'തയ്യാറെടുക്കാന്‍ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോ'; കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം; പിന്നാലെ ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ പുറത്താക്കി സിപിഎം; ഉള്ളൂരിലടക്കം നേതൃത്വത്തെ പ്രതിരോധത്തിലാക്കി വിമതപ്പട

Update: 2025-11-19 12:13 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലോക്കല്‍ കമ്മിറ്റി അംഗവും ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫുമായ കെ ശ്രീകണ്ഠനെ പുറത്താക്കി സിപിഎം. വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കടകംപള്ളി പറഞ്ഞു പറ്റിച്ചുവെന്നും തയ്യാറെടുക്കാന്‍ ആദ്യം നിര്‍ദേശം നല്‍കിയശേഷം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമായിരുന്നു ശ്രീകണ്ഠന്‍ പറഞ്ഞത്. തയ്യാറെടുക്കാന്‍ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോയെന്നും ശ്രീകണ്ഠന്‍ വിമര്‍ശിച്ചിരുന്നു.

2008 മുതല്‍ ഉള്ളൂരില്‍ നിന്നുള്ള ലോക്കല്‍ കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ശ്രീകണ്ഠന്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. താന്‍ അടിമുടി പാര്‍ട്ടിക്കാരനാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പാര്‍ട്ടിക്ക് നടപടി തിരുത്തേണ്ടിവരുമെന്നും ശ്രീകണ്ഠന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് കടുത്ത വെല്ലുവിളിയാണ് വിമത സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്നത്. വിമത സ്വരമുയര്‍ത്തി നേരത്തെ രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ചെമ്പഴന്തിയിലും വാഴോട്ടുകോണം വാര്‍ഡിലുമാണ് വിമത നീക്കം. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് വിമത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനും മുന്‍ ബ്രാഞ്ച് സെക്രട്ടറി കെവി മോഹനനുമാണ് വിമതരായി മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ചെമ്പഴന്തിയില്‍ സിപിഎം -ബിജെപി ഡീല്‍ ആരോപണം ഉയര്‍ത്തിയ ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനെ പുറത്താക്കിയിരുന്നു. ജയ സാധ്യത കുറഞ്ഞ സ്ഥാനാര്‍ഥികളെ നിര്‍ത്തി കോര്‍പ്പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ധാരണയെന്നായിരുന്നു ആനി അശോകന്റെ വെളിപ്പെടുത്തല്‍. പ്രത്യുപകാരമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നും ആനി അശോകന്‍ ആരോപിച്ചു. കഴക്കൂട്ടം എംഎല്‍എയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനാണ് കരുനീക്കങ്ങള്‍ക്ക് പിന്നിലെന്നും ആരോപിച്ചു.

അതേസമയം, ജയിക്കാന്‍ ഒരു ഡീലിന്റെയും ഭാഗമായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളോടാണ് ഡീലെന്നും ചെമ്പഴന്തിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ തനിക്ക് റോളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഴോട്ടുകോണം വാര്‍ഡില്‍ തഴഞ്ഞതോടെ പാര്‍ട്ടിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം കെ വി മോഹനനും രംഗത്തുവന്നു.

Tags:    

Similar News