കേരളം ആവശ്യപ്പെട്ടത് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്; വയനാട് പാക്കേജ് ഉള്‍പ്പടെയൊന്നും പരിഗണിച്ചില്ല; സംസ്ഥാനങ്ങള്‍ക്കുള്ള വീതം വയ്പ്പില്‍ വലിയ അന്തരമെന്ന് കെ എന്‍ ബാലഗോപാല്‍

സംസ്ഥാനങ്ങള്‍ക്കുള്ള വീതം വയ്പ്പില്‍ വലിയ അന്തരമെന്ന് കെ എന്‍ ബാലഗോപാല്‍

Update: 2025-02-01 09:49 GMT

തിരുവനന്തപുരം: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല. കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല. വിഴിഞ്ഞത്തെ പറ്റി ഒന്നു പറഞ്ഞില്ല. വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലും ഇല്ല. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്. പക്ഷെ കിട്ടിയത് 33000 കോടി മാത്രമാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കുള്ള വീതം വയ്പ്പില്‍ വലിയ അന്തരം ഉണ്ട്. കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല.വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്. ഇതില്‍ പ്രതിഷേധം ഉണ്ട്. കാര്‍ഷിക മേഖലക്ക് വലിയ തിരിച്ചടിയാണ്. ന്യായവില ഉറപ്പിക്കാന്‍ പോലും സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പൊതുവില്‍ നിരാശ

ദീര്‍ഘകാലത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് വായ്പയായി വകയിരുത്തിയ ഒന്നരലക്ഷം കോടിയിലെ വിഹിതവും പാലക്കാട് ഐഐടിക്കുള്ള സഹായവും മാത്രമാണ് കേരളത്തെ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടത്. കൂടാതെ, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടിയുടെ പാക്കേജ്, മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി 1,000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി, സില്‍വര്‍ ലൈന്‍, ദീര്‍ഘകാലാവശ്യമായ എയിംസ്, ശബരി പാത തുടങ്ങി പല സുപ്രധാനവാശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒന്ന് പോലും ബജറ്റില്‍ ഇടംപിടിച്ചില്ല

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വയനാട് പാക്കേജും കേരളം അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്‌നമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനും വിശാലാര്‍ത്ഥത്തില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. അതേ സമയം ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി

പൊതുവായി നടത്തിയ പ്രഖ്യാപനങ്ങളൊഴികെ കേരളത്തെ പരിഗണിച്ചില്ലായെന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പയുണ്ട്. ഒന്നരലക്ഷം കോടി രൂപ ഇതിനായി വകയിരുത്തും. പുതിയ പദ്ധതികള്‍ക്കായി പത്തുലക്ഷം കോടി മൂലധനം അഞ്ച് വര്‍ഷത്തേക്ക് നല്‍കും. എഐ പഠനത്തിന് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിനായി 500 കോടി മാറ്റിവെച്ചു. ഇത്തരത്തില്‍ പൊതുവായി ലഭിക്കുന്ന മാറ്റിയിരുത്തല്‍ തുകയൊഴിച്ച് പ്രത്യേക പരിഗണന കേരളത്തിന് ലഭിച്ചില്ല. പാലക്കാട് ഐഐടി വികസനത്തിന് മാത്രമാണ് തുക അനുവദിച്ചത്. കൂടാതെ തുറമുഖ വികസനത്തിനായി അനുവദിച്ച പദ്ധതിയുടെ ഗുണം കേരളത്തിന് ലഭിക്കുമെന്നതൊഴിച്ചാല്‍ വിഴിഞ്ഞം പ്രത്യേക പാക്കേജിലും പ്രതികരണമുണ്ടായില്ല.

സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു കേരളം ആവശ്യപ്പെട്ടത്. വയനാട് പുനരധിവാസം നടപ്പാക്കുന്നതിനായി 2,000 കോടി, പ്രവാസികള്‍ക്കുള്ള പദ്ധതിക്കായി 300 കോടി, കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കുന്ന ദുരന്തങ്ങള്‍ക്കായി 4,500 കോടി, റബറിന് താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1,000 കോടിയുടെ പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 2,117 കോടി, തിരുവനന്തപുരം ആര്‍സിസിയുടെ വികസനത്തിനായി 1,293 കോടി, നെല്ലു സംഭരണത്തിന് 2,000 കോടി, തീരദേശത്തെ കടലാക്രമണവും തീരശോഷണവും നേരിടാന്‍ 2,329 കോടി, സില്‍വര്‍ലൈന്‍, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു റെയില്‍പാതകള്‍ക്ക് അനുമതിയും ഫണ്ടും, തുടങ്ങി 14 ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചിരുന്നത്.

Tags:    

Similar News