നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിവേദനം നല്‍കി; 72 കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ എം പി മാര്‍ക്ക് പ്രാധാന്യമില്ലെന്നതും ചൂണ്ടാക്കാട്ടി

നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍

Update: 2025-03-12 15:39 GMT

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ കേന്ദ്ര ധനമന്ത്രിയെ കണ്ട് യുഡിഎഫ് എംപിമാരും. യോഗത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്നം എംപിമാര്‍ ഉന്നയിച്ചു. വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിലപാട് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചതായാണ് വിവരം. അനുഭാവപൂര്‍വ്വം കാര്യങ്ങള്‍ പരിഗണിക്കാമെന്ന് നിര്‍മ്മലാ സീതാരാമന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ വിഷയവുമായി ബന്ധപ്പെട്ട ഒരു നിവേദനം യുഡിഎഫ് എംപിമാര്‍ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം ധനമന്ത്രിയുമായുള്ള ചര്‍ച്ച 50 മിനിറ്റോളം നീണ്ടു നിന്നുവെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. 72 കേന്ദ്ര ആവിഷ്‌കൃത പദ്ധതിയില്‍ എം പി മാര്‍ക്ക് പ്രാധാന്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 630 കോടി രൂപ കോ ബ്രാന്‍ഡിംഗ് ചെയ്യാത്തത് കൊണ്ട് നഷ്ടപ്പെട്ടെന്നും അത് സംസ്ഥാനത്തിന് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിര്‍മ്മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇന്ന് കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമായിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് നിര്‍മല സീതാരാമന്‍ മടങ്ങിയത്.

കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളഹൗസില്‍ മുഖ്യമന്ത്രി-കേന്ദ്ര ധനകാര്യ മന്ത്രി കൂടിക്കാഴ്ചയ്ക്ക് ധാരണയായത്.

Tags:    

Similar News