സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; ഗുണ്ടായിസത്തിന് കൂട്ട് നിന്ന പൊലീസ് എന്തിനാണ് തൊപ്പിയും വച്ച് നടക്കുന്നത്? ഗവര്‍ണര്‍ക്കെതിരാണെങ്കില്‍ സമരം നടത്തേണ്ടത് രാജ്ഭവനിലേക്കെന്നും വി ഡി സതീശന്‍

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം

Update: 2025-07-09 13:09 GMT

കൊച്ചി: സമരം എന്ന പേരില്‍ ഇന്നലെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആ ഗുണ്ടായിസത്തിന് സര്‍ക്കാരും പൊലീസും കൂട്ടുനിന്നു. ആര്‍ക്കെതിരെയാണ് എസ്.എഫ്.ഐ സമരം നടത്തിയത്? സര്‍വകലാശാലകളിലേക്ക് ഇരച്ചു കയറി സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയും ജീവനക്കാരെയും വിദ്യാര്‍ഥികളെയും മര്‍ദിച്ചു. തികഞ്ഞ ഗുണ്ടായിസമാണ് നടന്നത്. അതിന് പൊലീസ് കൂട്ടുനിന്നു. ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് തലക്കടിക്കുന്ന പൊലീസിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഗുണ്ടായിസം കാട്ടാന്‍ കുടപിടിക്കുകയും ചെയ്യുന്ന പൊലീസിനെയുമാണ് കേരളം കാണുന്നതെന്നും സതീശന്‍ പറഞ്ഞു.

സി.പി.എം നേതാക്കള്‍ എസ്.എഫ്.ഐയെ നിയന്ത്രിക്കണം. സര്‍വകലാശാലകളിലേക്ക് ഇരച്ചു കയറി നടത്തിയ സമരാഭാസം എന്തിനു വേണ്ടിയായിരുന്നു. അക്കാദമിക് രംഗത്ത് ഗുരുതര പ്രശ്നങ്ങളാണുള്ളത്. സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ പന്ത്രണ്ടിലും സ്ഥിരം വി.സിമാരില്ല. എല്ലായിടത്തും വി.സിമാരും സിന്‍ഡിക്കേറ്റും തമ്മില്‍ തര്‍ക്കത്തിലാണ്. കുട്ടികളാണ് ഇരകളായി മാറുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ അക്കാദമിക് മൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുകയാണ്.

നിസാര കാര്യങ്ങളുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടുന്നതിന്റെ ഇരകളായി മാറുന്നത് കേരളത്തിലെ കുഞ്ഞുങ്ങളാണ്. അത് അവസാനിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ പാര്‍ട്ടി സെക്രട്ടറി തന്നെ യൂനിവേഴ്സിറ്റിയില്‍ പോയി സമരാഭാസത്തിന് പിന്തുണ നല്‍കുകയാണ്. എന്തിനാണ് കേരളത്തിലെ പൊലീസ് തൊപ്പിയും വച്ച് നടക്കുന്നത്? പൊലീസിന്റെ വടി വാങ്ങിയാണ് പൊലീസിനെ തല്ലിയത്. അത് പൊലീസുകാര്‍ നോക്കി നിന്നു. കേരളത്തിന്റെ അഭിമാനമായിരുന്ന പൊലീസ് നാണക്കേടായി മാറിയിരിക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ത്ത് കുട്ടികളുടെ ഭാവി തകര്‍ക്കാന്‍ അനുവദിക്കില്ല.

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളില്‍ നിന്നും വഴിതിരിച്ചു വിടുന്നതിനു വേണ്ടിയാണ് സര്‍വകലാശാലകളില്‍ സമരാഭാസം നടത്തുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പറഞ്ഞാണ് ആരോഗ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇപ്പോള്‍ സി.പി.എമ്മിന് സമരങ്ങളെ പുച്ഛമാണ്. മന്ത്രിമാരെ ഒറ്റപ്പെടുത്തി സമരം ചെയ്യാന്‍ പാടില്ലെന്നാണ് പറയുന്നത്. അപ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോലും അനുവദിക്കാതെ കെ.എം മാണിക്കെതിരെ നടത്തിയ സമരം എന്തായിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇന്ത്യയില്‍ ആദ്യമായി വഴിയില്‍ തടഞ്ഞത് കേരളത്തിലെ സി.പി.എമ്മാണ്.

പ്രതിപക്ഷ നേതാക്കള്‍ റോഡില്‍ ഇറങ്ങില്ലെന്നും അവര്‍ക്കും വീടുണ്ടെന്ന് ഓര്‍ക്കണമെന്നുമാണ് മന്ത്രിമാര്‍ പറഞ്ഞത്. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്? മന്ത്രിമാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും മുതലാളിത്ത മനോഭാവമാണ്. തൊഴിലാളികളെ പുച്ഛമാണ്. സമരം ചെയ്യുന്നവരെ പുച്ഛമാണ്. എന്നിട്ടാണ് ഈ ആഭാസ സമരം നടത്തുന്നത്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം അലങ്കോലപ്പെടുത്തി ഇരച്ചുകയറിയാണോ സമരം നടത്തുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് സര്‍വകലാശാല ജീവനക്കാരെ എന്തിനാണ് തല്ലിയത്? ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസമാണ് നടന്നത്. രാജ്ഭവനിലേക്കാണ് സമരം ചെയ്യേണ്ടത്.

പേവിഷ ബാധക്കെതിരെ നല്‍കുന്ന വാകിസിനെ കുറിച്ച് പരിശോധിക്കണം. വാകിസിന്‍ എടുത്തവര്‍ പോലും മരിച്ചു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ശരിയായ മരുന്നാണോ പച്ചവെള്ളമാണോ നല്‍കുന്നതെന്ന് അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Tags:    

Similar News