വേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇര; ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം; 2000 കോടി സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് സംസ്ഥാനത്ത് ധനപ്രതിസന്ധി ഇല്ലെന്ന് പറയുന്നു: വി ഡി സതീശന്‍
വേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇര
കൊച്ചി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇരയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആറു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും വേണുവിനെ ആരും തിരിഞ്ഞു നോക്കിയില്ല. വേണു മരിച്ചിട്ടും, ഒരു ആശുപത്രിയില്‍ നടന്നത് എന്താണെന്ന് അദ്ദേഹം കേരളത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിലും ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. അവര്‍ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം തേടിയ റിപ്പോര്‍ട്ടുകളും കിട്ടിയ റിപ്പോര്‍ട്ടുകളും സമാഹരിച്ചാല്‍ അത് നിരവധി വാല്യങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
അത്രയും തകരാറുകളാണ് ആരോഗ്യവകുപ്പില്‍ ഉണ്ടായത്. സിസ്റ്റത്തിന്റെ തകരാറാണെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. സിസ്റ്റം തകരാറിലാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വല്ലപ്പോഴും ഉണ്ടാകുമായിരുന്ന സംഭവങ്ങള്‍ ഇപ്പോള്‍ നിരന്തരമായി ഉണ്ടാകുകയാണ്. മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാത്ത അവസ്ഥയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമേഖല തകര്‍ന്ന് തരിപ്പണമായി.
സ്വയം രാജിവച്ചു പുറത്തു പോകാന്‍ ആരോഗ്യമന്ത്രി തയാറാകണം. നൂറു കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് സംസ്ഥനത്ത് ഉടനീളെ ഉണ്ടാകുന്നത്. ആരോഗ്യരംഗത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും ഒതുക്കാനുമാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. അങ്ങനെയെങ്കില്‍ മരുന്ന് വിതരണം ചെയ്തത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പണം നല്‍കണം. ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഇതേച്ചൊല്ലി തര്‍ക്കമുണ്ടായെന്ന വാര്‍ത്ത വന്നിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാര്‍ എടുത്തുകൊണ്ടു പോകുന്ന പരിതാപകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അയ്യായിരത്തോളം തസ്തികകളാണ് യു.ഡി.എഫ് കാലത്ത് ആരോഗ്യവകുപ്പില്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ അതൊന്നു ഇല്ല. പെന്‍ഷനും ഡി.എയും നല്‍കാന്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ സഹകരണബാങ്കുകള്‍ കയറിയിറങ്ങുകയാണ്.
2000 കോടി രൂപ സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് സംസ്ഥാനത്ത് ധനപ്രതിസന്ധിയില്ലെന്നു പറയുന്നത്. കടത്തിന്റെ കാണാക്കയത്തിലേക്ക് കേരളത്തെ തള്ളിയിടുന്ന സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം നില്‍ക്കുന്നത്. എന്നിട്ടാണ് ഒരു പ്രതിസന്ധിയും ഇല്ലെന്ന് പറയുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് വരെയെങ്കിലും കൊടുക്കാനാണ് ഇപ്പോള്‍ പണത്തിനു വേണ്ടി ഓടുന്നത്. എന്നിട്ടും പച്ചക്കള്ളമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പി.എം ശ്രീ മരവിപ്പിക്കുമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുമെന്ന് പറഞ്ഞത് സി.പി.ഐക്കാരെ പറ്റിക്കുന്നതിനു വേണ്ടിയാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസുകളില്‍ കത്തെഴുതാന്‍ അറിയുന്ന സ്റ്റെനോഗ്രാഫറോ ടൈപിസ്റ്റോ ഇല്ലെങ്കില്‍ ഞങ്ങള്‍ ആളെ നല്‍കാം. മന്ത്രിസഭ തീരുമാനം എടുത്താല്‍ എത്ര സമയം വേണം ഒരു കത്ത് എഴുതാന്‍? ഇതൊക്കെ ആരെ കബളിപ്പിക്കാനാണ്?
മുന്നണി വിപുലീകരണം സംബന്ധിച്ച തീരുമനം ഏതാനും ദിവസങ്ങള്‍ക്കുള്ളലുണ്ടാകും. നിരവധി കക്ഷികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടമായി കുറേപ്പേര്‍ വരുന്നുണ്ട്. വലിയ വിസ്മയങ്ങളൊക്കെ വരാനിരിക്കുന്നതേയുള്ളൂ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രത്യേക സംവിധാനമുണ്ട്. അത് സംബന്ധിച്ച് ഒരു പരാതിയും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 90 ശതമാനം സീറ്റ് വിഭജന ചര്‍ച്ചകളും പൂര്‍ത്തിയായി. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള വേഗതയിലാണ് യു.ഡി.എഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും നടന്നത്. അത് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും.
ജമാ അത്ത് ഇസ്ലാമി പിന്തുണ നല്‍കിയിട്ടുണ്ട്. അവര്‍ യു.ഡി.എഫ് ഘടകകക്ഷിയോ അസോസിയേറ്റ് മെമ്പറോ അല്ല. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ അവര്‍ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ അതിന് മുന്‍പുള്ള 30 വര്‍ഷവും ജമാഅത്ത് ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. അപ്പോള്‍ അവര്‍ക്ക് ഒരു വിഷമമവും ഉണ്ടായിരുന്നില്ല. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്ത് ഇസ്ലാമി ആസ്ഥാനത്ത് പോയി പിന്തുണ വാങ്ങിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, ജമാഅത്ത് ഇസ്ലാമി എന്നു പറഞ്ഞ് വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മാണ്.
30 വര്‍ഷവും നിങ്ങള്‍ക്കൊപ്പമല്ലായിരുന്നോ ജമാ അത്ത ഇസ്ലാമിയെന്ന് പിണറായി വിജയനോട് ചോദിക്കേണ്ടത് മാധ്യമങ്ങളാണ്. എന്നാല്‍ എന്നോട് ചോദിക്കുന്നത് പോലെ പല മാധ്യമങ്ങളും പിണറായിയോട് ചോദിക്കുന്നില്ല. നിങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിച്ച് യു.ഡി.എഫിനെ പിന്തുണച്ച അന്നു മുതലാണോ അവര്‍ വര്‍ഗീയ പാര്‍ട്ടിയായതെന്ന് പിണറായി വിജയനോട് ചോദിക്കണമെ്‌നും സതീശന്‍ പറഞ്ഞു.
