'തന്നെ സുകുമാരന്‍ നായര്‍ അയാളെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ സംസ്‌കാരം; എന്‍എസ്എസ് ജന.സെക്രട്ടറി പറഞ്ഞത് മന്നത്തിന്റെ അഭിപ്രായല്ല; ഇനിയും മാറ്റങ്ങള്‍ സംഭവിക്കണം; സുകുമാരന്‍ നായരെപ്പോലെയുള്ളവര്‍ നൂറ് വര്‍ഷം പിന്നിലാണ് ': ക്ഷേത്രത്തിലെ മേല്‍വസ്ത്ര വിവാദത്തില്‍ സ്വാമി സച്ചിദാനന്ദയുടെ മറുപടി

തന്നെ സുകുമാരന്‍ നായര്‍ അയാളെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ സംസ്‌കാരം

Update: 2025-01-02 14:12 GMT

തിരുവനന്തപുരം: തന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അയാളെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ചു കയറണമെന്നത് അനാചാരമെന്നായിരുന്നു സ്വാമി സച്ചിദാനന്ദ പറഞ്ഞത്. ഇതിനുള്ള മറുപടിയില്‍, കാലങ്ങളായി തുടരുന്ന ആചാരം മാറ്റിമറിക്കാന്‍ പറയാന്‍ ഇയാള്‍ ആരാണെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു.

സുകുമാരന്‍ നായരുടെ കാഴ്ചപ്പാടാണ് അദ്ദേഹം പറഞ്ഞതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. താന്‍ പറഞ്ഞത് നാട്ടിലുണ്ടാകേണ്ട കാമ്യമായ പരിഷ്‌കാരത്തെ കുറിച്ചാണ്. ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയേക്കാള്‍ അവകാശം സന്യാസിയായ തനിക്കാണ്.


സുകൂമാരന്‍ നായര്‍ പറയുന്നത് മന്നത്തിന്റെ അഭിപ്രായമല്ല. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെകുറിച്ച് മന്നം പറഞ്ഞിട്ടില്ല. അപ്പോള്‍ സുകുമാരന്‍ നായര്‍ പറയുന്നത് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പറഞ്ഞ വാക്കുകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറണോ എന്നത് ആളുകള്‍ക്ക് വിട്ടുകൊടുക്കുക. ഗുരുവിന്റെ അനുയായി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറണോ എന്നത് ആളുകള്‍ക്ക് വിട്ടുകൊടുക്കുക. ഗുരുവിന്റെ അനുയായി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള സമൂഹത്തില്‍ ഒന്നാകെ ഇനിയും മാറ്റങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ട്. നൂറ് വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരു പറഞ്ഞു നമുക്ക് കരിയും കരിമരുന്നും വേണ്ടെന്ന്. ഇത് ഇപ്പോള്‍ കോടതിയും അംഗീകരിച്ചു. എന്നാല്‍ സുകുമാരന്‍ നായരെപ്പോലെയുള്ളവര്‍ ഇത് അംഗീകരിക്കുന്നില്ല. അവര്‍ നൂറ് വര്‍ഷം പിന്നിലാണെന്നും സ്വാമി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ യേശുദാസ് കാത്തു നില്‍ക്കുകയാണ്. യേശുദാസിനെ പോലൊരു സാത്വികന് പ്രവേശനം നല്‍കിയില്ലെങ്കില്‍ പിന്നെ ആര്‍ക്കു നല്‍കാനാണെന്നും അദ്ദേഹം ചോദിച്ചു.

ശിവഗിരി മഠം പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ അല്ല. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ പിന്തുടരുന്നതാണ്. കേരളത്തിലെ എല്ലാ ജനങ്ങളെയും ശിവഗിരി മഠം ഉള്‍ക്കൊള്ളുന്നു. സുകുമാരന്‍ നായര്‍ എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു. സന്യാസി എന്ന നിലയില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താനും പറയുന്നു. സുകുമാരന്‍ നായര്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നുണ്ട്. അത് തിരുത്തണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വാമി സച്ചിദാനന്ദയെയും മുഖ്യമന്ത്രിയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ മറ്റ് മതങ്ങളെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സുകുമാരന്‍ നായര്‍ ചോദിച്ചത്. കാലങ്ങളായി തുടരുന്ന ആചാരം മാറ്റിമറിക്കാന്‍ പറയാന്‍ ഇയാള്‍ ആരാണെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു.

ആചാരങ്ങളില്‍ കൈ കടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സര്‍ക്കാരിനോ മറ്റോ തിരുത്താനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുകുമാരന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്.

ഹിന്ദുവിന്റെ പുറത്ത് മാത്രമെ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉള്ളോ? ക്രിസ്ത്യാനികള്‍ക്കും മുസ്ലീം വിഭാഗത്തിനും അവരുടെ ആചാരങ്ങള്‍ ഉണ്ട്. . ഓരോ ക്ഷേത്രങ്ങളുടെയും ആചാരാ അനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് പോകാന്‍ സാധിക്കണം. എന്‍.എസ്.എസ്സിന്റെ അഭിപ്രായം അതാണ്. ഉടുപ്പിടാത്ത ക്ഷേത്രങ്ങളില്‍ അങ്ങനെ തന്നെ പോകണം. ഹിന്ദുവിന്റെ നേരെ എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന തോന്നല്‍, പിടിവാശി അംഗീകരിക്കാനാവില്ല.

ക്ഷേത്രങ്ങളില്‍ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങള്‍ നീക്കാന്‍ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ശിവഗിരി തീര്‍ഥാടന മഹോത്സവ സമ്മേളനത്തിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശം. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പറഞ്ഞിരുന്നു.

Tags:    

Similar News