ഇയാള്‍ ഇവര്‍ക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്; ലണ്ടനില്‍ മണിയടിക്കാന്‍ പോയപ്പോഴും പ്രവാസി ചിട്ടി ഫണ്ടിന് പോയപ്പോഴും ഇയാളുണ്ട്; കത്ത് വിവാദത്തില്‍ നിന്നും സി.പി.എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല; ഹവാലയും റിവേഴ്സ് ഹവാലയും ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
തൊടുപുഴ: കത്ത് വിവാദത്തില്‍ അസംബന്ധമാണെന്നു പറഞ്ഞ് സി.പി.എം നേതാക്കള്‍ക്ക് പ്രതികരിക്കാതെ ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രധാനപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞേ മതിയാകൂ. നിരപരാധികളാണെങ്കില്‍ നിരപരാധിത്വം തെളിയിക്കാവുന്നതേയുള്ളൂ. മറുപടി പറയാതെ ഒഴിഞ്ഞു പോകുന്നത് സ്ഥിരം തന്ത്രമാണ്. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ഇതുപോലെ ആരോപണെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നും അദ്ദേഹം തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
ഇല്ലാത്ത ആരോപണങ്ങള്‍ വരെ ഉണ്ടാക്കിയ ആളുകളാണ്. ഉമ്മന്‍ ചാണ്ടിക്ക് എതിരെ വരെ എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എം നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുള്ള കത്ത് കോടതിയില്‍ രേഖയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിക്ക് കിട്ടിയ കത്താണ് കോടതിയില്‍ എത്തിയത്. ഇങ്ങനെ ഒരു കത്തില്ലെന്നോ ആളെ അറിയില്ലെന്നോ ഉള്ള പ്രതിരോധം ഇവര്‍ക്കില്ല. ആരോപണ വിധേയരായ എല്ലാവര്‍ക്കും ആളെ ആറിയാം.
ഇയാള്‍ ഇവര്‍ക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ലണ്ടനില്‍ മണിയടിക്കാന്‍ പോയപ്പോഴും പ്രവാസി ചിട്ടി ഫണ്ടിന് പോയപ്പോഴും ഇയാളുണ്ട്. ചെന്നൈയില്‍ കമ്പനിയുണ്ടാക്കി വിദേശത്ത് നിന്നെത്തിയ പണം നേതാക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നതാണ് ഏറ്റവും ഗുരുതരം. അതിന് മറുപടി പറയാതിരിക്കാനാകില്ല. മറുപടി പറഞ്ഞെ മതിയാകൂ. ഇതില്‍ ഹവാലയും റിവേഴ്സ് ഹവാലയുമുണ്ട്. ഇതൊരു സാമ്പത്തിക തട്ടിപ്പാണ്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ചെന്നൈയിലെ കമ്പനി ആയതിനാല്‍ സംസ്ഥാന വിജിലന്‍സിന്റെ പരിധിയില്‍ വരില്ല. വിദേശത്ത് നിന്നാണ് പണം എത്തിയിരിക്കുന്നത്. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ഒരു അന്വേഷണം നടത്തണം. അസംബന്ധമാണെന്നൊക്കെ എല്ലാവരും പറയുന്നതാണ്. മറുപടി നല്‍കാന്‍ ഉത്തരവാദിത്തമുണ്ട്. അല്ലെങ്കില്‍ എന്റെ മകന് ഇയാളുമായി ഒരു ബന്ധവുമില്ലെന്നു പറയട്ടെ.
