ലൈഫ് മിഷന്‍ കോഴ കേസില്‍ മകന് ഇ.ഡി സമന്‍സ് അയച്ചത് എന്തിനെന്ന് പിണറായി വ്യക്തമാക്കണം; സമന്‍സ് രണ്ടുവര്‍ഷം മറച്ചുവച്ചത് എന്തിന്? എന്തുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാതിരുന്നതെന്ന് ഇ.ഡിയും വ്യക്തമാക്കണം; സിപിഎം- ബിജെപി ബാന്ധവം ശക്തമായത് സമന്‍സിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്; ഇഡി നോട്ടീസില്‍ മുഖ്യമന്ത്രിക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് യുഡിഎഫ്

ലൈഫ് മിഷന്‍ കോഴ കേസില്‍ മകന് ഇ.ഡി സമന്‍സ് അയച്ചത് എന്തിനെന്ന് പിണറായി വ്യക്തമാക്കണം

Update: 2025-10-11 10:12 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തിയ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള ഫോര്‍മുലകളാണ് ചര്‍ച്ചയായത് എന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇഡി മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് നോട്ടീസ് നല്‍കിയിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നത്.

ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം പരസ്പ്പര സഹകരണത്തിന് വഴിയൊരുങ്ങിയെന്ന നിലയിലാണ് യുഡിഎഫ് കാര്യങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഡി നോട്ടീസില്‍ മുഖ്യമന്ത്രിക്കെതിരെ പുതിയ പോര്‍മുഖം തുറക്കുകയാണ് യുഡിഎഫ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം തടയാന്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നത്. ലൈഫ് മിഷന്‍ കോഴ കേസുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയെന്ന ഗുരുതരമായ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. 20 കോടി രൂപയില്‍ 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണം പ്രതിപക്ഷം ഉന്നയിച്ചതാണ്. കേരള ചരിത്രത്തിലും ഇന്ത്യ ചരിത്രത്തിലും ഇത്രയും ഉയര്‍ന്ന ശതമാനം കൈക്കൂലി വാങ്ങിയ കേസ് വേറെയുണ്ടാകില്ലെന്ന് സതീശന്‍ പറഞ്ഞു.

ലൈഫ് കോഴയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ അറസ്റ്റു ചെയ്ത ദിവസമാണ് മുഖ്യമന്ത്രിയുടെ മകനോട് ഇ.ഡി ഹാജരാകാന്‍ പറഞ്ഞത്. എന്തിനാണ് മകന് ഇ.ഡി സമന്‍സ് അയച്ചതെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. സമന്‍സ് അയച്ച വിവരം ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എം രണ്ടു വര്‍ഷത്തോളം മറച്ചുവച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സമന്‍സ് അയച്ചതിനു ശേഷം ഒരു നടപടിയും സ്വീകരിച്ചതായും അറിയില്ല. എന്തുകൊണ്ടാണ് ഒരു സമന്‍സില്‍ നടപടി അവസാനിപ്പിച്ചത് എന്നും അദ്ദേഹം ചോദിച്ചു.

സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ ഉദാഹരണമാണോ ഇത് ഈ സംഭവത്തിനു ശേഷമാണ് എ.ഡി.ജി.പിയായിരുന്ന അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയതും തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം ഉയര്‍ന്നതും ലോക്സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പിയെ സഹായിച്ചെന്നുള്ള ആരോപണം വന്നതും. എല്ലാം സെറ്റില്‍മെന്റായിരുന്നു എന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഈ സംഭവങ്ങളെല്ലാം. യഥാര്‍ത്ഥ വസ്തുത പുറത്തുവരേണ്ടതുണ്ട്. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. സമന്‍സ് അയച്ച ശേഷം എന്തുകൊണ്ടാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കണം.- സതീശന്‍ ആവശ്യപ്പെട്ടു.

ഇഡി നോട്ടീസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. അന്വേഷണം നടത്തുന്നത് മൂന്ന് ഏജന്‍സികളാണെന്നും ഇഡി സമന്‍സ് നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായില്ലെന്നും അനില്‍ അക്കര പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന്‍ ഹാജരായില്ലെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് വിവേക് വിജയന്‍ ഹാജരാകാത്തത് എന്തുകൊണ്ട് തുടര്‍നടപടിയില്ലെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും നിര്‍മല സീതാരാമന്‍ മറുപടി പറയണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. ക്ലിഫ് ഹൗസിലേക്ക് നോട്ടീസയച്ചത് ഗൗരവതരമാണ്. വിവേക് പ്രതിസ്ഥാനത്ത് വരേണ്ട ആളാണ്. കേന്ദ്രവുമായി നടന്നത് കൃത്യമായ ഡീലാണെന്നും അനില്‍ അക്കര ആരോപിച്ചു.

2018-ലെ ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്. 'വിവേക് കിരണ്‍ സണ്‍ ഓഫ് പിണറായി വിജയന്‍ ക്ലീഫ് ഹൗസ്, തിരുവനന്തപുരം' എന്ന മുഖ്യമന്ത്രിയുടെ വസതിയുടെ മേല്‍വിലാസത്തിലാണ് സമന്‍സ് അയച്ചത്. സമന്‍സ് ലഭിച്ചിട്ടും വിവേക് കിരണ്‍ ഹാജരായിട്ടില്ല.

സാധാരണഗതിയില്‍ ഇ.ഡി. വീണ്ടും സമന്‍സ് അയച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസില്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ എന്നിവയടക്കം ഹാജരാകുമ്പോള്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ പട്ടികയും സമന്‍സിനൊപ്പമുണ്ട്. വിവേക് കിരണിന് സമന്‍സ് അയച്ച അന്നേ ദിവസം തന്നെ ഇതേ കേസില്‍ ഹാജരായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിനൊടുവില്‍ ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

രണ്ടു വര്‍ഷത്തിലേറെയായി രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകള്‍ മലയാള മനോരമയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനായി വിളിച്ച വിവേക് കിരണിനെ പിന്നീട് എന്തുകൊണ്ട് ഈ കേസില്‍ നിന്ന് ഒഴിവാക്കി, തുടര്‍നടപടികള്‍ എന്തുകൊണ്ട് ഉണ്ടായില്ല എന്നതിനെക്കുറിച്ച് ആശയ വ്യക്തത വന്നിട്ടില്ല. നിലവില്‍ കേസിന്റെ വിചാരണ നടപടികള്‍ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ പുരോഗമിക്കുകയാണ്.

2018 ലെ പ്രളയബാധിതര്‍ക്കായി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവില്‍ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിങ് പാര്‍ട്‌നര്‍ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നല്‍കിയെന്ന് ഇ.ഡി കണ്ടെത്തി.

ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായര്‍ തുടങ്ങിയവര്‍ക്കും ക്രമക്കേടില്‍ പങ്കുള്ളതായി ഇ.ഡി കണ്ടെത്തി. നയതന്ത്ര സ്വര്‍ണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ്.

എന്നാല്‍ ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇ.ഡി. നിലവില്‍ സമര്‍പ്പിച്ചത് പ്രാഥമിക കുറ്റപത്രം മാത്രമാണെന്നും കൈക്കൂലി പണത്തിന്റെ ഉറവിടത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന് ഒരു തവണ സമന്‍സ് അയച്ചിരുന്നെന്നും ഇ.ഡി. അധികൃതര്‍ വ്യക്തമാക്കി. കേസില്‍ ഈജിപ്ഷ്യന്‍ പൗരനും പ്രതിയാണ്. ഇയാളെ കണ്ടെത്താനാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും വിചാരണ വൈകുകയാണ്.

Tags:    

Similar News