എന്റെ നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്; പീഡന ആരോപണങ്ങളില്‍ പെട്ട 2 പേര്‍ മന്ത്രിസഭയില്‍; പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തു എന്ന് വി ഡി സതീശന്‍; ബോംബല്ല, ഞെട്ടിക്കുന്ന വാര്‍ത്ത വരുമെന്നും പ്രതിപക്ഷ നേതാവ്
പിണറായി വിജയന് മറുപടിയുമായി വി.ഡി. സതീശന്‍
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. രാഹുലിനെതിരെ പരാതിയില്ല, എഫ്‌ഐആറില്ല- എന്നിട്ടും ധാര്‍മികതയുടെ പേരില്‍ ഞങ്ങള്‍ രാഹുലിനെതിരെ നടപടി എടുത്തു. ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട 2 പേര്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തുവെന്നും വിഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍:
'അദ്ദേഹത്തിന്റെ പ്രത്യേക ഉപദേശത്തിന് നന്ദി. എന്നാല്‍ മുഖ്യമന്ത്രി ഇന്ന് പറഞ്ഞതുപോലെ പരാതിയോ കേസോ ഇല്ലെങ്കിലും ധാര്‍മികതയുടെയും സ്ത്രീത്വത്തോടുള്ള ബഹുമാനത്തിന്റെ പേരിലും രാഹുലിനെതിരെ ഞങ്ങള്‍ നടപടിയെടുത്തു. പാര്‍ട്ടിക്കെടുക്കാവുന്ന ഏറ്റവും വലിയ നടപടിയെടുത്ത് മാറ്റിനിര്‍ത്തി'
'എന്റെ നേരെ വിരല്‍ചൂണ്ടിയ മുഖ്യമന്ത്രിയോട് പറയാനുള്ളത്, ബാക്കി നാല് വിരലുകളും അദ്ദേഹത്തിന്റെ നേരെയാണ് ചൂണ്ടിയിരിക്കുന്നത് എന്നാണ്. മുഖ്യമന്ത്രി ആരെയൊക്കെയാണ് സംരക്ഷിച്ചിരിക്കുന്നത്. ലൈംഗിക അപവാദക്കേസില്‍പ്പെട്ട രണ്ടുപേര്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ട്. സിപിഎമ്മിലെ ഏറ്റവും സീനിയര്‍ നേതാവ്, പരാതി ഉന്നയിച്ച കേസിലെ പ്രതിയാകേണ്ടയാള്‍, പരാതി പൊലീസിന് കൊടുക്കാതെ പാര്‍ട്ടി കോടതിയാക്കി മാറ്റുകയും ആളെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഒപ്പം നിര്‍ത്തുകയും ചെയ്തു. പരാതി കൊടുത്തതിന്റെ പേരില്‍ ആ നേതാവിനെ മുഖ്യമന്തി മാറ്റിനിര്‍ത്തി. നിയമസഭയിലെ ഒരു എംഎല്‍എ ബലാത്സംഗ കേസ് പ്രതിയാണ്. അദ്ദേഹത്തിനെതിരെ ഒരു നടപടിയും എടുത്തില്ല. അതിനും മുഖ്യമന്ത്രി സംരക്ഷണം നല്‍കുന്നു.'
'ഒരു അവതാരം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരുടെ കൂടെയായിരുന്നു. ആ അവതാരം എത്ര സിപിഎം നേതാക്കള്‍ക്ക് എതിരായി ആരോപണം ഉന്നയിച്ചു. അവര്‍ക്കെതിരെ ഒരു കേസ് എടുത്തോ? ഒരു മുന്‍മന്ത്രിയുടെ വാട്സാപ്പ് സന്ദേശം വര്‍ഷങ്ങളോളം കറങ്ങുകയാണ്. ഇതില്‍ നടപടിയെടുത്തോ? ഈ ഏര്‍പ്പാട് മുഴുവന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. എന്നിട്ടും പരാതിയോ എഫ്‌ഐആറോ ഇല്ലാത്ത കേസില്‍ ധാര്‍മികതയുടെ പേരില്‍ ഞങ്ങള്‍ നടപടിയെടുത്തു. ലൈംഗിക അപവാദക്കേസുകളില്‍പ്പെട്ട സഹപ്രവര്‍ത്തകരെ നേതാക്കന്മാരെയും ഇതുപോലെ സംരക്ഷിച്ച ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ വേറെയില്ല. മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, കണ്ണാടിയില്‍ നോക്കണം'- വി ഡി സതീശന്‍ ആരോപിച്ചു.'
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചത്. പൊതു അഭിപ്രായം രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ്. എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് കാണേണ്ടത്. ഒന്നിലധികം സംഭവങ്ങള്‍ പുറത്തുവന്നു. ഇത്രത്തോളം പോയത് കണ്ടിട്ടില്ല. ഗര്‍ഭിണിയെ കൊല്ലാന്‍ സമയം വേണ്ട എന്നുപോലും പറയുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമുണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാഹുലിനെ വി.ഡി.സതീശന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സതീശന്റെ ബോംബ് വരട്ടെ, കാണാമെന്നും മുഖ്യമന്ത്രി. മാധ്യമങ്ങള്‍ നല്ലരീതിയിലാണ് ഇടപെട്ടതെന്നും നിയമപരമായി ചെയ്യാനാവുന്നത് പൊലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരാതി നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കും. ജീവന് ഭീഷണിയുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും വ്യക്തമാക്കി.