എസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെതിരെ ഒന്നും സംസാരിച്ചിട്ടില്ല; ഒരു സമുദായ നേതാക്കളെയും കാണില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് എന്റെ നിലപാട്; ആര്‍ക്ക് വേണമെങ്കിലും എന്നെ വിമര്‍ശിക്കാം; കഴമ്പുണ്ടെങ്കില്‍ തിരുത്തും; സുകുമരന്‍ നായരുടെ 'തിണ്ണനിരങ്ങി' പരാമര്‍ശത്തിന് മറുപടിയുമായി വി ഡി സതീശന്‍
എസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെതിരെ ഒന്നും സംസാരിച്ചിട്ടി
കൊച്ചി: 'സമുദായങ്ങളുടെ തിണ്ണനിരങ്ങി' പരാമര്‍ശം ഓര്‍മ്മപ്പെടുത്തി തന്നെ വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായ നേതാക്കളെയും കാണില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയത പറയരുതെന്ന് മാത്രമാണ് എന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇരു സമുദായ സംഘടനകള്‍ക്കുമെതിരെ താന്‍ സംസാരിച്ചിട്ടില്ല. വര്‍ഗീയത പറയരുതെന്ന് പറയുക മാത്രമേ ചെയ്തിട്ടുള്ളു എന്നും വി.ഡി. സതീശന്‍ പറഞ്ഞു. സമുദായങ്ങള്‍ തമ്മില്‍ ശത്രുത പാടില്ല. സമൂഹത്തില്‍ ഭിന്നത ഉണ്ടാകരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വര്‍ഗീയ പറയരുതെന്നതാണ് തന്റെ നിലപാട്. അതുകൊണ്ടാണ് തനിക്കെതിരെ സംസാരിക്കുന്നത് എന്നും സതീശന്‍ പറഞ്ഞു. വ്യക്തിപരമായി എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാകണം എന്നില്ല. വ്യക്തിപരമായ അഭിപ്രായ വ്യത്യസങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
പെരുന്നയില്‍ താന്‍ പലതവണ പോയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആകുന്നതിന് മുന്‍പും അതിന് ശേഷവും പെരുന്നയില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട്. കെ.സി വേണുഗോപാലിനൊപ്പം സുകുമാരന്‍ നായരെ കണ്ടിട്ടുണ്ട്. അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോള്‍ ആശുപത്രിയില്‍ പോയും കണ്ടിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണുന്ന ആളാണ്. എല്ലാവരെയും കാണും. ഇന്നലെയും കുമ്പനാട്ടെ പൊന്തക്കോസ്ത് സമ്മേളത്തില്‍ പങ്കെടുത്തു. ചെറുകോല്‍പ്പുഴ ഹിന്ദുസമ്മേളനത്തിലേക്ക് വിളിച്ചിട്ടുണ്ട്.
കാന്തപുരത്തിന്റെ കേരള യാത്രയിലും ജിഫ്രി തങ്ങളുടെ യാത്രയിലും പങ്കെടുത്തു. ദലിത് സംഘടനകളെല്ലാം ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും. ഇരിക്കുന്ന സ്ഥാനം പരിഗണിച്ചാണ് എല്ലാവരും ക്ഷണിക്കുന്നത്. അവിടെയൊക്കെ പോകാറുമുണ്ട്. രാഷ്ട്രീയ നേതൃത്വം സമുദായ നേതാക്കളെ കാണാറും ആശയവിനിമയം നടത്താറുണ്ട്. ഒരു സമുദായ നേതാക്കളെയും കാണില്ലെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. വര്‍ഗീയതയ്ക്ക് എതിരെ സംസാരിക്കുന്നതും സമുദായ നേതാക്കളെ കാണുന്നതും രണ്ടാണ്.
