തൃശൂര്‍ പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല; പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍
തൃശൂര്‍ പൂരം കലക്കല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിനു വിശ്വാസ്യതയില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ജൂഡിഷ്യല്‍ അന്വേഷണം വേണം. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ബാഹ്യ ഇടപെടല്‍ ഇല്ലെന്ന കണ്ടെത്തല്‍ അംഗീകരിക്കാനാകില്ല.
സുരേഷ് ഗോപി എങ്ങനെ സേവാ ഭാരതിയുടെ ആംബുലന്‍സില്‍ എത്തി? പൂരം കലങ്ങിയതാണ് രാഷ്ട്രീയ ചിത്രം മാറ്റിയത്. എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കൂടാ. എല്ലാവരും ഇതേ ആവശ്യം പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര പിടിവാശിയെന്നും അദ്ദേഹം ചോദിച്ചു.
എങ്ങനെ ബിജെപിയെ ജയിപ്പിക്കാം എന്ന ചര്‍ച്ചയാകാം നടന്നത്. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞിരുന്നു അല്ലെങ്കില്‍ അതും കലക്കിയേനെ. തൃശൂരില്‍ സിപിഎമ്മിന് ഗുണം ലഭിച്ചു എന്നതിന്റെ തെളിവാണ് കരുവന്നൂര്‍ കേസില്‍ അനക്കം ഇല്ലാത്തതെന്നും മുരളീധരന്‍ വ്യക്തമാക്കി
ബാഹ്യ ഇടപെടല്‍ ഇതിലുണ്ടായില്ലെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കുണ്ടായ ഏകോപന കുറവാണ് പൂരത്തില്‍ പ്രതിസന്ധിയുണ്ടാക്കിയതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. ദേവസ്വങ്ങള്‍ക്കെതിരേയും അന്വേഷണത്തില്‍ പരാമര്‍ശമുണ്ട്. വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാറാണ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷം രാഷ്ട്രീയ വിവാദം ആളിക്കത്തിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. അതിന് ശേഷം ഇതിലെ വിവരങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാനും സാധ്യതയുണ്ട്. സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ തന്നെ വിവരാവകാശ അപേക്ഷ നല്‍കിയിട്ടുണ്ട്. 1300 പേജില്‍ അധികമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. വിശദമായ മൊഴികള്‍ അടക്കം ഇതിലുണ്ട്.
പ്രശ്നം തുടങ്ങിയത് കോടതി വിധിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ നീക്കങ്ങളാണ്. അസ്വാഭാവികതയൊന്നും പൂരം കലക്കലില്‍ ഇല്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് അന്വേഷണ റിപ്പോര്‍ട്ട്. അട്ടിമറിയോ ഗൂഡാലോചനയോ ഇല്ലെന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നു. പൂരം കലക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ എം.ആര്‍. അജിത്ത് കുമാര്‍ തന്നെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആര്‍ എസ് എസ് നേതാക്കള്‍ അടക്കമുള്ളവരുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയയും ചര്‍ച്ചകളിലുണ്ട്. ഇതും വിവാദത്തിന് പുതിയ തലം നല്‍കും.
കോടതിയുടെ ഉത്തരവുകള്‍ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രതിസന്ധിയായത്. കമ്മീഷണറെ പോലും രൂക്ഷ വിമര്‍ശനത്തിന് എഡിജിപി വിധേയമാക്കുന്നില്ല. ബന്തവസ് കൂട്ടിയപ്പോള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നതിലെ ഏകോപനകുറവാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. അനുനയത്തിന്റെ കുറവ് മാത്രമാണ് എഡിജിപി പൂരം കലങ്ങലിന് കാരണമായി പറയുന്നത്. ദേവസ്വങ്ങളാണ് പൂരം കലങ്ങലിന് കാരണമെന്ന നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.