പൂരം കലക്കല്‍: മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി; ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം നിലനില്‍ക്കെ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്തുണ; പൂരം നടപടി പൂര്‍ത്തിയാക്കി ഉപചാരം ചൊല്ലി പിരിയുകയാണ് ചെയ്തതെന്ന് കെ കെ വത്സരാജ്
പൂരം കലക്കല്‍: മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ സിപിഐക്കുള്ളിലെ ഭിന്നതയും മറനീക്കി പുറത്തേക്ക്. തൃശൂര്‍ പൂരം നടത്താന്‍ ചിലര്‍ സമ്മതിച്ചില്ലെന്ന ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം തള്ളി സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി രംഗത്തുവന്നു. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ചു കൊണ്ടാണ് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. പൂരം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 36 മണിക്കൂറിന് ശേഷം ഉപചാരം ചൊല്ലി പിരിയുകയാണ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് വ്യക്തമാക്കി.
അടുത്ത വര്‍ഷത്തെ തീയതി പ്രഖ്യാപിച്ച് കൊണ്ടാണ് പൂരം അവസാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവര്‍ വിജയിച്ചില്ല. അതു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതെന്നും വത്സരാജ് പറഞ്ഞു. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ശനിയാഴ്ച കോഴിക്കോട്ട് നടന്ന പരിപാടിയിലായിരുന്നു തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വെടിക്കെട്ട് അല്‍പം വൈകിയതിനെ പൂരം കലങ്ങിയതായി ചിത്രീകരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
എന്നാല്‍, തൃശൂര്‍ പൂരം നടക്കേണ്ടതു പോലെ നടന്നിട്ടില്ലെന്നും നടത്താന്‍ ചിലര്‍ സമ്മതിച്ചില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞത്. സംഭവത്തിന് പിന്നില്‍ തീര്‍ച്ചയായും ഒരു ഗൂഢാലോചനയുണ്ട്. അതുമായി ബന്ധപ്പെട്ട സത്യങ്ങളെല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നത്. പൂരം കലങ്ങിയ വിഷയത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കേസെടുത്താല്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു. അതിനാല്‍ ത്രിതല അന്വേഷണം സുഗമമായി നടക്കില്ല. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന നിലപാട് ആവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.