ചെയര്‍മാന്റെ റോളില്‍ റോളില്‍ സണ്ണി; സിഇഓ ആയി സതീശന്‍; മാനേജര്‍മാരായ ഷാഫിയും വിഷ്ണുവും; കുറവുകള്‍ നിര്‍ത്താന്‍ അനില്‍; ഉപദേശകരായി ചെന്നിത്തലയും സുധാകരനും; ഇന്റേണല്‍ ഓഡിറ്ററായി കെസി; തദ്ദേശത്തിലെ ഗുണഫലം കൊയ്യാന്‍ അരയും തലയും മുറുക്കി ടീം കെപിസിസി ഇറങ്ങിയത് മള്‍ട്ടി നാഷണല്‍ കമ്പനി കണക്കെ

ചെയര്‍മാന്റെ റോളില്‍ റോളില്‍ സണ്ണി; സിഇഓ ആയി സതീശന്‍

Update: 2025-12-17 02:38 GMT

തിരുവനന്തപുരം: തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയിച്ചു അധികാരത്തില്‍ എത്താമെന്ന പ്രതീക്ഷയലാണ്. തദ്ദേശത്തിലെ വിജയത്തിന്റെ ആലസ്യത്തില്‍ നില്‍ക്കാതെ അതിന് വേണ്ടി ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് കോണ്‍ഗ്രസ്് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ വിജയമാണ് യുഡിഎഫിനെ തിരികെ അധികാരത്തില്‍ എത്തിക്കുക എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ നൂറ് സീറ്റുകളില്‍ വിജയിക്കുക എന്ന വി ഡി സതീശന്റെ തന്ത്രം ഏറ്റെടുത്തു പാര്‍ട്ടി മുന്നോട്ടു പോകും. ഇതിനായി സംഘടിതമായി നീങ്ങാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.

ടീം കെപിസിസി ഇറങ്ങിയത് മള്‍ട്ടി നാഷണല്‍ കമ്പനി കണക്കെ പ്രവര്‍ത്തിച്ചു കൊണ്ട് അടിത്തട്ടിലെ പാര്‍ട്ടിയെ ചലിപ്പിക്കാനാണ് നീക്കം. അതിനുള്ള ശ്രമങ്ങള്‍ വരും നാളുകളില്‍ ഊര്‍ജ്ജിതമാക്കും. ഇപ്പോഴത്തെ വിന്നിംഗ് ടീമിനെ അടുത്തെങ്ങും മാറ്റാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. തദ്ദേശ വിജയത്തില്‍ ഹൈക്കമാന്‍ഡും ഹാപ്പിയാണ്. പരമ്പരാഗത ശൈലികള്‍ മാറ്റി അച്ചടക്കത്തോടെ മുന്നോട്ടു പോകാന്‍ ഒരു ചെയര്‍മാന്റെ റോളില്‍ റോളില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുണ്ടാകും. സിഇഓ റോളില്‍ എല്ലായിടത്തും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.

മാനേജര്‍മാരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി സി വിഷ്ണുനാഥും. അതേസമയം പരിചയ സമ്പത്തിനെയും അവഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാല്ല. അനില്‍ കുമാറും രമേശ് ചെന്നിത്തലുയം കെ സുധാകരനുമെല്ലാം നിര്‍ണായക റോളുകളില്‍ ഉപദേശവുമായി എത്തും. ദേശീയ തലത്തില്‍ ജോലികള്‍ ഏറെയുള്ള കെ സി വേണുഗോപാലിന് ഒരു ഇന്റേണല്‍ ഓഡിറ്ററുടെ റോളായിരിക്കും. തദ്ദേശത്തിലെ ഗുണഫലം നിയമസഭയിലും നേടുക എന്നതാണ് കോണ്‍ഗ്രസിന്റെ നീക്കം. ഒത്തൊരുമയോടെ കോണ്‍ഗ്രസ് നീങ്ങുന്നതില്‍ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗും ഹാപ്പിയാണ്.

തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് അതിവേഗം കടക്കാനാണ് ടീം കെപിസിസി ഒരുങ്ങുന്നത്. പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ചുമതലയേറ്റ ശേഷം കോണ്‍ഗ്രസ് നേടുന്ന രണ്ടാം തിരഞ്ഞെടുപ്പ് വിജയമാണിത്. കഴിഞ്ഞ മേയില്‍ സ്ഥാനമേറ്റ പുതിയ ടീം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂര്‍ തിരിച്ചുപിടിച്ചു. അതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു പാര്‍ട്ടി കടന്നു.

വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. വോട്ടര്‍പട്ടികയിലെ പേരു ചേര്‍ക്കലിനു നേരിട്ടു മേല്‍നോട്ടം വഹിക്കാന്‍ കഴിഞ്ഞെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. വാര്‍ഡ്തല കമ്മിറ്റികള്‍ ശക്തിപ്പെടുത്തുകയായിരുന്നു രണ്ടാംഘട്ടം. സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഭവനസന്ദര്‍ശനത്തിനിറങ്ങി.

കെപിസിസിയില്‍ സജ്ജമാക്കിയ 'ഇലക്ഷന്‍ മോണിറ്ററിങ് സെല്‍' ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. പ്രകടനപത്രികയ്ക്കു പുറമേ ഇടതുഭരണമുള്ള തദ്ദേശസ്ഥാപനങ്ങളുടെ വീഴ്ചകള്‍ അക്കമിട്ടുള്ള കുറ്റപത്രവും പ്രചാരണവേളയില്‍ കെപിസിസി അവതരിപ്പിച്ചു.

