ഇപ്പോള്‍ പുറത്താക്കില്ല, രാഹുലിനെതിരെ ഉചിതമായ സമയത്ത് നടപടി എടുക്കുമെന്ന് സണ്ണി ജോസഫ്; ആദ്യം വാര്‍ത്ത വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍
ഇപ്പോള്‍ പുറത്താക്കില്ല, രാഹുലിനെതിരെ ഉചിതമായ സമയത്ത് നടപടി എടുക്കുമെന്ന് സണ്ണി ജോസഫ്
ആലപ്പുഴ: ലൈംഗിക പീഡന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത് പോലുള്ള നടപടികള്‍ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ ആദ്യം വാര്‍ത്ത വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
സസ്‌പെന്‍ഡ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അതുകൊണ്ട് രാഹുല്‍ തങ്ങളോടൊപ്പമല്ല നിയമസഭയില്‍ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സസ്‌പെന്‍ഷന് ശേഷം രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നില്ല. എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടത് ആ വ്യക്തിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പുറത്താക്കുമ്പോള്‍ അതിന്റേതായ നടപടിക്രമങ്ങള്‍ പാലിച്ചുവേണം പുറത്താക്കാന്‍. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തയാള്‍ സ്വയം ഉചിതമായ തീരുമാനമെടുക്കണമെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
ഇതുവരെ രാഹുലിനെതിരെ തനിക്ക് പരാതികള്‍ വന്നിട്ടില്ല. ഇന്നലെയാണ് കൃത്യമായൊരു പരാതി വന്നത്. അതില്‍ പേരോ സ്ഥലമോ ഒന്നും ഇല്ലാതിരുന്നിട്ടും താനത് ഡി.ജി.പിക്ക് കൈമാറുകയാണ് ചെയ്തത്. പരാതിക്കാരിക്ക് മറുപടിയും അയച്ചു. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ച ശേഷമാണ് മറ്റൊരു പരാതി തനിക്കും പ്രതിപക്ഷ നേതാവിനും കിട്ടിയത്. അതില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പൊലീസിന് കൈമാറുകയും നിയമനടപടിയാരംഭിക്കുകയും ചെയ്തു.
തങ്ങള്‍ക്ക് കോടതിയും പൊലീസുമുണ്ടെന്ന് സി.പി.എം നേതാവ് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസിന് അങ്ങനെ കോടതിയും പൊലീസുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് എല്ലാ കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞത്. നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോകട്ടെ. സി.പി.എം പ്രതികളെ ഭരണത്തിന്റെ ബലത്തിലും പാര്‍ട്ടിയുടെ തണലിലും സംരക്ഷിക്കുമ്പോള്‍ തങ്ങള്‍ പരാതി സംബന്ധിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും സണ്ണി ജോസഫ് വിശദമാക്കി.
തങ്ങള്‍ രാഹുലിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചപ്പോള്‍ സ്വര്‍ണക്കൊള്ള കേസില്‍ നേതാക്കള്‍ റിമാന്‍ഡിലായിട്ടും അവരെ പാര്‍ട്ടിയില്‍ പുറത്താക്കാനോ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാനോ സി.പി.എം തയാറായിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി അന്വേഷണസംഘത്തിന് കാലാവധി നീട്ടിക്കൊടുക്കുകയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയുമാണ് ചെയ്തത്. ജനങ്ങള്‍ വളരെ ഗൗരവത്തില്‍ വീക്ഷിക്കുന്ന കാര്യമാണിത്. നഷ്ടപ്പെട്ട സ്വര്‍ണം തിരികെക്കിട്ടണം. കളവുമുതല്‍ കണ്ടെടുക്കണം. പ്രതികളെ ചോദ്യം ചെയ്യണം. ഇതുവരെ അത്തരം നടപടികള്‍ ഉണ്ടാവാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ട്. അതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തികഞ്ഞ വിജയപ്രതീക്ഷയാണ് പാര്‍ട്ടിക്കുള്ളതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
