രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലുള്ള എന്റെ നിലപാട് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം; കോണ്‍ഗ്രസ് സ്വീകരിച്ചതു പോലെ ഒരു നടപടി ഏതെങ്കിലും ഒരു പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ? സഭയില്‍ അയോഗ്യനാക്കാനുള്ള പ്രമേയം വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് വി ഡി സതീശന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലുള്ള എന്റെ നിലപാട് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസിലിലെന്നും അതിനാല്‍ എംഎല്‍എ സ്ഥാനം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. രാഹുല്‍ വിഷയത്തിലുള്ള തന്റെ നിലപാട് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. വിഷയത്തില്‍ പറയാനൊന്നുമില്ല. പ്രവര്‍ത്തിക്കാനായിരുന്നു ഉണ്ടായിരുന്നത്.
കോണ്‍ഗ്രസ് സ്വീകരിച്ചതു പോലെ ഒരു നടപടി ഏതെങ്കിലും ഒരു പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ. ഒരു പരാതി പോലും ഇല്ലാതെയാണ് ആദ്യം സസ്പെന്‍ഡ് ചെയ്തത്. പരാതി കിട്ടയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മന്ത്രി രാജീവിനോട് സ്വന്തംപാര്‍ട്ടിയില്‍ ഇതുപോലുള്ള എത്ര പേരുണ്ടെന്ന് അന്വേഷിക്കാന്‍ പറ. എം.എല്‍.എ സ്ഥാനം ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസിന് ആവശ്യപ്പെടാനാകില്ല. അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയിലില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും.
ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വ്യക്തിപരമായി വേട്ടയാടപ്പെട്ട ആളാണ് ഞാന്‍. അപ്പോഴൊന്നും കുലുങ്ങിയില്ല. ചെയ്യാനുള്ള കാര്യം നേരത്തെ തന്നെ എന്റെ പാര്‍ട്ടി ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ഞാന്‍ ഒറ്റയ്ക്ക് എടുത്തതല്ല. എല്ലാം പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടത്തില്‍ നിര്‍ത്താന്‍ കൊള്ളാത്തവനെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസില്‍ പെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉചിതമായ നടപടി എടുത്തിട്ടുണ്ടെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇനി കോണ്‍ഗ്രസ് മറുപടി പറയേണ്ട കാര്യമില്ലെന്നും രാഹുലിന്റേത് ഇപ്പോള്‍ വ്യക്തിപരമായ വിഷയം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
അതേസമയം, രാഹുലിന് അല്‍പ്പം എങ്കിലും നാണമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസ് പ്രതികരിച്ചു. ഇതിന് മുന്‍പേ രാജിവയ്‌ക്കേണ്ടതായിരുന്നു. ഇപ്പോഴും സ്ത്രീകള്‍ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്. മത്സരിക്കാന്‍ കോണ്‍ഗ്രസ് ഇനി സീറ്റ് നല്‍കുമെന്ന് കരുതുന്നില്ല. ഇനിയും ഇരകള്‍ ഉണ്ട്, അത് പുറത്തുവരുമെന്നാണ് കരുതുന്നതെന്നും എം.എ. ഷഹനാസ് പറഞ്ഞു.
