ഒരു വനിതാ നേതാവും വിഎസിനെതിരെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം നടത്തിയിട്ടില്ല; വിഎസിന്റെ പേരില്‍ ചര്‍ച്ച നടത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍; വിഎസിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ സ്നേഹവും ആദരവും ബഹുമാനവും പാര്‍ട്ടി കൊടുത്തിട്ടുണ്ട്; സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍ തള്ളി വി ശിവന്‍കുട്ടി
ഒരു വനിതാ നേതാവും വിഎസിനെതിരെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം നടത്തിയിട്ടില്ല
തിരുവനന്തപുരം: കാപിറ്റല്‍ പണിഷ്മെന്റ് വിവാദത്തില്‍ സിപിഎം നേതാവ് സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടി. സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ താന്‍ പങ്കെടുത്തതാണ്. ആ സമ്മേളനത്തില്‍ ഒരു വനിതാ നേതാവും ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ സമസ്ത ജനങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹം നമ്മെ വിട്ടുപോയി. അദ്ദേഹം വേര്‍പെട്ടു പോയശേഷവും അദ്ദേഹത്തിന്റെ പേരില്‍ ചര്‍ച്ച നടത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ഇത്തരം ചര്‍ച്ച നടത്തുന്നവരെല്ലാം പാര്‍ട്ടിയുടെ വളര്‍ച്ചയിലും, പാര്‍ട്ടിയുടെ സ്വാധീനത്തിലും ഉത്കണ്ഠയുള്ളവരാണ്. വിഎസിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ സ്നേഹവും ആദരവും ബഹുമാനവും കൊടുത്തുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് വിടനല്‍കിയതെന്നും ശിവന്‍കുട്ടി പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു എന്നാണ് സുരേഷ് കുറുപ്പ് മാതൃഭൂമി ദിനപ്പത്രത്തിലെ ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നത്.
''ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്'' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ്, സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടന്ന സംഭവങ്ങള്‍ സുരേഷ്‌കുറുപ്പ് തുറന്നു പറയുന്നത്. തന്റെ നിലപാടുകളില്‍നിന്ന് അണു വിട വിഎസ് പിന്നോട്ടു പോയിട്ടില്ല. ആര് കൂടെ ഉണ്ട്, ഇല്ല എന്നതൊന്നും വിഎസിന് പ്രശ്നമായിരുന്നില്ല. ഇതിനകം വിഎസിനൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജനനേതാക്കന്മാരും അദ്ദേഹത്തെ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. പ്രതിപക്ഷനേതാവെന്ന നിലയില്‍ വലിയ ജനകീയ അംഗീകാരം പുറത്തു ലഭിച്ചപ്പോഴും, വി എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. പക്ഷേ, അപ്പോഴും അദ്ദേഹം പാര്‍ട്ടിക്കുള്ളിലെ പോരാട്ടങ്ങളും അതിലെ ഒറ്റപ്പെടലുകളും നേരിട്ടുകൊണ്ടിരുന്നുവെന്ന് സുരേഷ് കുറുപ്പ് പറയുന്നു.
ഒറ്റപ്പെട്ടപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു. 'വിഎസ് അച്യുതാനന്ദന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി എസ്. വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കു പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല'. ലേഖനത്തില്‍ സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നു.
എപ്പോഴും സാധാരണക്കാരുടെയും പാവങ്ങളുടെയും കൂടെയായിരുന്നു വി എസ് നിന്നത്. അവര്‍ക്കുവേണ്ടി പോരാടി. പാര്‍ട്ടിക്കുനേരേ വന്ന എല്ലാ എതിര്‍പ്പുകളെയും നിസ്സങ്കോചം നേരിട്ടു. തന്റെ എതിരാളികളെ സന്ദേഹമേതുമില്ലാതെ വെട്ടിനിരത്തി. അതില്‍ തനിക്ക് വെട്ടുകൊണ്ടപ്പോഴും ധീരതയോടെ പോരാടി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും പാവങ്ങളോടുള്ള പ്രതിബദ്ധതയിലും മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഒരാള്‍ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടില്ല. എണ്‍പതു വര്‍ഷത്തോളം നിരന്തരമായ, പോരാട്ടത്തിലടിസ്ഥാനമിട്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ മറ്റാരും കേരളരാഷ്ട്രീയത്തില്‍ ഇല്ലെന്നും സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടുന്നു.