പരാതിക്കാരന്‍ കത്ത് ഫേസ്ബുക്കില്‍ ഇട്ടെന്നു പറയുന്ന കാലത്ത് പാര്‍ട്ടിയുടെ കയ്യില്‍ മാത്രമെ കത്തുള്ളൂ. അന്ന് ഒരു ആധികാരികതയും ഇല്ലായിരുന്നു. കത്ത് കോടതിയില്‍ എത്തിയതോടെയാണ് ആധികാരികമായത്. ആരോപണ വിധേയന്‍ തന്നെയാണ് ഈ കത്ത് കോടതിക്ക് നല്‍കിയിരിക്കുന്നത്. ഗൗരവതരമായ ആരോപണമാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. സ്ഥാനങ്ങളില്‍ ഇരുന്നവര്‍ക്കും ഇരിക്കുന്നവര്‍ക്കും എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അവരൊന്നും മറുപടി പറയില്ലെന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? ഒരു ബന്ധവും ഇല്ലെങ്കില്‍ അത് പറയട്ടെ. ഷംഷാദ് പറയുന്നത് പച്ചക്കള്ളമാണെന്നും പറയുന്ന കാര്യങ്ങളിലൊന്നും പങ്കാളികളെല്ലെന്നും ആരോപണ വിധേയര്‍ പറയുന്നില്ലല്ലോ. ഒരു മറുപടിയും ഇല്ലാത്ത അവസ്ഥയിലാണ്. പി.ബിയുടെ മുന്നിലുള്ള പരാതി മൂടി വയ്ക്കുകയായിരുന്നു. കുറെക്കൂടി കാര്യങ്ങള്‍ അറിയാം. അത് സമയമാകുമ്പോള്‍ പറയാം. കത്ത് ആരാണ് ചോര്‍ത്തിക്കൊടുത്തതെന്ന് ഷംഷാദ് തന്നെ പറഞ്ഞിട്ടുണ്ട്.
ഡിജിറ്റില്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അധികാരത്തിലാണ് സുപ്രീം കോടതി ഇടപെട്ടിരിക്കുന്നത്. ഇപ്പോഴത്തെ വിധി സുപ്രീം കോടതിയുടെ മുന്‍ വിധികള്‍ക്ക് വിരുദ്ധമാണ്. ഇതൊരു നല്ല പ്രവണതയല്ല. സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമീഷ്യനായ ചീഫ് സെക്രട്ടറി ഉണ്ടായിരുന്നത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റല്‍ സര്‍വകലാശല വി.സി രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. എന്നാല്‍ പുതിയ വിധിയിലൂടെ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാനായി അക്കാദമീഷ്യന്‍ അല്ലാത്ത ജഡ്ജിയെയാണ് നിയോഗിച്ചിരിക്കുന്നത്. രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിക്ക് എതിരാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.
സര്‍ക്കാരും ഗവര്‍ണറും തമ്മിലടിച്ച് എക്സ്‌ക്യൂട്ടീവ് തീരുമാനിക്കേണ്ട കാര്യം ജുഡീഷ്യറിക്ക് കൊടുത്തിരിക്കുയാണ്. ഇത് നല്ല പ്രവണതയായി പ്രതിപക്ഷം കാണുന്നില്ല. സെര്‍ച്ച് കമ്മിറ്റി പാനല്‍ ഉണ്ടാക്കിയാലും മുഖ്യമന്ത്രിയെ കാണിക്കണമെന്ന് പറയുന്നതില്‍ അവ്യക്തതയുണ്ട്. അപ്പോഴും പുറത്തു നിന്നുള്ള ഇടപെടലാകും. അത് കേരളത്തിലെ സര്‍വകലാശാല നിയമങ്ങള്‍ക്കും യു.ജി.സി ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ശിപാര്‍ശയാണ് ഗവര്‍ണര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ മുഖ്യമന്ത്രി ശിപാര്‍ശ ചെയ്യുന്നയാളെ ഗവര്‍ണര്‍ നിയമിക്കണമെന്നില്ല.
അവിടെയും ഒരു കൃത്യതയില്ല. മുഖ്യമന്ത്രി സമര്‍പ്പിക്കുന്ന ആളുടെ പേരല്ലാതെ ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ പ്രതിനിധികള്‍ പറഞ്ഞയാളെ വി.സിയാക്കാന്‍ പറ്റുമോ? മൊത്തത്തില്‍ അവ്യക്തതയാണ്. നിലവില്‍ നിയമമുള്ളപ്പോള്‍ സുപ്രീം കോടതി എങ്ങനെയാണ് ഇടപെടുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണെന്നാണ് കോടതി പറഞ്ഞത്. നിയമപരമായ വശങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.