ആര്‍ജ്ജിക്കാനുള്ള നീക്കങ്ങളില്‍ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിന്
പാര്‍ട്ടിയില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങളില്‍ മൗനത്തില്‍ തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണമായും ഒറ്റപ്പെട്ട ശശി തരൂരിനെ കേരളാ രാഷ്ട്രീയത്തില്‍ അപ്രസക്തനാക്കാനുള്ള നീക്കങ്ങളാണ് വ്യാപകമായി നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനും അടക്കമുള്ളവര്‍ തരൂരിനെ വിമര്‍ശിച്ച് രംഗത്തുവന്നതും. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളില്‍ പ്രകോപിതനാകാതെ മൗനം പാലിക്കുകയാണ് തരൂര്‍. കോണ്‍ഗ്രസില്‍ തുടര്‍ന്നു കൊണ്ടു തന്നെ മുന്നോട്ടു പോകാനാണ് അദ്ദേഹത്തിന്റെ നീക്കം. കേരളത്തില്‍ അടക്കം അദ്ദേഹം കൂടുതല്‍ സജീവമാകുമെന്നാണ് തരൂരിനെ അനികൂലിക്കിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തരൂരിന്റെ ഈ നീക്കമാണ് തരൂര്‍ നടത്തുന്നത്. മുമ്പൊരിക്കല്‍ ഈ നീക്കം തരൂര്‍ നടത്തിയപ്പോള്‍ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. കോണ്‍ഗ്രസ് വേദികളില്‍ തരൂരിന് ഇനി സ്ഥാനം കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പക്കാന്‍ തരൂര്‍ ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയാണെന്ന ആക്ഷേപം പോലും സജീവമാണ്.
മതസൗമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനുള്ള നീക്കം തരൂര്‍ ക്യാമ്പ് നടത്തുന്നത്. വരുന്ന 25, 26 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന സിഎസ്‌ഐ മധ്യ കേരള മഹാ ഇടവകയുടെ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശശി തരൂര്‍, പാല രൂപതയുടെ ജൂബിലി സമാപന സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിക്കും ഒപ്പം വേദി പങ്കിടും.
മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തരൂരിന്റെ ഈ നീക്കം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വലിയ ആകാംക്ഷയ്ക്കാകും വഴിതുറക്കുക. പുകച്ച് പുറത്ത് ചാടിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് ശശി തരൂര്‍. സ്വയം പുറത്തു പോകട്ടെ എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വവും. തരൂരിന്റെ തുടര്‍ നീക്കങ്ങള്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയായുധമാക്കാന്‍ കഴിയുമെന്ന വിലയിരുത്തലില്‍ ബിജെപി കേന്ദ്രങ്ങളും.
നിയമസഭാ തിരഞ്ഞെടുപ്പു അടുക്കുന്ന വേളയില്‍ തരൂര്‍ ബിജെപി പക്ഷത്തേക്ക് നീങ്ങിയാല്‍ അത് കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുകാര്‍ തരൂരിന്റെ നീക്കത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചവേളയില്‍ ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിക്കയാണ് കോണ്‍ഗ്രസ് നേതൃത്വം. തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കുമെന്ന് കെ മുരളീധരന്‍ തുറന്നടിച്ചെങ്കിലും കെപിസിസി നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല. അതേസമയം ദേശീയത ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടല്‍ തുടരാനുള്ള തീരുമാനത്തിലാണ് തരൂര്‍.
തരൂര്‍ ഒപ്പമില്ലെന്നും തലസ്ഥാനത്തെ പാര്‍ട്ടി പരിപാടികള്‍ക്ക് ഇനി അദ്ദേഹത്തെ ക്ഷണിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ തുറന്നടിച്ചെങ്കിലും വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. തരൂര്‍ വിവാദങ്ങളില്‍ ഹൈക്കമാന്റിന്റെതാകും അന്തിമ തീരുമാനമെന്ന വിശദീകരണമാണ് നേതൃത്വത്തിന്റേത്. അതേസമയം ദേശീയതയുടെ പേരില്‍ മോദി സ്തുതി നടത്തുന്ന ശശി തരൂരിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും.
തരൂരിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധം എന്ന് ഹൈക്കമാന്റിന് ബോധ്യമുണ്ടെങ്കിലും പ്രവര്‍ത്തകസമിതി അംഗത്വം എടുത്തു കളയുകയോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്താല്‍ തരൂരിനത് രക്തസാക്ഷി പരിവേഷം നല്‍കുമെന്ന ആശങ്കയിലാണ് എഐസിസി നേതൃത്വം. തരൂര്‍ വിവാദത്തില്‍ പ്രകോപനപരമായ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് വിലക്കിയിരിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
തരൂരിനെതിരെ വിമര്‍ശനം കടുപ്പിച്ചു കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തുവന്നിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്തു കൊണട്ാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും, വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും ആരോപിച്ചു. യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണമെന്നും അദ്ദേഹം പരിഹസിച്ചു.
തരൂരിന് സ്വയം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകാം. കോണ്‍ഗ്രസ് പുറത്താക്കി രക്തസാക്ഷിയാവാന്‍ നോക്കേണ്ടതില്ല. ഇന്ന് തരൂരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണ്. എല്ലാവരും അത് ആഗ്രഹിക്കുന്നുവെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. നേതൃത്വത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എംപിമാര്‍ യോഗത്തില്‍ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാവില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
തരൂര്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് ദോഷകരമായ കാര്യങ്ങളാണെന്നും, പാര്‍ട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തലസ്ഥാനത്തെ പരിപാടികളില്‍ ശശിതരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞ് കെ.മുരളീധരന്‍ ഇന്നലെ രംഗത്തുവന്നിരുന്നു. തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു. നടപടി എന്തുവേണമെന്ന് ദേശീയ നേതൃത്വം തീരുമാനമെടുക്കും. തരൂരിന്റെ കാര്യം പാര്‍ടി വിട്ടതാണ്. അദ്ദേഹം കൂട്ടത്തിലുള്ള ആളായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ പ്രസ്താവനകളും മോദി സ്തുതിയും ലേഖനങ്ങളും കൊണ്ട് നിരന്തരം കോണ്‍ഗ്രസിന് തലവേദനയാകുന്ന ശശി തരൂരിന് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍പറഞ്ഞു. പലതവണ ഹൈക്കമാന്‍ഡ് വിലക്കിയിട്ടും തരൂര്‍ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോണ്‍ഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പടപ്പുറപ്പാട് തുടങ്ങിയത്.
ഇതിനിടെ അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു. ഗാന്ധി കുടുംബത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവരാണെന്നും തരൂര്‍ പറഞ്ഞു. 1997ല്‍ താന്‍ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയത്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നും ശശി തരൂര്‍ വിശദമാക്കി. സര്‍വേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍വേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. സര്‍വ്വേക്കുറിച്ച് താന്‍ അറിഞ്ഞുവെന്നും അത്രയേ ഉള്ളൂവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.