തൃശ്ശൂരിനോട് എന്തിനിത്ര വൈരാഗ്യം? വേര്‍തിരിവ് കാണിച്ചാല്‍ മാറ്റാനറിയാം; തൃശ്ശൂരില്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കാത്തതില്‍ മുന്നറിയിപ്പുമായി സുരേഷ് ഗോപി; സംസ്ഥാനത്ത് വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരിനോട് എന്തിനിത്ര വൈരാഗ്യം? വേര്‍തിരിവ് കാണിച്ചാല്‍ മാറ്റാനറിയാം

Update: 2026-01-03 08:34 GMT

കൊല്ലം: സംസ്ഥാന സര്‍ക്കാറുമായി ഉടക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരില്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കാത്ത സംഭവത്തിലാണ് സുരേഷ് ഗോപി എതിര്‍പ്പുമായി രംഗത്തുവന്നത്. തൃശ്ശൂരിനോട് സര്‍ക്കാരിന് അവഗണനയാണ്. ഭൂമി നല്‍കാതെ ജില്ലയോട് വേര്‍തിരിവു കാണിച്ചാല്‍ അത് മാറ്റാനറിയാമെന്നും സുരേഷ് ഗോപി കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഇക്കാര്യത്തില്‍ എന്തോ ഒരു രാഷ്ട്രീയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ തൃശ്ശൂരിനോട് എന്തിനാണ് ഈ ഒരു വൈരാഗ്യം. സര്‍ക്കാര്‍ അത് തൃശ്ശൂരിലെ ജനങ്ങളോട് വ്യക്തമാക്കിയാല്‍ മതി. എല്ലാ ജില്ലകള്‍ക്കും അവകാശങ്ങളുണ്ട്', സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്ത് വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ബിജെപി സര്‍ക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാല്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ ഗുണം ലഭിക്കും. ഡബില്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു എന്ന് നോക്കൂ. തമിഴ്നാടിനെ നോക്കൂ. അവര്‍ വ്യത്യസ്തരാണ്.

ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയിലും ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആരു ഭരിച്ചാലും കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ടതെല്ലാം തമിഴ്നാട് എങ്ങനെയെങ്കിലും വാങ്ങിയെടുത്ത് ജനങ്ങള്‍ക്ക് കൊടുക്കും. കേരളത്തിലും അത്തരമൊരു സാഹചര്യം വരണമെങ്കില്‍ ഇവിടെ ഒരു ബിജെപി സര്‍ക്കാര്‍, അല്ലെങ്കില്‍ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വരണം, സുരേഷ് ഗോപി പറഞ്ഞു.

വെളളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News