ക്രൈസ്തവ സഭകളുടെ സമരപരിപാടികളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറിയെന്ന് ഷോണ്‍ ജോര്‍ജ്; ബിജെപിയും ഛത്തീസ്ഗഡ് സര്‍ക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ കാരണമെന്നും അവകാശവാദം
ക്രൈസ്തവ സഭകളുടെ സമരപരിപാടികളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറി
തിരുവനന്തപുരം: ക്രൈസ്തവ സഭകള്‍ നടത്തുന്ന സമരപരിപാടികളില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നുഴഞ്ഞുകയറിയത് ആശങ്കാജനകമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. കന്യാസ്ത്രീ വിഷയത്തില്‍ ഇതാണ് സംഭവിച്ചതെന്നാണ് ഷോണ്‍ ജോര്‍ജ്ജ് ആരോപിക്കുന്നത്.
'ഛത്തീസ്ഗഢ് കന്യാസ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകള്‍ നുഴഞ്ഞുകയറി.
സഭ നടത്തിയ പ്രതിഷേധങ്ങളെ ബഹുമാനപൂര്‍വം തന്നെയാണ് ബിജെപി കാണുന്നത്. എന്നാല്‍ സഭാ പിതാക്കന്മാരോ, സഭാ നേതൃത്വമോ അറിയാതെ നടക്കുന്ന ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ അപകടകരമാണ്'- അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാലാ ബിഷപ്പിനെതിരെ വാളെടുത്തവര്‍ക്കും പൂഞ്ഞാറില്‍ വൈദികനെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചവര്‍ക്കും വഖഫ് ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയവര്‍ക്കും പെട്ടെന്നുണ്ടായ ക്രൈസ്തവ സ്‌നേഹം, ബിജെപി വിരുദ്ധതയുടെ രാഷ്ട്രീയമാണ് എന്ന് സഭാ വിശ്വാസികള്‍ തിരിച്ചറിയണം.
ബിജെപിയും ഛത്തീസ്ഗഡ് സര്‍ക്കാരും സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടാണ് കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ കാരണം. ബിജെപിയുടെ നിഷ്പക്ഷ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി നീതി നടപ്പിലാക്കും, അതാണ് ഛത്തീസ്ഗഢില്‍ പാലിക്കപ്പെട്ടത്''- ഷോണ്‍ ജോര്‍ജ് പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രടറി അഡ്വ.എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് സുമിത് ജോര്‍ജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.