ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നയമാണോയെന്ന് വ്യക്തമാക്കണം; സ്തൂപം തകര്‍ത്തതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് പ്രതികള്‍ക്ക് ഒത്താശ നല്‍കുകയാണെന്ന് സണ്ണി ജോസഫ്
ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നയമാണോയെന്ന് വ്യക്തമാക്കണം
കണ്ണൂര്‍ : മഹാത്മഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ പ്രഖ്യാപനം സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നയമാണോയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. മലപ്പട്ടം പഞ്ചായത്തിലെ അടുവാ പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത ഗാന്ധി സ്തൂപവും പി.ആര്‍.സനീഷിന്റെ വീടും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി നിന്ദ നിറഞ്ഞ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ പ്രസ്താവന ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലേ? സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാട്ടില്‍ പോലും ഇതാണ് അവസ്ഥ. ജനാധിപത്യവും ഭരണഘടന അനുവദിക്കുന്ന പൗരസ്വാതന്ത്ര്യവും സ്വതന്ത്ര സംഘടനാ പ്രവര്‍ത്തനവും കേരളത്തില്‍ എങ്ങനെ നടത്തുമെന്ന് മുഖ്യമന്ത്രി ഉത്തരം പറയണം. ഗാന്ധി സ്തൂപം തകര്‍ത്തതിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് പ്രതികള്‍ക്ക് ഒത്താശ നല്‍കുകയാണ്. ഗാന്ധി നിന്ദയില്‍ സിപിഎം ബിജെപിയെ പോലും തോല്‍പ്പിക്കുകയാണ്.
ഗാന്ധി സ്തൂപം തകര്‍ക്കുകയും കെ.സുധാകരന്‍ എംപി,രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും കോണ്‍ഗ്രസ് നേതാക്കളെയും ആക്രമിക്കുകയും ചെയ്ത കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മലപ്പട്ടത്ത് പോലീസ് നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത്. തളിപ്പറമ്പിലെ ഇര്‍ഷാദിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തിന്റെ പിതാവിനെ കയ്യേറ്റം ചെയ്യുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത പ്രതികള്‍ സൈര്യ വിഹാരം നടത്തുന്നു.
അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സിപിഎമ്മിന്റെത്. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ മുദ്രാവാക്യം വിളിച്ച് ജയിലേക്ക് അയയ്ക്കുകയും അവരെ രക്ഷപ്പെടുത്താന്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കണ്ണൂരില്‍ വ്യാപകമായി ബോംബ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ചെണ്ടയാട് പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതോടെ വ്യക്തമായെന്നും സണ്ണി ജോസഫ് പറഞ്ഞു.