ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഒരിഞ്ച് പിന്നോട്ടില്ല; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി വി.ഡി. സതീശന്‍

രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി വി.ഡി. സതീശന്‍

Update: 2025-08-07 13:49 GMT

തിരുവനന്തപുരം: വോട്ട് മോഷണം സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ പിന്തുണയുമായി കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭാഗീയതയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സതീശന്‍ വ്യക്തമാക്കി.

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിഞ്ച് പോലും പിന്നോട്ട്‌പോകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ലോക്സഭ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണം തെളിവ് സഹിതമാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍, വ്യാജ വിലാസത്തില്‍ ആയിരക്കണക്കിന് വേട്ടര്‍മാര്‍, മൂന്നിലധികം സംസ്ഥാനങ്ങളില്‍ വോട്ടുള്ളവരുമുണ്ട്. വോട്ടര്‍പട്ടികയില്‍ ആരെന്ന് തിരിച്ചറിയാനാകത്ത വിധത്തിലുള്ള ചിത്രങ്ങള്‍, കന്നി വോട്ടര്‍മാരായി എഴുപതും എണ്‍പതും വയസ് പിന്നിട്ടവര്‍, ചില വോട്ടര്‍മാരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രം. വീട്ടു നമ്പറിനു പകരം പൂജ്യം.

ബംഗളൂരു സെന്‍ട്രല്‍ ലോക്സഭ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകളാണ് വ്യാജമായി ചേര്‍ത്തിരിക്കുന്നത്. 11,965 ഇരട്ട വോട്ടുകളും വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുമുണ്ട്. വ്യാജ ഫോട്ടോയില്‍ 4132 വോട്ടര്‍മാരും ഫോം 6 ദുരുപയോഗം ചെയ്ത് 33692 വോട്ടര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ വിവരമനുസരിച്ച് 80 പേരുള്ള കുടുംബം ഒരു മുറിയില്‍ കഴിയുന്നെന്നു വേണം മനസിലാക്കാന്‍. ഒരു മുറിയില്‍ 46 പേരുള്ള വീടുകളുമുണ്ട്. മഹാരാഷ്ട്രയില്‍, അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ 5 മാസം കൊണ്ട് പുതുതായി ചേര്‍ത്തു. സംശയിക്കപ്പെടാവുന്ന 40 ലക്ഷത്തോളം വോട്ടര്‍മാരാണ് മഹാരാഷ്ട്രയിലുള്ളത്.

സി.സി ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചും വോട്ടര്‍ പട്ടിക സംബന്ധിച്ച ഇലക്ടോണിക് ഡാറ്റ നല്‍കാതെയും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ കൂട്ടുനില്‍ക്കുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ ചുമതലയുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍.

മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിഭാഗീയതയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിഞ്ച് പോലും പിന്നോട്ട്‌പോകില്ല.

വ്യക്തതയോടെയും കൃത്യതയോടെയും ധീരതയോടെയും തെളിവുകള്‍ നിരത്തി കാര്യങ്ങള്‍ അവതരിപ്പിച്ച രാഹുല്‍ഗാന്ധിക്ക് ഹൃദയാഭിവാദ്യങ്ങള്‍

Tags:    

Similar News