എല്ലാ സമുദായ നേതാക്കളെയും കാണുന്നയാളാണ് താന്‍. ഒരു സമുദായ നേതാവിനെയും കാണില്ല എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. കേരളത്തിലെ സമുദായ നേതാക്കള്‍ എല്ലാം വര്‍ഗീയ നേതാക്കളാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സമുദായ നേതാക്കളെ കാണുന്നതും വര്‍ഗീയതയ്ക്കെതിരെ പറയുന്നതും തമ്മില്‍ ബന്ധമില്ല. താന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല. സിനഡില്‍ പോയതിന് എന്താണ് കുഴപ്പം? ഞാന്‍ അവരുമായി സംസാരിച്ചു. ഞാന്‍ പെരുന്നയിലും പോയിട്ടുണ്ട്. കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സുകുമാരന്‍ നായര്‍ക്കുണ്ട്. അവരൊക്കെ പ്രായമായ ആളുകളാണ്. ഞാന്‍ ആര്‍ക്കെതിരെയും മോശമായി പറയില്ല. സുകുമാരന്‍ നായരും എനിക്കെതിരെ മോശമായ ഒരു വാക്കും ഉപയോഗിച്ചിട്ടില്ല. കേരളത്തിലെ പ്രതിപക്ഷ നേതാവിന് ഭ്രാന്താണെന്നു വരെ ചിലര്‍ പറഞ്ഞു. കേരളം കണ്ട ലോക പന്നയാണെന്നു വരെ പറഞ്ഞു.
ഒരു പ്രതിപക്ഷ നേതാവും കേള്‍ക്കാത്ത ആക്ഷേപം കേട്ടു. എന്നിട്ടും ഞാന്‍ അതിനോട് പ്രതികരിച്ചില്ല. വര്‍ഗീയത ആര് പറഞ്ഞാലും എതിര്‍ക്കും. അത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ്. എന്നെ ഏത് ഭാഷയിലും വിമര്‍ശിക്കാം. ഈ ഭാഷയൊക്കെ കേട്ട് ഇപ്പോള്‍ എനിക്ക് ശീലമായി. പക്ഷെ കേരളം ഉണ്ടെന്നത് ഓര്‍ക്കണം. കേരളത്തിലെ ജനങ്ങളെ എനിക്ക് വിശ്വാസമാണ്. ജനങ്ങള്‍ ഇതെല്ലാം നേക്കിക്കാണുന്നുണ്ട്. അതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടിയത്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്തും. രാഷ്ട്രീയ നേതാക്കള്‍ ഇരുമ്പ് ഉലക്കയുമായല്ല എല്ലാ ദിവസവും വീട്ടില്‍ നിന്നും ഇറങ്ങുന്നത്.
ഞാന്‍ നിസാരക്കാരനല്ലെന്ന് മാധ്യമങ്ങള്‍ക്കെങ്കിലും മനസിലായല്ലോ. വിമര്‍ശനങ്ങളെ ആസ്വദിക്കുന്നുണ്ട്. വ്യക്തിപരമായി തെറ്റുണ്ടെങ്കില്‍ അത് തിരുത്തും. വര്‍ഗീയതയ്ക്ക് എതിരാണ് കോണ്‍ഗ്രസ്. അതേ നിലപാടാണ് ഞാനും പറയുന്നത്. ലീഗിനും കോണ്‍ഗ്രസിനും ഒരേ നിലപാടാണ്. ലീഗിനെ വലിച്ചിഴയ്ക്കുന്നതിലൂടെ നേരിട്ടല്ലാതെ വര്‍ഗീയത പറയാന്‍ ശ്രമിക്കുകയാണ്. സി.പി.എമ്മും കുറേക്കാലം ലീഗിന് പിന്നാലെ നടന്നതല്ലേ. വര്‍ഗീയ പാര്‍ട്ടിയല്ലെന്നും പറഞ്ഞിട്ടില്ലേ. കിട്ടാത്ത മുന്തിരി പുളിക്കും എന്നതു പോലെ നിലപാട് മാറ്റി. ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. മതേതര കേരളമാണ് യു.ഡി.എഫിനൊപ്പമുള്ളത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇത് മതേതര കേരളമാണെന്ന് ജനങ്ങള്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കും സതീശന്‍ വ്യക്തമാക്കി.
