സതീശന്‍ കാന്തപുരത്തിന്റെ വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ കരിവാരിത്തേച്ചു; ഒരു സമുദായത്തിന്റെ വോട്ട് കിട്ടാന്‍ മറ്റൊരു സമുദായത്തെ തള്ളിപ്പറഞ്ഞു; വര്‍ഗീയ താല്‍പര്യമെന്ന് വിമര്‍ശിച്ചു തുഷാര്‍ വെള്ളാപ്പള്ളി; എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് ലീഗെന്ന പരാമര്‍ശം വെറും ജല്‍പനം; സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ലെന്ന് പിഎംഎ സലാം
സതീശന്‍ കാന്തപുരത്തിന്റെ വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ കരിവാരിത്തേച്ചു
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വര്‍ഗീയ താല്‍പ്പര്യമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഒരു സമുദായത്തിന്റെ വോട്ട് കിട്ടാന്‍ മറ്റൊരു സമുദായത്തെ തള്ളിപ്പറഞ്ഞു. കാന്തപുരത്തിന്റെ വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ കരിവാരിത്തേച്ചു. വര്‍ഗീയ താല്‍പര്യമായിരുന്നു വി.ഡി. സതീശന് ഉണ്ടായിരുന്നത് എന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം എസ്എന്‍ഡിപി, എന്‍എസ്എസ് ഭിന്നിപ്പിന് കാരണം മുസ്ലിം ലീഗ് ആണെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം വെറും ജല്‍പ്പനം മാത്രമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ഇത്തരം ജല്‍പ്പനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കുന്നുവെന്നും പ്രകോപിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആ വലയില്‍ മുസ്ലിം ലീഗ് വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു.
സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ല. ഇതൊക്കെ പറയുന്ന ആളും പറയിക്കുന്ന ആളും എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം. പൊന്നാട അണിയിച്ച് കാറില്‍ കയറ്റിക്കൊണ്ടുവന്ന് വെള്ളാപ്പള്ളിയെക്കൊണ്ട് ഇത് പറയിപ്പിക്കുന്നതാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. സിപിഐഎമ്മിന്റെ പിന്തുണയോടെയാണ് വെള്ളാപ്പള്ളി ഇതൊക്കെ പറയുന്നത്. അതിന്റെ ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. നായാടി മുതല്‍ നസ്രാണി വരെയെന്ന മുദ്രാവാക്യം നരേന്ദ്രമോദി ഇത്രയും കാലം ചെയ്തതാണെന്നും ഇത്തരം അഭിപ്രായങ്ങള്‍ സമൂഹത്തിന് ദോഷകരമാണെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടേതിന് സമാനമായ അഭിപ്രായം ആര് പറഞ്ഞാലും അത് സമൂഹത്തിന് ദോഷമാണെന്നും സലാം പറഞ്ഞു.
വി.ഡി. സതീശനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മലപ്പുറത്തെപ്പറ്റിയുള്ള സംസാരത്തെ വളച്ചൊടിച്ചെന്നും തന്നെ വര്‍ഗീയവാദിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. അതില്‍ വ്യക്തത വരുത്തിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ വര്‍ഗീയവാദിയാണെന്ന് പറഞ്ഞു നടക്കുന്നത് വി.ഡി. സതീശന്‍ ആണ്. ഇന്നലെ പൂത്ത തകരയാണ് സതീശന്‍. കാന്തപുരം തന്നെ സതീശനെതിരെ പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'വെള്ളാപ്പളളി വര്‍ഗീയവാദിയാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പറയട്ടെ. എങ്കില്‍ ഞാന്‍ അംഗീകരിക്കാം. രാഷ്ട്രീയത്തില്‍ വരുമ്പോള്‍ സതീശന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. സതീശന്‍ ഈഴവര്‍ക്കെതിരാണ് സംസാരിക്കുന്നത്. രണ്ട് സമുദായങ്ങള്‍ യോജിച്ചാല്‍ സുനാമി വരുമോ യോജിക്കേണ്ടവര്‍ യോജിക്കേണ്ട സമയത്ത് യോജിക്കും. ഐക്യത്തിന് എസ്എന്‍ഡിപി മുന്‍കൈ എടുക്കും. ഈ ഐക്യത്തിന് പിന്നില്‍ രാഷ്ട്രീയമില്ല. ആരുടെയും മധ്യസ്ഥതയില്ല. 21ന് യോഗം ചേര്‍ന്ന് ഐക്യം എങ്ങനെ വേണമെന്ന് തീരുമാനിക്കും', വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് ആവര്‍ത്തിച്ചു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പ്രതികരിച്ചു. വെള്ളാപ്പള്ളിയാണ് ഐക്യം ആഗ്രഹിച്ചത്. ആ നിലപാട് ശരിയെന്ന് തനിക്കും തോന്നിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.'എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യം നിലനിര്‍ത്തിയാകും ഐക്യമെന്നും രാഷ്ട്രീയത്തില്‍ സമദൂരനിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈഴവ-നായര്‍ ഐക്യം തകര്‍ത്തത് ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സുകുമാരന്‍ നായര്‍ തള്ളി.
സംവരണ പ്രശ്‌നത്തെ തുടര്‍ന്നാണ് മുന്‍പ് അകന്ന് നിന്നത്. ഇക്കാര്യത്തില്‍ ലീഗ് ശക്തമായ നിലപാടെടുത്തു. അതുകൊണ്ടാകാം വെള്ളാപ്പള്ളി അങ്ങനെ പറഞ്ഞത്. ഐക്യത്തില്‍ ലീഗ് വേണ്ടന്നത് വെള്ളാപ്പള്ളിയുടെ പോളിസി. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.
വെള്ളാപ്പള്ളിയെ ആക്ഷേപിക്കുന്നത് ശരിയായ രീതിയല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.'അദ്ദേഹം എന്നെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അത് പൊറുക്കുന്നു, കണക്കിലെടുക്കുന്നില്ല. അദ്ദേഹത്തെപ്പോലൊരു നേതാവിനെ ആക്ഷേപിക്കരു'തെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
