വെള്ളാപ്പള്ളിയുടെ വിരോധത്തിന് കാരണം എന്റെ നിലപാടുകള്‍; വര്‍ഗീയത ആരുപറഞ്ഞാലും അതിനോട് കോംപ്രമൈസ് ചെയ്യില്ല; മതേതര മനസ്സുള്ളവര്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്; എന്‍എസ്എസിന് വ്യക്തിപരമായ വിരോധമെങ്കില്‍ സന്തോഷം; നിലപാട് വ്യക്തമാക്കി വി ഡി സതീശന്‍
വെള്ളാപ്പള്ളിയുടെ വിരോധത്തിന് കാരണം എന്റെ നിലപാടുകള്‍
തിരുവനന്തപുരം: സമുദായ സംഘടനകളോടുള്ള തന്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയതയോട് യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം തന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വര്‍ഗീയത ആരുപറഞ്ഞാലും അതിനോട് കോംപ്രമൈസ് ചെയ്യില്ല. മതേതര മനസ്സുള്ളവര്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. നാടിന്റെ മതേതര സ്വഭാവം തകര്‍ക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും, ഇത്തരം കാര്യങ്ങളില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ നോക്കിയല്ല താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.എസ്.എസുമായി ബന്ധപ്പെട്ട വിഷയത്തിലും സതീശന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു.എന്‍.എസ്.എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ. അത് തന്റെ നിലപാടുകള്‍ ശരിയാണെന്നതിന്റെ തെളിവാണ്. കോണ്‍ഗ്രസിനോടോ യു.ഡി.എഫിനോടോ അവര്‍ക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംഘടനകളോടല്ല, മറിച്ച് ചില നിലപാടുകളോടാണ് തന്റെ വിയോജിപ്പെന്നും അദ്ദേഹം സൂചിപ്പിച്ചു.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തില്‍ താന്‍ കയറിയതിനെ പരിഹസിക്കുന്ന സതീശന്റെ മനോനില തകരാറിലാണെന്നും അദ്ദേഹത്തെ ഊളമ്പാറയിലേക്ക് അയക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രായമായ ഒരാള്‍ നടന്നു വരുമ്പോള്‍ മുഖ്യമന്ത്രി കാറില്‍ കയറ്റിയതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന സതീശന്‍ ഒരു ഈഴവ വിരോധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നാക്കക്കാരനായ മുഖ്യമന്ത്രിയുടെ കാറില്‍ പിന്നാക്കക്കാരനായ താന്‍ കയറിയത് സതീശന് ഇഷ്ടപ്പെട്ടില്ല. ഈഴവ സമുദായത്തെ വെറും കറിവേപ്പിലയായിട്ടാണ് അദ്ദേഹം കാണുന്നത്. കെ. സുധാകരനെപ്പോലെയുള്ള കരുത്തരായ നേതാക്കളെപ്പോലും നിരന്തരം വിമര്‍ശിച്ച് തഴഞ്ഞ വ്യക്തിയാണ് സതീശന്‍. വാക്കില്‍ മിടുക്കനാണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സതീശന്റെ പ്രവൃത്തിയുടെ ഫലം കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏറ്റവും വലിയ വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ചു കൊടുത്ത് ആനുകൂല്യങ്ങള്‍ പറ്റുന്ന സതീശന്‍ പുറമെ മതേതരത്വം പ്രസംഗിക്കുകയാണ്.