ഇടതുഭരണത്തിനു കീഴിലെ അഴിമതിയും സ്വജനപക്ഷപാതവും ഫലപ്രദമായി ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കു പഠന ക്ലാസ് നല്‍കി. തിരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി സംഘം 14 ജില്ലകളിലും പര്യടനം നടത്തി ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി വൈസ് പ്രസിഡന്റുമാര്‍ക്കു ജില്ലകളുടെ ചുമതല നല്‍കി. മേല്‍നോട്ടത്തിനായി മുതിര്‍ന്ന നേതാക്കളെയും കളത്തിലിറക്കി.

പ്രചാരണത്തിരക്കുകള്‍ക്കിടെയാണ് സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന (എസ്‌ഐആര്‍) വെല്ലുവിളി നേരിട്ടത്. അതിനോടു സഹകരിക്കേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ച കെപിസിസി, പിന്നീട് നിലപാടു തിരുത്തി. സഹകരിക്കാതെ മാറിനിന്നാല്‍ കോണ്‍ഗ്രസ് അനുകൂല വോട്ടുകള്‍ എതിരാളികള്‍ വെട്ടിനിരത്തുമെന്നു വിലയിരുത്തിയായിരുന്നു ഇത്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നിന്ന് ഒരാള്‍പോലും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്കു കെപിസിസി നിര്‍ദേശം നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍, അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പു മറക്കരുതെന്നും എസ്‌ഐആറില്‍ ജാഗ്രതയോടെ ഇടപെടണമെന്നും നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഭവനസന്ദര്‍ശനം നടത്തുമ്പോള്‍തന്നെ എസ്‌ഐആര്‍ ഫോമും വിതരണം ചെയ്യാന്‍ പ്രവര്‍ത്തകരെ രംഗത്തിറക്കി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ച മികച്ച പ്രകടനം നിയമസഭാ പോരാട്ടത്തിലും തുടരാന്‍ കോണ്‍ഗ്രസ് പൂര്‍ണസജ്ജമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കുന്നു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയവും അതിവേഗം പൂര്‍ത്തിയാക്കും. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ മുന്നണി വിപുലീകരണവും യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അനായാസം ജയിക്കാവുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അഞ്ച് മാസം കൂടി ശേഷിക്കെ മുന്നണി വിപുലീകരണം അതിവേഗം വേണമെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ യുഡിഎഫിനു 80 സീറ്റുകള്‍ വരെ നേടാനുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളത്. എല്‍ഡിഎഫിനു ആകട്ടെ 60 സീറ്റുകള്‍ വരെ നേടാവുന്ന സ്ഥിതി ഇപ്പോഴുമുണ്ട്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 71 സീറ്റുകളാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന പല വാര്‍ഡുകളും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ എല്‍ഡിഎഫിനു അനുകൂലമാകാവുന്ന തരത്തിലുള്ള വോട്ട് വ്യത്യാസമേ ഉള്ളൂ. അതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മാത്രം നോക്കി ഭരണം ഉറപ്പിക്കാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി.

എല്‍ഡിഎഫിനൊപ്പമുള്ള കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം, ശ്രേയാംസ് കുമാര്‍ നേതൃത്വം നല്‍കുന്ന ആര്‍ജെഡി എന്നീ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് മുന്നണിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ എത്തിയാല്‍ മധ്യ കേരളത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന് യുഡിഎഫ് കരുതുന്നു. എന്നാല്‍ മുന്നണി മാറ്റം ആലോചനയില്‍ ഇല്ലെന്ന നിലപാടിലാണ് ജോസ് കെ മാണി.

നാല് കോര്‍പറേഷനുകളിലടക്കം ഭരണം പിടിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇരു പാര്‍ട്ടികളും 7000 കടന്നെങ്കിലും സിപിഎമ്മിനേക്കാള്‍ 362 സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് മുന്നില്‍. ഇവരടക്കം അഞ്ച് പാര്‍ട്ടികളാണ് ആയിരം കടന്നത്. 5000ന് മുകളില്‍ സീറ്റ് ലഭിച്ചത് കോണ്‍ഗ്രസും സിപിഎമ്മും മാത്രമാണ്.

7817 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ 7455 എണ്ണത്തിലാണ് സിപിഎം വിജയിച്ചത്. മുസ്ലിം ലീ?ഗാണ് മൂന്നാമത്- 2844 സീറ്റുകള്‍. 1913 സീറ്റുകളില്‍ വിജയിച്ച ബിജെപി നാലാമതെത്തിയപ്പോള്‍ 1018 സീറ്റുകളാണ് സിപിഐക്ക് ലഭിച്ചത്. മന്ത്രിമാരും എംഎല്‍എമാരും നേതൃത്വം നല്‍കുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട മറ്റ് പാര്‍ട്ടികളെല്ലാം മൂന്നക്കത്തിലും രണ്ടക്കത്തിലും ഒരക്കത്തിലും ഒതുങ്ങി.

കേരളാ കോണ്‍ഗ്രസിന് 332 സീറ്റുകള്‍ കിട്ടിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 246 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എസ്ഡിപിഐ 102 സീറ്റുകള്‍ കൈയിലാക്കിയപ്പോള്‍ ട്വന്റി 20 നേടിയത് 78 സീറ്റുകളാണ്. വെല്‍ഫെയര്‍ പാര്‍ട്ടി 75 സീറ്റും ആര്‍ജെഡി 63 സീറ്റും ആര്‍എസ്പി 57 സീറ്റുകളും നേടി.

Tags:    

Similar News