കോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍; വ്യത്യാസം 10 ലക്ഷം; തദ്ദേശക്കണക്കില്‍ കോണ്‍ഗ്രസ് തന്നെ തമ്പുരാന്‍! സി.പി.എമ്മിനെ തകര്‍ത്ത് കൈപ്പത്തി; വോട്ടില്‍ വീണ് ബി.ജെ.പി; ഇനി യുഡിഎഫിന്റെ 'മിഷന്‍ 26'
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വലിയൊരു അധികാരമാറ്റത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നു. 29.17 ശതമാനം വോട്ട് വിഹിതവുമായി കോണ്‍ഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോള്‍, പിണറായി വിജയന്റെ സി.പി.എമ്മിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുന്നണികളുടെ കണക്കെടുത്താല്‍ യു.ഡി.എഫ് ബഹുദൂരം മുന്നിലാണ്. പുതിയ തന്ത്രങ്ങളുമായി 2026-ലെ നിയമസഭാ യുദ്ധത്തിന് യുഡിഎഫ് കളം ഒരുക്കിക്കഴിഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നര ശതമാനത്തിലേറെ വോട്ട് വര്‍ദ്ധിപ്പിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ കരുത്തുകാട്ടിയത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍ മാത്രമാണ്. അതായത് പത്തു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സി.പി.എമ്മിനെ മറികടന്നു. മുന്നണി അടിസ്ഥാനത്തില്‍ യു.ഡി.എഫിന് 38.81 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 33.45 ശതമാനമേ നേടാനായുള്ളൂ. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കണ്ണൂരും പാലക്കാടും പോലും വോട്ട് ചോര്‍ച്ച അനുഭവപ്പെട്ടു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന്റെ ആവേശത്തിനിടയിലും ബി.ജെ.പിയുടെ ആകെ വോട്ട് വിഹിതത്തില്‍ കുറവുണ്ടായത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ .04 ശതമാനത്തിന്റെ കുറവാണ് ബി.ജെ.പിക്കുണ്ടായത്. സമാജ്വാദി പാര്‍ട്ടിയും എ.ഐ.എ.ഡി.എം.കെയും പോലുള്ള അന്യസംസ്ഥാന പാര്‍ട്ടികള്‍ പോലും ചെറിയ പോക്കറ്റുകളില്‍ സാന്നിധ്യമറിയിച്ചു. ബി.ഡി.ജെ.എസിന് സംസ്ഥാനത്താകെ വെറും അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത് എന്നത് എന്‍.ഡി.എ സഖ്യത്തിലെ വിള്ളലുകള്‍ വര്‍ദ്ധിപ്പിക്കും.
സീറ്റിലും കരുത്തുകാട്ടി യു.ഡി.എഫ് ആകെ 23,573 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 11,103 വാര്‍ഡുകള്‍ നേടിയാണ് യു.ഡി.എഫ് നേടിയത്. ഇതില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 7817 സീറ്റുകള്‍ നേടി. മുസ്ലിം ലീഗ് 2844 സീറ്റുകളുമായി മലബാറില്‍ തങ്ങളുടെ കോട്ടകള്‍ ഭദ്രമാക്കി. മറുവശത്ത് 8889 വാര്‍ഡുകളുമായി എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സി.പി.ഐ വെറും 1018 സീറ്റുകളില്‍ ഒതുങ്ങിയത് ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ തകര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ഈ കണക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ ജനുവരി 15-ഓടെ നിയമസഭാ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് യു.ഡി.എഫ് തീരുമാനം. ഫെബ്രുവരി ആദ്യവാരം കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വി.ഡി. സതീശന്‍ നയിക്കുന്ന ജാഥ നടക്കും. സി.പി.എമ്മുമായോ ബി.ജെ.പിയുമായോ പ്രാദേശിക തലത്തില്‍ പോലും യാതൊരു നീക്കുപോക്കും വേണ്ടെന്നാണ് തീരുമാനം.
